Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാധാനം കൈവരാതെ മിഡിൽ ഈസ്‌റ്റ്‌; ഇറാൻ-ഇസ്രായേൽ നേർക്കുനേർ, നിലമ്പൂരിൽ ഇന്ന് നിശബ്‌ദ പ്രചാരണം

മിഡിൽ ഈസ്‌റ്റിൽ ഇനിയും സമാധാനം അകലെയെന്ന് ഉറപ്പിച്ചുകൊണ്ട് ഇറാനും ഇസ്രായേലും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായി തുടരുകയാണ്. സൈനിക കേന്ദ്രങ്ങളും മറ്റും വിട്ടുകൊണ്ട് ഇപ്പോൾ സിവിലിയൻ മേഖലകളിൽ ഉൾപ്പെടെയാണ് ആക്രമണം നടക്കുന്നത്. ഏറ്റവും ഒടുവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് കീഴടങ്ങാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ നേതാവ് ആയത്തുള്ള ഖമേനിയുടെ ഒളിയിടം അറിയാമെന്നാണ് ട്രംപ് പറയുന്നത്.

കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണം ഇന്നലെ വൈകീട്ടോടെ അവസാനിച്ചിരുന്നു. ഇന്ന് നിശബ്‌ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. എൽഡിഎഫ്-യുഡിഎഫ് ക്യാമ്പുകൾ പ്രതീക്ഷയിലാണ്. ജയമുറപ്പെന്ന് പിവി അൻവറും പറയുന്നു. നാളെയാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

livenewsmalayalam

അതിനിടെ കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. വടക്കൻ കേരളത്തിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് പെയ്‌തത്‌. ഇന്നും മഴ തുടരാനാണ് സാധ്യത. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പ്രധാനവാർത്തകൾ അറിയാം.

Jun 18, 2025, 6:46 pm IST

ആര്‍എസ്എസിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ആര്‍എസ്എസിനെ ഒരിക്കല്‍ പോലും സിപിഎം പ്രീണിപ്പിച്ചിട്ടെന്നും വണങ്ങി നിന്നിട്ടില്ലെന്നും പിണറായി വിജയന്‍. 215 സഖാക്കളെ കൊന്ന് തള്ളിയവരാണ് ആര്‍എസ്എസുകാര്‍. ആര്‍എസ്എസുമായി യോജിക്കാവുന്ന ഒരു മേഖലയും ഞങ്ങള്‍ക്കില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് പറഞ്ഞ ആളാണ് മുന്‍ കെപിസിസി പ്രസിഡന്റ് എന്ന് ഓര്‍മിപ്പിച്ച പിണറായി, ആര്‍എസ്എസ് പരാമര്‍ശം എംവി ഗോവിന്ദന്‍ വിശദീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. അതേസമയം അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി ഒരു തരത്തിലും സിപിഎം സഹകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറിയെ തിരുത്തുകയും ചെയ്തു. സ്വന്തം നിലയ്ക്കാണ് അടിയന്തരാവസ്ഥക്ക് എതിരെ സിപിഎം പോരാടിയതെന്ന് പിണറായി വിശദീകരിച്ചു.
Jun 18, 2025, 6:42 pm IST

ഭാരതാംബ വിവാദം; കൃഷി മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി

ഭാരതാംബ വിവാദത്തില്‍ കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കിയത് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവന്‍ രാഷ്ട്രീയ പ്രചാരണ വേദിയാക്കാന്‍ പാടില്ല. രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് തരം താഴ്ത്തരുത്. ഭരണഘടനയോട് അസഹിഷ്ണുതയുള്ളവരാണ് ആര്‍എസ്എസുകാരെന്ന് വിമര്‍ശിച്ച പിണറായി വിജയന്‍ ഭരണഘടനയോടുള്ള വെല്ലുവിളി അംഗീകരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Jun 18, 2025, 6:28 pm IST

ഇസ്രയേല്‍ ആക്രമണം; ഇന്ത്യ പ്രതിഷേധിക്കണം

ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇന്ത്യ പ്രതിഷേധിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും പിണറായി.
Jun 18, 2025, 6:27 pm IST

ഇറാനില്‍ നിന്ന് ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നു

ഇറാനില്‍ നിന്ന് ഇന്ത്യാക്കാരെ ഒഴിപ്പിച്ച് തുടങ്ങി. 110 പേരുമായി ആദ്യ വിമാനം പുലര്‍ച്ചെ എത്തുമെന്ന് വിവരം. കൂടുതല്‍ പേരും ജമ്മു കശ്മീര്‍ സ്വദേശികളാണ്. മലയാളികള്‍ ഇല്ലെന്നാണ് വിവരം. മടങ്ങിയെത്തുന്നവര്‍ക്ക് വേണ്ട സൗകര്യം ഏര്‍പ്പാടാക്കുമെന്ന് മുഖ്യമന്ത്രി.
Jun 18, 2025, 6:25 pm IST

ഫോണ്‍ സംഭാഷണം; മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഫോണ്‍ സംഭാഷണം സര്‍ക്കാരിന്റെ നയതന്ത്ര വിജയമായി അവകാശപ്പെടുന്ന സമയത്താണ് പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ വൈറ്റ് ഹൗസില്‍ ട്രംപിനൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇത് ഇന്ത്യയ്‌ക്കേറ്റ ഷോക്കാണ്. ട്രംപുമായുള്ള സംഭാഷണത്തില്‍ മോദി ഈ വിഷയം ഉന്നയിച്ചിരുന്നോ എന്നും ജയറാം രമേശ് ചോദിച്ചു
Jun 18, 2025, 6:13 pm IST

കീഴടങ്ങില്ലെന്ന് ട്രംപിനോട് ഇറാന്‍ പരമോന്നത നേതാവ്

കീഴടങ്ങില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയുടെ മറുപടി. അമേരിക്കയുടെ സൈനിക ഇടപെടല്‍ ഉണ്ടായാല്‍ ശക്തവും അപരിഹാര്യവുമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ ഭീഷണികളെ ഭയക്കുന്നവരല്ലെന്നും ഖമനേയ് എക്‌സില്‍ കുറിച്ചു. എന്തിനോടാണ് എന്തിനാണ് ഇറാന്‍ കീഴടങ്ങുന്നതെന്നും ഖമനേയ് ചോദിച്ചു. വിവേകം ഉള്ളവര്‍ ഭീഷണിയുടെ സ്വരത്തില്‍ ഇറാനോട് സംസാരിക്കാറില്ലെന്നും ഖമനേയ് ഓര്‍മിപ്പിച്ചു. ഇസ്രയേല്‍ ദുര്‍ബലമായത് കൊണ്ടാണ് അമേരിക്ക ഒപ്പം ചേരുന്നതെന്നും അയത്തൊള്ള ഖമനേയ് കൂട്ടിച്ചേര്‍ത്തു.
Jun 18, 2025, 5:16 pm IST

ദിയ കൃഷ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂണ്‍ 25 ലേക്ക് മാറ്റി

നടന്‍ കൃഷ്ണകുമാറും മകള്‍ ദിയാ കൃഷ്ണയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂണ്‍ 25 ലേക്ക് മാറ്റി. തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇപ്പോള്‍ അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ച് ആണെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്നും പോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു കേസ് മാറ്റിയത്.
Jun 18, 2025, 4:09 pm IST

അഖില്‍ പി. ധര്‍മജന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

സാഹിത്യകാരന്‍ അഖില്‍ പി. ധര്‍മജന്‍ എഴുതിയ നോവല്‍ 'റാം ര/ീ ആനന്ദി'ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം. വിവിധ ഭാഷകളില്‍ നിന്നുള്ള 23 കൃതികള്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സമീപകാലത്ത് വായനക്കാര്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ചയായ നോവലാണ് 'റാം ര/ീ ആനന്ദി'.
Jun 18, 2025, 3:21 pm IST

മില്‍നയുടെ വ്യാജന്‍ മില്‍ന; ഒരു കോടി രൂപ പിഴയിട്ട് കോടതി

മില്‍മയുടെ പേരും ഡിസൈനും അനുകരിച്ച് പാലുല്‍പന്നങ്ങള്‍ വിറ്റഴിച്ച സ്വകാര്യ ഡയറി കമ്പനിക്ക് ഒരു കോടി രൂപ പിഴയിട്ട് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയുടേതാണ് വിധി. പിഴത്തുകയുടെ ആറു ശതമാനം പലിശയായി അടയ്ക്കണം. മില്‍ന എന്ന കമ്പനിയാണ് മില്‍മയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള ലോഗോയും പാക്കറ്റും അനുകരിച്ച് വിപണിയില്‍ പാലിന്റെ പാക്കറ്റുകളും മറ്റ് ഉല്‍പന്നങ്ങളും എത്തിച്ചത്. മില്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.
Jun 18, 2025, 3:09 pm IST

പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം: ഹൈക്കോടതി

പെട്രോള്‍ പമ്പിലെ ശുചിമുറി പമ്പിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതാണെന്ന് ഹൈക്കോടതി. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
Jun 18, 2025, 2:42 pm IST

യുഎസിലേക്കുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

അമേരിക്ക സന്ദര്‍ശിക്കാനുള്ള ക്ഷണം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഫോണിലൂടെ മോദിയെ ക്ഷണിച്ചത്. ജി7 ഉച്ചകോടിക്കായി കാനഡയിലെത്തിയ മോദിയോട് അവിടുത്തെ പരിപാടിക്കു ശേഷം യുഎസിലേക്കു വരാനായിരുന്നു ട്രംപിന്റെ ക്ഷണം. എന്നാല്‍ ക്ഷണം നിരസിച്ച മോദി ക്രൊയേഷ്യയ്ക്കു തിരിച്ചു. കാനഡയില്‍ നിന്ന് ക്രൊയേഷ്യയിലേക്കുള്ള യാത്ര നേരത്തേ നിശ്ചയിച്ചതിനാലാണ് മോദി ക്ഷണം നിരസിച്ചത്. ക്വാഡ് രാജ്യങ്ങളുടെ അടുത്ത യോഗത്തില്‍ പങ്കെടുക്കാനായി മോദി ട്രംപിനെ ഇന്ത്യയിലേക്കു ക്ഷണിച്ചു
Jun 18, 2025, 2:29 pm IST

ഫാസ്‌ടാഗിൽ നിർണായക പ്രഖ്യാപനവുമായി ഗഡ്‌കരി

ദേശീയപാതകളിലെ ടോള്‍ പിരിവിന് ഫാസ്‌ടാഗ് അധിഷ്‌ഠിത വാര്‍ഷിക പാസ് സംവിധാനം പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിതിന്‍ ഗഡ്‌കരി. 3000 രൂപ അടച്ച് ഒരു വര്‍ഷത്തെ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന പദ്ധതി കൊണ്ട് വരുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇത് 2025 ഓഗസ്‌റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരും.
Jun 18, 2025, 2:02 pm IST

തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ വലിയ വില നൽകേണ്ടി വരും; മോദി

ഭീകരതയ്‌ക്കെതിരായ ആഗോള നടപടി ശക്തിപ്പെടുത്തണമെന്ന് ജി 7 നേതാക്കളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും അഭിവൃദ്ധിക്കും, നമ്മുടെ ചിന്തയും നയവും വ്യക്തമായിരിക്കണം- ഏതെങ്കിലും രാജ്യം തീവ്രവാദത്തെ പിന്തുണയ്ക്കുകയാണെങ്കിൽ, അതിന് അവർ വലിയ വില നൽകേണ്ടിവരും; മോദി തന്റെ അഭിസംബോധനയിൽ പറഞ്ഞു.
Jun 18, 2025, 1:29 pm IST

ഡോ. കെഎം എബ്രഹാമിനെതിരെ ആഞ്ഞടിച്ച് എൻ പ്രശാന്ത്

മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. കെഎം എബ്രഹാമിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്ത്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയും ഫേസ്ബുക്കിലൂടെയും ക്യാമ്പയിന്‍ അഴിച്ച് വിടുന്നത് സുപ്രീം കോടതിയോടുള്ള അനാദരവും കോടതിയലക്ഷ്യവുമല്ലേയെന്നായിരുന്നു പ്രശാന്തിന്റെ ചോദ്യം.
Jun 18, 2025, 1:03 pm IST

യുദ്ധം ആരംഭിക്കുന്നുവെന്ന് ആയത്തുള്ള ഖമേനി

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ യുദ്ധകാഹളം മുഴക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. 'യുദ്ധം ആരംഭിക്കുന്നു' എന്നായിരുന്നു ആയത്തുള്ള അലി ഖമേനി സാമൂഹികമാധ്യമത്തിൽ കുറിച്ചത്. ഭീകരരായ സയണിസ്‌റ്റ് സമൂഹത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Jun 18, 2025, 12:38 pm IST

ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം; 59 പേർ കൊല്ലപ്പെട്ടു

ഗാസയിൽ ട്രക്കുകളിൽ നിന്ന് സഹായം സ്വീകരിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തിലേക്ക് ഇസ്രായേലി ടാങ്കുകൾ വെടിയുതിർത്ത സംഭവത്തിൽ കുറഞ്ഞത് 59 പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ഗാസയിലെ തെരുവുകളിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും രക്തരൂക്ഷിതമായ സംഭവങ്ങളിലൊന്നാണിത്. അതും മറുവശത്ത് ഇറാനെതിരെ ആക്രമണം കടുപ്പിക്കുന്നതിന് പിന്നാലെയാണ് ഈ നടപടി.
Jun 18, 2025, 12:31 pm IST

എത്ര കാപട്യം ആണ് സിപിഎമ്മിന്; വിഡി സതീശൻ

പ്രണയാർദ്രമായ ഓർമപ്പെടുത്തലാണ് എംവി ഗോവിന്ദന്‍ നടത്തിയതെന്ന് വിഡി സതീശൻ. ജനത പാർട്ടിയുമായി മാത്രമല്ല ബിജെപിയുമായും സിപിഎം കൂട്ട് കൂടിയിരുന്നുവെന്നും ഇടത് കയ്യിൽ പിഡിപി, വലത് ഭാഗത് പേരൂർക്കടയിലെ സ്വാമിയുമാണ്. എത്ര കാപട്യം ആണ് സിപിഎമ്മിനെന്നും സതീശൻ പരിഹസിച്ചു.
Jun 18, 2025, 11:48 am IST

പരാമർശം വളച്ചൊടിച്ചു, സഹകരിച്ചത് ജനത പാർട്ടിയുമായി; എംവി ഗോവിന്ദൻ

ഇടതുപക്ഷം അടിയന്തരാവസ്ഥകാലത്ത് ആര്‍എസ്എസുമായി സഹകരിച്ചെന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി എംവി ഗോവിന്ദന്‍. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Jun 18, 2025, 10:56 am IST

നിലമ്പൂരിൽ ബിജെപി സിപിഎമ്മുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്; അടൂർ പ്രകാശ്

എംവി ഗോവിന്ദന്റെ ആർഎസ്എസ് പരാമർശത്തിൽ പ്രതികരിച്ച് അടൂർ പ്രകാശ്. പഴയ കാര്യങ്ങളാണ് പുറത്തു വരുന്നത്. നിലമ്പൂരിലും സിപിഎം, ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എംവി ഗോവിന്ദൻ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ജനം വിലയിരുത്തട്ടെ. അദ്ദേഹം തുറന്നു പറഞ്ഞതിൽ നന്ദിയുണ്ട്. തിരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
Jun 18, 2025, 10:31 am IST

ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റി; പുതിയ തീയതി ജൂൺ 22

ഇന്ത്യന്‍ ബഹിരാകാശ യാത്രകന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം 4 ബഹിരാകാശ ദൗത്യം വീണ്ടും മാറ്റിവച്ചു. ജൂണ്‍ 19 ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ജൂണ്‍ 22ലേക്കാണ് മാറ്റിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്‌സിയം-4. ഇസ്രോ, നാസ, ആക്‌സിയം സ്പേസ്, സ്പേസ് എക്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ആക്‌സിയം മിഷന്‍ 4 ഒരുക്കിയിരിക്കുന്നത്.
Jun 18, 2025, 10:05 am IST

നിലമ്പൂരിൽ 75000ൽ കുറയാതെ വോട്ട് പിടിക്കും; പിവി അൻവർ

മണ്ഡലത്തിൽ താൻ 75000ൽ കുറയാതെ വോട്ട് പിടിക്കുമെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്രസ്ഥാനാർത്ഥി പിവി അൻവർ. ആ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും എൽഡിഎഫിൽ നിന്ന് 35 മുതൽ 40 ശതമാനം വോട്ട് പിടിക്കുമെന്നും അൻവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ന് നിശബ്‌ദ പ്രചാരണ വേളയിലാണ് അൻവറിന്റെ അവകാശവാദം.
Jun 18, 2025, 9:30 am IST

പിതാവിന്റെ കൈയിൽ നിന്നും വീണ കുട്ടി മരിച്ചു

തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ 4 വയസുകാരന് ദാരുണാന്ത്യം. പനയറക്കല്‍ സ്വദേശികളായ രജിന്‍-ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്‌ടർമാർ അറിയിച്ചു.
Jun 18, 2025, 9:07 am IST

ആർഎസ്എസുമായി സഹകരിച്ചിട്ടില്ല, അത് ജനത പാർട്ടി; എം സ്വരാജ്

അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്‌താവനയിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഇടതുപക്ഷം അന്ന് ജനത പാര്‍ട്ടിയുമായാണ് സഹകരിച്ചതെന്നും ജനത പാര്‍ട്ടിക്ക് അന്ന് വര്‍ഗീയ നിലപാട് ഉണ്ടായിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു.
Jun 18, 2025, 8:36 am IST

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.4 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് വിവിധ തീര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലത്ത് ആലപ്പാട് മുതൽ ഇടവ വരെയും തീരപ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചവയിൽ ഉൾപ്പെടുന്നു.
Jun 18, 2025, 8:27 am IST

പാക് കരസേനാ മേധാവി അസിം മുനീറുമായി കൂടിക്കാഴ്‌ച നടത്താൻ ട്രംപ്

പാകിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇന്ന് വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം അടച്ചിട്ട മുറിയിൽ ഉച്ചഭക്ഷണം കഴിക്കും. സ്വകാര്യ ഉച്ചഭക്ഷണ വിരുന്ന് കാബിനറ്റ് റൂമിൽ നടക്കും എന്നാണ് അറിയിച്ചിരിക്കുന്നത്, ഇവിടേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
Jun 18, 2025, 7:55 am IST

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ചടങ്ങുകൾ നടക്കുന്നത്. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് ഞായറാഴ്‌ച പ്രസിദ്ധീകരിച്ചിരുന്നു. ഏകദേശം 3,40,000 വിദ്യാർത്ഥികൾക്ക് ഇന്ന് വിവിധ സ്‌കൂളുകളിൽ പ്ലസ് വൺ ക്ലാസുകളിൽ ഇരിക്കും.
Jun 18, 2025, 7:48 am IST

ജറുസലമിലെ യുഎസ് എംബസി താൽക്കാലികമായി അടച്ചു

സുരക്ഷ കണക്കിലെടുത്ത് താൽക്കാലികമായി യുഎസ് എംബസി അടച്ചു. ‘സുരക്ഷ സാഹചര്യവും ഇസ്രയേൽ ഹോം ഫ്രണ്ട് കമാൻഡിന്റെ മാർഗനിർദേശങ്ങളും കണക്കിലെടുത്ത്, ജറുസലമിലെ യുഎസ് എംബസി വെള്ളിയാഴ്‌ച വരെ അടച്ചിടും. ഇതിൽ ജറുസലമിലെയും ടെൽ അവീവിലെയും കോൺസുലാർ വിഭാഗങ്ങളും ഉൾപ്പെടുന്നുവെന്നാണ് യുഎസ് വൃത്തങ്ങൾ അറിയിച്ചത്.
Jun 18, 2025, 7:32 am IST

ആശാ വർക്കർമാരുടെ രാപകൽ സമരയാത്ര ഇന്ന് അവസാനിക്കും

തിരുവനന്തപുരത്ത് 129 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ വേതന വർധന ആവശ്യപ്പെട്ട് സമരം നടത്തുന്ന ആശാ വർക്കർമാരുടെ രാപകൽ സമരയാത്ര ഇന്ന് മഹാ റാലിയോടെ സമാപിക്കും. കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ ആശാ സമരസമിതി നേതാവ് എംഎ ബിന്ദു നയിച്ച യാത്രയാണ് ഇന്ന് സമാപിക്കുന്നത്.
Jun 18, 2025, 7:01 am IST

കുട്ടനാട്ടിൽ ഇന്ന് സ്‌കൂളുകൾക്ക് അവധി

കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Jun 18, 2025, 6:43 am IST

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും

കേരളത്തിൽ കാലവർഷം ശക്തമായി തന്നെ തുടരും. എങ്കിലും ഇന്ന് റെഡ് അലർട്ട് ഇതുവരെ ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+