Get Updates
Get notified of breaking news, exclusive insights, and must-see stories!

മാങ്കൂട്ടത്തിലിനെ തിരഞ്ഞ് പോലീസ്; രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍, ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ലൈംഗിക പീഡനക്കേസിനെ തുടർന്ന് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ടെത്താന്‍ തിരച്ചിൽ ഊർജിതമാക്കി പോലീസ്. രാഹുലിനായി എല്ലാ ജില്ലകളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിപ്പിച്ചു. എന്നാല്‍ കൂടിയാലോചന ഇല്ലാതെ സമരം അവസാനിപ്പിക്കുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇവര്‍ റിലേ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ സമരക്കാര്‍ രണ്ട് വിഭാഗമായി.

രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ യുവതിയുടെ പേരും ഫോട്ടോയും പരസ്യമാക്കി എന്ന് ആരോപിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. അറിയാം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

newsupdatestoday

Nov 30, 2025, 9:41 pm IST

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. അതിജീവിതയെ അധിക്ഷേപിച്ച പരാതിയിലാണ് അറസ്റ്റ്. വൈകീട്ട് ആരംഭിച്ച ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Nov 30, 2025, 8:50 pm IST

നാലു പേര്‍ക്കെതിരെ കേസെടുത്തു

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. രഞ്ജിത പുളിക്കന്‍, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മോശം കമന്റിട്ടവരെയും പ്രതികളാക്കും. താന്‍ ഇരയുടെ ഐഡിന്റിറ്റി വ്യക്തമാക്കുന്ന ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.
Nov 30, 2025, 7:51 pm IST

രാഹുല്‍ ഈശ്വറിന്റെ ഭാര്യ പറയുന്നത്

രാഹുല്‍ ഈശ്വറിനെ എആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്തുവരികയാണ് എന്ന് ഭാര്യ ദീപ. ലാപ്‌ടോപ്പ് പോലീസ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ജാമ്യം ലഭിക്കാവുന്ന കേസാണ് എടുത്തിരിക്കുന്നത്. അതിജീവിതയുടെ ഫോട്ടോയും ഐഡന്റിറ്റിയും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും ദീപ.
Nov 30, 2025, 7:16 pm IST

രാഹുലിന്റെ സുഹൃത്തിന്റെ വീട്ടിലും പോലീസ്

രാഹുല്‍ മാങ്കൂട്ടത്തിനെ തിരഞ്ഞ് സുഹൃത്ത് ഫെനി നൈനാന്റെ അടൂരിലെ വീട്ടില്‍ പോലീസ് എത്തി. ആണുങ്ങളില്ലാത്ത നേരത്ത് വന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി എന്ന് ഫെനി ആരോപിച്ചു. അദ്ദേഹം പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചു. തദ്ദേശ തിരഞ്ഞെുടുപ്പില്‍ ഫെനി മല്‍സരിക്കുന്നുണ്ട്.
Nov 30, 2025, 6:38 pm IST

തമിഴ്‌നാട് ശിവഗംഗയില്‍ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ബസുകള്‍ നേരെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 12 പേര്‍ മരിച്ചു 40 പേര്‍ക്കു പരിക്കേറ്റു.
Nov 30, 2025, 5:48 pm IST

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍. സൈബര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അതിജീവിതയുടെ സൈബര്‍ അധിപേക്ഷ പരാതിയിലാണ് നടപടി. സൈബര്‍ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഫോണും ലാപ്‌ടോപ്പും ഹാജരാക്കാന്‍ നിര്‍ദേശിച്ചു.
Nov 30, 2025, 4:57 pm IST

ലൈംഗിക ആരോപണം നേരിടുന്ന രാഹുലിന്റെ ഫ്‌ളാറ്റിലെ പരിശോധന പൂര്‍ത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഒരു മാസത്തെ സിസിടിവി ബാക്ക് അപ് മാത്രമാണ് കണ്ടെത്തിയത്. നാളെ അന്വേഷണ സംഘം വീണ്ടും ഫ്‌ളാറ്റില്‍ എത്തും. കെയര്‍ടേക്കറില്‍ നിന്ന് വിവരങ്ങള്‍ തേടും
Nov 30, 2025, 3:46 pm IST

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ മൂന്ന് മരണം. തഞ്ചാവൂരിലും തൂത്തുക്കുടിയിലുമായി വീടിന്റെ ചുവരിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. തഞ്ചാവൂരില്‍ ഉറങ്ങുകയായിരുന്നു രേണുക ദേവി എന്ന ഇരുപതുകാരിയാണ് മരിച്ചത്. മയിലാടുതുറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി പ്രതാപ് എന്ന യുവാവും മരിച്ചു.
Nov 30, 2025, 2:29 pm IST

ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തേടി പാലക്കാട് ഫ്‌ളാറ്റില്‍ വീണ്ടും എസ്‌ഐടി സംഘം പരിശോധന നടത്തി. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു. യുവതി നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. രാവിലെ ഫ്‌ളാറ്റില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം പിന്നീട് വീണ്ടും സ്വകാര്യ വാഹനത്തില്‍ ഫ്‌ളാറ്റിലെത്തുകയായിരുന്നു.
Nov 30, 2025, 1:34 pm IST

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം പാർട്ടിയുടെ അറിവോടെയല്ലെന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സൈബർ ആക്രമണത്തെ കുറിച്ച് പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും പാർട്ടി അന്വേഷിക്കേണ്ട ഗൗരവം വിഷയത്തിൽ ഉണ്ടെന്ന് കരുതുന്നില്ലെന്നും പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Nov 30, 2025, 1:03 pm IST

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചതിന് പിന്നാലെ നേരിടുന്ന സൈബര്‍ ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയോ ബിജെപിയോ അല്ലെന്നും അതിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
Nov 30, 2025, 12:28 pm IST

പോലീസ് ഉദ്യോഗസ്ഥരെ വിമർശിച്ച മുതിർന്ന സിപിഒ ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ഉമേഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ആണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ 18 മാസമായി ഉമേഷ് സസ്പെൻഷനിലാണ്.
Nov 30, 2025, 12:08 pm IST

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ സമയ പരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ 16 വരെയാണ് നീട്ടിയത്. എന്യൂമെറേഷൻ ഫോമുകൾ ഡിസംബർ 11വരെ നൽകാം. കരട് വോട്ടർ പട്ടിക ഡിസംബർ 16ന് പ്രസിദ്ധീകരിക്കും. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നൽകിയത്.
Nov 30, 2025, 11:53 am IST

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസാണെന്ന് ആര്‍ജെഡി ബിഹാര്‍ സംസ്ഥാന അധ്യക്ഷന്‍ മംഗനി ലാല്‍ മണ്ഡല്‍. കോണ്‍ഗ്രസ് മഹാസഖ്യം വിടുമെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് മംഗനി ലാല്‍ മണ്ഡല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ജയിക്കുന്നത് ആര്‍ജെഡിയുടെ ഔദാര്യം കൊണ്ടാണെന്നും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നതാണ് ആര്‍ജെഡിയ്ക്ക് നല്ലതെന്നും മംഗനി ലാല്‍ പറഞ്ഞു
Nov 30, 2025, 11:13 am IST

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ഒളിച്ചോടിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ഇക്കാര്യത്തിൽ കോൺഗ്രസിൽ രണ്ടഭിപ്രായമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായ അന്തരീക്ഷമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ബാധിക്കില്ലെന്നും അദേഹം പറഞ്ഞു.
Nov 30, 2025, 10:58 am IST

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ബോർഡാണെന്നും അതിൽ അനുമതി നൽകുക മാത്രമാണ് ചെയ്‌തത്‌ എന്നുമാണ് അദ്ദേഹത്തിന്റെ മൊഴി. ഉണ്ണികൃഷ്‌ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി.
Nov 30, 2025, 10:17 am IST

മുഴുവൻ പാർട്ടികളും സമുദായങ്ങളും തനിക്ക് വോട്ടു ചെയ്‌തെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃശൂരില്‍ ബിജെപി കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. അന്നത്തെ കാലാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Nov 30, 2025, 9:28 am IST

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ കേസില്‍ യുവതിയുടെ മൊഴി സാധൂകരിച്ച് ഡോക്‌ടര്‍മാര്‍. ചികിത്സിച്ച രണ്ട് ഡോക്‌ടര്‍മാരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. യുവതി ചികിത്സ തേടിയെന്നും അമിത രക്തസ്രാവം ഉണ്ടായെന്നുമാണ് മൊഴിയിൽ പറയുന്നത്. യുവതിയുടെ ആരോഗ്യാവസ്ഥ മോശമായെന്നും ഡോക്‌ടര്‍മാര്‍ പോലീസിന് മൊഴി നല്‍കി.
Nov 30, 2025, 9:01 am IST

‘സമാന്തരങ്ങൾ’ എന്ന സിനിമയ്ക്കു തീരുമാനിച്ച മികച്ച ചിത്രത്തിനും സംവിധായകനും നടനുമുള്ള ദേശീയ പുരസ്‌കാരങ്ങൾ ജൂറിയിലെ മലയാളി അംഗം അടക്കമുള്ളവർ ചേർന്ന് അവസാന നിമിഷം അട്ടിമറിച്ചെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഇക്കാര്യം അന്നത്തെ ജൂറിയിലുണ്ടായിരുന്ന ദേവേന്ദ്ര ഖണ്ഡേൽവാൾ വെളിപ്പെടുത്തുന്ന വിഡിയോ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഏകദേശം 3 പതിറ്റാണ്ട് മുൻപത്തെ സംഭവം സംബന്ധിച്ച് ബാലചന്ദ്ര മേനോന്റെ ആരോപണം
Nov 30, 2025, 8:20 am IST

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലെ മിക്കജില്ലകളിലും ദിവസം മുഴുവൻ തണുത്ത അന്തരീക്ഷ സ്ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര കാലവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.
Nov 30, 2025, 7:54 am IST

കരാർ കാലാവധി അവസാനിച്ചിട്ടും കലൂർ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല. അർജന്റീന ടീമിന്റെ മത്സരത്തിനായി കൈമാറിയ സ്‌റ്റേഡിയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിലാക്കി സ്‌റ്റേഡിയം ഇന്ന് ജിസിഡിഎക്ക് കൈമാറും. സെപ്റ്റംബർ 26നാണ് സ്‌പോൺസർ സ്‌റ്റേഡിയം ഏറ്റെടുത്തത്. നംവബർ 30ന് ഉള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു സ്‌പോൺസർ പറഞ്ഞിരുന്നത്.
Nov 30, 2025, 7:25 am IST

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തമിഴ്‌നാട്ടിൽ കനത്ത മഴ പെയ്യുന്നു. ഏക്കറുകണക്കിന് കൃഷിയിടങ്ങളിലും നിരവധി വീടുകളിലും വെള്ളം കയറി. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 47 വിമാനസർവീസുകൾ റദ്ദാക്കി.
Nov 30, 2025, 7:11 am IST

അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്‌കാരം മറ്റന്നാൾ നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമമസ്‌ജിദിലാണ് സംസ്‌കാരം. ചൊവ്വാഴ്‌ച രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. അർബുദബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാനത്തിൽ ജമീലയുടെ മരണം ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്.
Nov 30, 2025, 6:33 am IST

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊയിലാണ്ടി എംഎൽഎയും സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണ്. ജനകീയ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന നേതാവാണ് ജമീലയെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+