നിലമ്പൂരിൽ അൻവർ ഘടകമായി, സിപിഎം വോട്ടുകൾ പിടിച്ചു; എംവി ഗോവിന്ദൻ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവർ ഘടകമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിലമ്പൂരിലെ സിപിഎം വോട്ടുകള്‍ അന്‍വര്‍ പിടിച്ചുവെന്നും സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തം നേട്ടമായി അൻവർ അവതരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് പ്രതികരണം.
അതേസമയം കേരളത്തിൽ ഇന്നും കനത്ത മഴയാണ് പെയ്തത്. നാളേയും മഴ തുടരുമെന്നാണ് പ്രവചനം. ഇന്നത്തെ മറ്റ് പ്രധാന വാർത്തകളും വിശദമായി അറിയാം

മുലപ്പെരിയാർ ഡാം തുറന്നേക്കും; 3,220 പേരെ മാറ്റി പാർപ്പിക്കും
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിയായാൽ ഡാം തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ്. പെരിയാർ, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്ന് കളക്ടർ അറിയിച്ചു.
വ്യോമപ്രതിരോധ സംവിധാനങ്ങളെ കുറിച്ച് പഠിക്കണം; സൈനിക സംഘത്തെ യുകെയിലേക്ക് അയച്ച് ബംഗ്ലാദേശ്
ഇന്ത്യയുമായുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പഠിക്കാൻ ബംഗ്ലാദേശ്. ഇതിനായി മുതിർന്ന സൈനികരടങ്ങുന്ന സംഘത്തെ ബംഗ്ലാദേശ് യുകെയിലേക്ക് അയച്ചു. ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് നീക്കം.
'ജാനകി' മാറ്റണം; ഹൈക്കോടതിയിലും സെൻസർബോർഡ്
‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റാതെ സിനിമക്ക് പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയിൽ.ജാനകി എന്ന പേര് മത, ജാതി, വംശം എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും സെൻസർ ബോർഡ് കോടതിയിൽ പറഞ്ഞു.
ഹൊസബാളെയുടേത് ഇന്ത്യൻ റിപബ്ലിക്കിനോടുള്ള വെല്ലുവിളി; മുഖ്യമന്ത്രി
ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി.അടിയന്തരാവസ്ഥക്കെതിരെയുള്ള വിമർശനമെന്ന വ്യാജേനെ ഭരണഘടനയുടെ ആമുഖത്തിൽ കൈവെക്കാൻ ആവശ്യപ്പെടുന്നത് സംഘപരിവാർ അജണ്ടയുടെ ഒളിച്ചു കടത്തലാണ്. ഇത് അംഗീകരിക്കാൻ മതനിരപേക്ഷ സമൂഹത്തിനു കഴിയില്ല. ഇന്ത്യയെന്ന ആശയം രൂപപ്പെട്ടിരിക്കുന്നത് മനുസ്‌മൃതിയിൽ നിന്നല്ലെന്നും മറിച്ച് ഭരണഘടനയാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്നും ആർഎസ്എസ് ഓർക്കുന്നത് നല്ലതെന്നും മുഖ്യമന്ത്രി
പുതിയ മുന്നണി ഉണ്ടാക്കും
യുഡിഎഫ് പ്രവേശനത്തിനായി കാത്തുനില്‍ക്കില്ലെന്ന് പിവി അന്‍വർ. യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാൻ താനില്ല. വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജാനകിക്ക് എന്താണ് കുഴപ്പം?
സിനിമയുടെ പേരുമാറ്റ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും എന്തിനാണ് അത് മാറ്റുന്നതെന്നും ഹൈക്കോടതി ചോദിച്ചു. 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ചിത്രത്തിന്റെ പേരുമാറ്റവിവാദത്തില്‍ ആണ് ഹൈക്കോടതി ഇടപെടല്‍
യുഎന്‍ സഹായം വേണ്ടെന്ന് ഇന്ത്യ
അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തില്‍ നിര്‍ണായകമായ ബ്ലാക്ക് ബോക്സ് ഡാറ്റ വിശകലനം ചെയ്യുന്നതിലെ കാലതാമസം തുടരുന്നതിനിടെ അന്വേഷണത്തില്‍ സഹായിക്കാനുള്ള യുഎന്‍ വാഗ്ദാനം നിരസിച്ച് ഇന്ത്യ. അന്വേഷണത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ ഒരു യുഎന്‍ അന്വേഷകനെ അനുവദിക്കില്ലെന്ന് ഈ വിഷയവുമായി പരിചയമുള്ള രണ്ട് മുതിര്‍ന്ന വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് മന്ത്രി എംബി രാജേഷ്
മയക്കുമരുന്നിന് എതിരായ പോരാട്ടത്തിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിച്ച് മന്ത്രി എംബി രാജേഷ്. ചെന്നിത്തലയെ പ്രശംസിച്ചുകൊണ്ട് ഫേസ്ബുക്കിൽ മന്ത്രി കുറിപ്പ് പങ്കുവെച്ചു. മയക്കുമരുന്നിനെതിരായ യുദ്ധത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളം ഒറ്റക്കെട്ടായാണ് അണിനിരക്കുന്നതെന്നും ഈ യോജിപ്പിനെ ശക്തിപ്പെടുത്തുന്നതാണ് ചെന്നിത്തല നടത്തുന്ന ഇടപെടലെന്നും എംബി രാജേഷ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. നേരത്തെ ഇന്ന് 5 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് രണ്ടു ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യതയായ ഓറഞ്ച് അലർട്ട് ഉള്ളത്. എന്നാല്‍ നാളെ വീണ്ടും മഴ ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
കൊടകരയിലെ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവന്‍കുട്ടി
തൃശൂർ കൊടകരയില്‍ കെട്ടിടം ഇടിഞ്ഞ് ഉണ്ടായ അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ലേബര്‍ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ തൊഴില്‍ വകുപ്പ് നാട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
ദളിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ച കേസിൽ എതിർ കക്ഷികൾക്ക് എതിരെ കേസെടുക്കാൻ ഉത്തരവിട്ട് SC ST കമ്മീഷൻ. ബിന്ദുവിന് എതിരെ വ്യാജപരാതി നൽകിയ ഓമന ഡാനിയേൽ ഉൾപെടെയുള്ളവർക്ക് എതിരെ കേസെടുക്കാനാണ് ഉത്തരവ്. ബിന്ദു മോഷ്ടിച്ചെന്ന് പറഞ്ഞ മാല പിന്നീട് ഓമനയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. തെളിയിക്കപ്പെടാത്ത കേസിന്റെ പേരിൽ ബിന്ദുവിനെ നിയമവിരുദ്ധമായി മണിക്കൂറുകളോളം കസ്റ്റഡിയിൽ വെച്ചെന്ന് അസിസ്റ്റൻ്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇടതുമുന്നണിയിൽ ഹാപ്പി; ജോസ് കെ മാണി
ഇടതുമുന്നണിയിൽ ഹാപ്പിയാണെന്ന് ജോസ് കെ മാണി. മുന്നണി മാറ്റം എന്നത് അന്തരീക്ഷത്തിൽ വെറുതെ പറന്ന് നടക്കുന്ന വർത്തമാനം മാത്രം. ആരുമായും ചർച്ച നടത്തിയിട്ടില്ലെന്ന് വിശദീകരിച്ച ജോസ് കെ മാണി തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനം അനുസരിച്ച് സീറ്റുകൾ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.
ജെഎസ്കെ സിനിമയുടെ പേര് വിവാദത്തിൽ പ്രതിഷേധത്തിന് സിനിമാസംഘടനകൾ. തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ സമരം ചെയ്യാനാണ് തീരുമാനം. നിർമാതാക്കളുടെ സംഘടനയും താരസംഘടനയുടെ പ്രതിനിധികളും പങ്കെടുക്കും. കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് റിവൈസിങ് കമ്മിറ്റിയും ആവശ്യപ്പെട്ടെന്നും രണ്ട് സിനിമകൾ സമാനമായി പേര് മാറ്റിയെന്ന് കമ്മിറ്റി അറിയിച്ചെന്നും പ്രതിഷേധ തീരുമാനം അറിയിച്ച ഫെഫ്ക ഭാരവാഹികളായ സിബി മലയിലും ബി ഉണ്ണിക്കൃഷ്ണനും അറിയിച്ചു.
സ്ഥിരം വിസിമാർ ഇല്ലാത്തത് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി. 13ൽ 12സർവകലാശാലകളിലും വിസിമാർ ഇല്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചാൻസലറായ ഗവർണറെയും സർക്കാരിനെയും രൂക്ഷമായി കോടതി വിമർശിച്ചു. കേരള വിസിയുടെ അധികച്ചുമതല ഡോ. മോഹന്‍ കുന്നുമ്മലിന് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഈ ഹർജിയിലെ വിധിപകർപ്പിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിമർശനം. പ്രശ്നം പരിഹരിച്ച് നിയമനം ഉടൻ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.
ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഭരണഘടനയെ തന്നെ അംഗീകരിക്കാത്തവരാണ് ആർഎസ്എസുകാരെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി. മനുസ്മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടല്ല ഭരണഘടന തയ്യാറാക്കിയതെന്ന് ജയറാം രമേശ് ഓർമിപ്പിച്ചു. പുതിയ ഭരണഘടനക്കാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യലിസം, മതേതരത്വം തുടങ്ങിയ പദങ്ങൾ അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് സർക്കാർ കൂട്ടിച്ചേർത്തതാണെന്നും ഇവ ഒഴിവാക്കണമെന്നുമാണ് ഹൊസബാളെ ഒരു ചടങ്ങിൽ പറഞ്ഞത്. അടിയന്തരാവസ്ഥക്ക് കോൺഗ്രസ് മാപ്പു പറയണമെന്നും ഹൊസബാളെ ആവശ്യപ്പെട്ടിരുന്നു.
മതേതരത്വം വേണോ എന്ന ചോദ്യവുമായി ആർഎസ്എസ്നേതാവ്
ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്‌റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ എന്ന ചോദ്യവുമായി ആർഎസ്എസ് നേതാവ്. അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണിതെന്നും അംബേദ്ക്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ല എന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ ഒരു ചടങ്ങിനിനിടെ പറഞ്ഞു.
കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെ എത്തിയവർ ഫോട്ടോഗ്രാഫറെ മർദ്ദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായരാണ് പരാതിക്കാരൻ. ഫോട്ടോയെടുക്കുന്നത് തടയുകയും മർദിക്കുകയും ചെയ്തെന്നാണ് സജീവിന്റെ പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദ്ദിച്ചെന്നാണ് സജീവ് പറയുന്നത്. സജീവ് കേളകം പോലീസിൽ പരാതി നൽകി.
കെഎസ്ആടിർസിക്ക് 122 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി
കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ഈ മാസം 122 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് ജൂണിൽ അനുവദിച്ചിരിക്കുന്നത്. 388 കോടി രൂപ 3 മാസത്തിനുള്ളിൽ ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി അറിയിച്ചു.
കനത്ത മഴ; സംസ്ഥാനത്ത് വിവിധ ഡാമുകൾ തുറന്നു
ശക്തമായ മഴയെ തുടർന്ന് പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ ഡാം എന്നിവ തുറന്നു. വയനാട് ബാണാസുര ഡാമാണ് ആദ്യം തുറന്നത്. രാവിലെ പത്ത് പതിനഞ്ചോടെ സ്‌പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജല നിരപ്പ് നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായത്. 10.20ഓടെയാണ് മലമ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 111.19 മീറ്റർ ആയി ഉയര്‍ന്നിരുന്നു, ഇതോടെ തുറക്കേണ്ടി വന്നത്.
വിജയ് ബിജെപിയിലേക്ക് വരുമോ എന്നത് വൈകാതെ അറിയാം; അമിത് ഷാ
2026ൽ തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അധികാരം പങ്കിടില്ലെന്ന് എഐഎഡിഎംകെ ആവർത്തിക്കുമ്പോഴാണ് അമിത് ഷായുടെ നിർണായക വാക്കുകൾ. സഖ്യത്തെ എടപ്പാടി പളനിസ്വാമി തന്നെ നയിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. വിജയ് ബിജെപി സഖ്യത്തിലേക്ക് വരുമോയെന്ന ചോദ്യത്തിന് അൽപ്പം കൂടി കാത്തിരിക്കണമെന്നായിരുന്നു ഷായുടെ പ്രതികരണം.
അപകടകരമായ രീതിയിൽ ജലനിരപ്പ്; വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
ഓറഞ്ച് അലർട്ട്: എറണാകുളം മൂവാറ്റുപുഴ (തൊടുപുഴ സ്‌റ്റേഷൻ), തൃശൂർ ഭാരതപ്പുഴ (ചെരുതുരുത്തി സ്‌റ്റേഷൻ), മലപ്പുറം ഭാരതപ്പുഴ (തിരുവേഗപ്പുര സ്‌റ്റേഷൻ).
മഞ്ഞ അലർട്ട്: പത്തനംതിട്ട അച്ചൻകോവിൽ (കല്ലേലി, കോന്നി ജിഡി സ്‌റ്റേഷൻ) പമ്പ (മടമൺ), കോട്ടയം മണിമല (പുല്ലാകയർ സ്‌റ്റേഷൻ), ഇടുക്കി തൊടുപുഴ (മണക്കാട് സ്‌റ്റേഷൻ), എറണാകുളം : പെരിയാർ (കാലടി സ്‌റ്റേഷൻ, മർത്താണ്ഡവർമ സ്‌റ്റേഷൻ), മൂവാറ്റുപുഴ (കക്കടശ്ശേരി സ്‌റ്റേഷൻ), പാലക്കാട് ഭാരതപ്പുഴ (വണ്ടാഴി സ്‌റ്റേഷൻ), തൃശൂർ ചാലക്കുടി (വെറ്റിലപ്പാറ സ്‌റ്റേഷൻ), വയനാട് കബനി (ബാവേലി, കക്കവയൽ, മുത്തൻകര സ്‌റ്റേഷൻ).
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
അസുഖബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ പരിശോധന നടത്തും; മന്ത്രി കെ രാജൻ
സംസ്ഥാനത്ത് അതിഥിതൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്‌ടർമാരോട് പരിശോധന നടത്താൻ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രി കെ രാജൻ തൃശൂർ കൊടകരയിൽ കനത്ത മഴയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
തൃശൂരിൽ മൂന്ന് നില കെട്ടിടം ഇടിഞ്ഞുവീണ് 3 പേർക്ക് ദാരുണാന്ത്യം
തൃശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് അപകടത്തിൽ മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്.
READ MORE












Click it and Unblock the Notifications