Get Updates
Get notified of breaking news, exclusive insights, and must-see stories!

കസ്റ്റഡി മർദനത്തിൽ പ്രതിഷേധിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സത്യാഗ്രഹം, ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ

കസ്റ്റഡി മർദനത്തിൽ നടപടി ആവശ്യപ്പെട്ട് നിയമസഭയിൽ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കുന്നംകുളം മർദനത്തിൽ കുറ്റക്കാരായ പൊലീസുകാർക്ക് എതിരെ നടപടി എടുക്കും വരെ രണ്ട് പ്രതിപക്ഷഎംഎൽഎമാർ സഭാകവാടത്തിൽ സത്യഗ്രഹമിരിക്കുമെന്നാണ് പ്രഖ്യാപനം. സനീഷ് കുമാറും എ കെ എം അഷറഫുമാണ് ആദ്യം സത്യഗ്രഹമിരിക്കുന്നത്. കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയചർച്ചക്കിടെ സഭയില്‍ ആവശ്യപ്പെട്ടത്. എന്നാൽ പൊലീസിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

കുന്നംകുളം മർദനത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടാതെ പിടിച്ചുവെച്ചത് പൊലീസാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷനേതാവ് ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും പറഞ്ഞു. കുറ്റം ചെയ്ത പൊലീസുകാരെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി 2016 മുതൽ 108 പൊലീസുകാരെ പിരിച്ചുവിട്ടെന്നും ഇത് യുഡിഎഫിന് ആലോചിക്കാൻ കഴിയുമോ എന്നും ചോദിച്ചു. കുന്നംകുളത്ത് മർദനമേറ്റ വി എസ് സുജിത്തിന് എതിരെ 11 കേസുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ‌ ചെറുപ്പം മുതൽ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയില്‍ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നീണ്ട പ്രസംഗമല്ല, നടപടികളാണ് വേണ്ടതെന്നായിരുന്നു സതീശൻ്റെ പ്രതികരണം.മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പരസ്പരം ചോദ്യങ്ങൾ ചോദിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ നിലപാട് സ്വീകാര്യമല്ലാതെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.

newsupdates

അതേസമയം, ഖത്തറിനെ ഇനി ഇസ്രായേൽ ആക്രമിക്കില്ലെന്ന ഉറപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് വന്നിട്ടുണ്ട്. ദോഹയിൽ നടന്ന അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഇസ്രായേൽ ബന്ദികളെ മുഴുവനായും മോചിപ്പിക്കണം എന്നാണ് ഹമാസിന് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

മറ്റ് പ്രധാനവാർത്തകൾ അറിയാം.

Sep 16, 2025, 11:59 pm IST

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്. ഫോണിലൂടെയാണ് ആശംസകൾ അറിയിച്ചത്. ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മോദിയുടെ പ്രതിബദ്ധത, യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പിന്തുണ എന്നിവയെ കുറിച്ച് ഫോൺ സംഭാഷണത്തിൽ ട്രംപ് പറഞ്ഞു.
Sep 16, 2025, 11:25 pm IST

മലപ്പുറം എടവണ്ണയില്‍ വന്‍ ആയുധവേട്ട. ഉണ്ണിക്കമ്മദ് എന്ന വ്യക്തിയുടെ വീട്ടില്‍ നിന്ന് ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും കണ്ടെത്തി. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും പൊലീസ് പിടിച്ച് എടുത്തിട്ടുണ്ട്.
Sep 16, 2025, 11:08 pm IST

ഗാസയ്ക്ക് പിന്നാലെ യെമനിലും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ചെങ്കടലിന് തീരത്തെ ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഹുദൈദയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേല്‍ സേന നേരത്തെ ജനങ്ങളോട് നിർദേശിച്ചിരുന്നു.
Sep 16, 2025, 10:47 pm IST

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ യുവനടി റിനി ആന്‍ ജോര്‍ജിനെ പരാതിക്കാരിയാക്കേണ്ടെന്ന് തീരുമാനം. റിനിക്ക് നിയമനടപടിക്ക് താല്‍പര്യമില്ലാത്തതിനാലും തെളിവുകള്‍ ദുര്‍ബലമായതിനാലും പരാതിക്കാരിയാക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. ഇതോടെ റിനിയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചത്.
Sep 16, 2025, 9:25 pm IST

ഗാസയിൽ കരയുദ്ധം ശക്തമാക്കി ഇസ്രായേല്‍ സൈന്യം. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കരയാക്രമണവും ശക്തമായ ബോംബാക്രമണവും തുടരുന്നത്. ചൊവ്വാഴ്ച മാത്രം 78 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിൽ 68 പേരും ഗാസ സിറ്റിയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
Sep 16, 2025, 8:55 pm IST

നടിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ. നടി മുഖ്യമന്ത്രിക്കും പൊലീസിനും നൽകിയ പരാതിയിൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം.
Sep 16, 2025, 7:27 pm IST

വരും മണിക്കൂറുകളിൽ യമനിലെ ചെങ്കടൽ തുറമുഖമായ ഹൊദൈദ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍ സൈന്യം
Sep 16, 2025, 6:49 pm IST

കുന്നംകുളം കേസില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണമെന്ന് പ്രതിപക്ഷം
Sep 16, 2025, 6:24 pm IST

നട തുറന്നു

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. നടതുറന്ന ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കന്നി മാസം ഒന്നിന് രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും.
Sep 16, 2025, 5:39 pm IST

പീച്ചി പൊലീസ് മർദനത്തിൽ നടപടിയെടുത്ത് നടപടിയെടുത്ത് ദക്ഷിണമേഖല ഐജി. SHO ആയ പി എം രതീഷിനെ സസ്പെൻഡ് ചെയ്തു. നിലവിൽ കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ്. അന്വേഷണം നേരിടുമ്പോഴും രതീഷിന് സ്ഥാനക്കയറ്റം നൽകിയതും പരാതിയായിരുന്നു. മ‌ർദനമുണ്ടായി ഒന്നര വർഷത്തിന് ശേഷമാണ് നടപടി. പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി ഔസേപ്പിന്റെ മകനെയും മാനേജറെയുമാണ് തല്ലിയത്.
Sep 16, 2025, 4:47 pm IST

വിജയം റദ്ദാക്കി

കർണാടകയിൽ മാലൂരു മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയുടെ ജയം റദ്ദാക്കി ഹൈക്കോടതി. കെ വി നഞ്ചേഗൗഡയുടെ ജയമാണ് കോടതി അസാധുവാക്കിയത്. റീകൗണ്ടിങ് നടത്തണമെന്നും 30 ദിവസത്തിനകം ഫലം പ്രഖ്യാപിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. വോട്ടെണ്ണലിൽ തിരിമറി നടന്നെന്ന ബിജെപി സ്ഥാനാർത്ഥിയുടെ ഹർജിയിലാണ് നടപടി.
Sep 16, 2025, 3:57 pm IST

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയാന്‍ ശ്രമിച്ചാല്‍ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയെ തല്ലി കൊന്ന പൊലീസിനെയാണ് ഭരണപക്ഷം ന്യായീകരിക്കുന്നത്, പൊലീസിലെ ഏറാന്‍മൂളികള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു
Sep 16, 2025, 3:28 pm IST

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്‌തേക്കാം എന്ന സാധ്യത മുന്നില്‍ക്കണ്ട് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Sep 16, 2025, 3:01 pm IST

സംസ്ഥാനത്തെ ഞെട്ടിച്ച പൊലീസ് മര്‍ദ്ദനങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുന്‍പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രഖ്യാപിച്ചു
Sep 16, 2025, 2:42 pm IST

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വെച്ചല്ലെന്നും നെഹ്റു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ഭരണ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ പൊലീസ് ക്രൂരമായാണ് നേരിട്ടത് എന്നും കോണ്‍ഗ്രസ് ഭരണത്തില്‍ നടന്നത് അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Sep 16, 2025, 2:04 pm IST

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച ഡൽഹിയിൽ നടക്കാൻ ഇരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്‌സ് 360 പോയിന്റും നിഫ്റ്റി 104 പോയിന്റും ഉയർന്നിട്ടുണ്ട്. നിഫ്റ്റിയുടെ എല്ലാ സെക്റ്ററും നേട്ടത്തിലാണ്. ഓട്ടോ, മീഡിയ, മെറ്റൽ, റിയൽറ്റി, ഓയിൽ എന്നിവയുടെയും സൂചികകൾ ഉയർന്നു. വസ്ത്ര കയറ്റുമതി ഓഹരികളിലും കുതുപ്പ് തുടരുന്നു. രൂപയുടെ മൂല്യത്തിനും നേരിയ വർധന ഉണ്ടായിട്ടുണ്ട്.
Sep 16, 2025, 1:39 pm IST

ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളിൽ കുരുങ്ങിയ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി സൂചിപ്പിച്ച് നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ശിശു ജനന മരണനിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
Sep 16, 2025, 12:48 pm IST

ഹിരൺദാസ് മുരളി എന്ന റാപ്പർ വേടന് എതിരെ ഗൂഢാലോചനയുണ്ടെന്ന കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. വേടന്റെ സഹോദരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം . വേടനെതിരേ തുടരെത്തുടരെ ക്രിമിനൽ കേസുകൾ വരുന്നുണ്ടെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇക്കാര്യത്തിൽ സത്യം പുറത്തുവരാൻ അന്വേഷണം വേണമെന്നുമാണ് സഹോദരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
Sep 16, 2025, 12:39 pm IST

ബി അശോകിനെ സ്ഥലം മാറ്റിയ സർക്കാർ നടപടി റദ്ദാക്കി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. കഴിഞ്ഞ ദിവസമാണ് അശോകിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിആർഡിയിലേക്ക് മാറ്റി ഉത്തരവിറക്കിയത്. കെറ്റിഡിഎഫ്‌സിയിലേക്കുള്ള സ്ഥലം മാറ്റത്തിനെതിരായ കേസ് പരിഗണിക്കാൻ ഇരിക്കെയായിരുന്നു പുതിയ സ്ഥലംമാറ്റം.
Sep 16, 2025, 12:38 pm IST

പാലിയേക്കരയിൽ ടോൾ പിരിവ് ഉടനില്ല. ടോൾ പിരിവ് വീണ്ടും തുടങ്ങുന്നത് ഹൈക്കോടതി നീട്ടി. ഇടപ്പള്ളി–മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ടാണ് ടോൾ പിരിവ് കോടതി നിർത്തിവെച്ചത്. ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെട്ടിരുന്നു. പക്ഷേ ജില്ലാ കലക്ടർ അധ്യക്ഷനായ ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി അറിയിച്ചാലേ ഇക്കാര്യം അംഗീകരിക്കാൻ കഴിയൂ എന്ന് നിലപാടെടുത്താണ് കോടതി ടോൾ പിരിവ് വീണ്ടും തുടങ്ങുന്നത് നീട്ടിയത്. ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്ന പല കാര്യങ്ങളും കളക്ടറുടെ റിപ്പോർട്ടിൽ ഇല്ലെന്നും ഈ കാര്യങ്ങൾ കൂടി പരിശോധിച്ച് കളക്ടർ നൽകുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഇനി വ്യാഴാഴ്ചയാണ് കോടതി വീണ്ടും ഈ വിഷയം പരിഗണിക്കുക.
Sep 16, 2025, 12:05 pm IST

പൊലീസ് കസ്റ്റഡിയിലെ മർദനത്തെ കുറിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിൻ മേൽ നിയമസഭയിൽ ചർച്ച തുടങ്ങി. രണ്ട് മണിക്കൂർ നേരമാണ് സഭ വിഷയം ചർച്ച ചെയ്യുക. ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ പഴയ പ്രസംഗം വായിച്ച് റോജി ജോൺ ആണ് ചർച്ച തുടങ്ങി വെച്ചത്.
Sep 16, 2025, 11:50 am IST

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് സൂചന . ഗുരുതരമായി പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ചേര്‍ത്തല ദേശീയപാതയില്‍ ഹൈവേ പാലത്തിന് സമീപമാണ് അപകടം നടന്നത്.
Sep 16, 2025, 11:31 am IST

ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത നിരാശയും അമർഷവും വെളിപ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ശബരിമലയിൽ ഭക്തർക്കും തനിക്കും പേടിയാണെന്നും എന്ത് ചെയ്‌താലും തിരിച്ചടിയുണ്ടാകുമോ എന്നാണ് ആശങ്കയെന്നും പ്രശാന്ത് തുറന്നടിച്ചു. ഭക്തർക്ക് എന്തെങ്കിലും സമർപ്പിക്കാൻ പേടിയാണെന്നും ദൈനംദിന കാര്യം ചെയ്യാൻ തനിക്കും പേടിയുണ്ടെന്നും അദ്ദേഹം പറയുന്നു.
Sep 16, 2025, 11:17 am IST

സംസ്ഥാനത്തെ പോലീസ് കസ്‌റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാൻ തീരുമാനം. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചു. ഉച്ചയ്ക്ക് 12 മുതൽ രണ്ടു മണിക്കൂറായിരിക്കും അടിയന്തര പ്രമേയത്തിനുമേൽ ചര്‍ച്ച നടക്കുക. ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്‌തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു.
Sep 16, 2025, 10:37 am IST

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവ നടിയുടെ മൊഴിയിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാടുമായി അന്വേഷണസംഘം. നിയമനടപടികളുമായി മുന്നോട്ടുപോകാൻ യുവ നടിക്ക് താൽപര്യമില്ല, അതിനാൽ പരാതിക്കാരിക്ക് താൽപര്യമില്ലാതെ കേസെടുത്താൽ കോടതിയിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
Sep 16, 2025, 10:01 am IST

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ ദിലീപാണ് എട്ടാം പ്രതി.
Sep 16, 2025, 9:24 am IST

ആദായനികുതി അടയ്ക്കാൻ ഇന്ന് കൂടി അവസരം

2025-26 അസസ്‌മെന്റ് വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള സമയപരിധി ആദായനികുതി വകുപ്പ് ഒരു ദിവസം കൂടി നീട്ടി, സെപ്റ്റംബർ 15 ൽ നിന്ന് സെപ്റ്റംബർ 16 ലേക്ക് ആണ് മാറ്റിയത്. തുടക്കത്തിൽ ജൂലൈ 31 ആയി നിശ്ചയിച്ചിരുന്ന സമയപരിധി മുമ്പ് ഒരിക്കൽ നീട്ടിയിരുന്നു. തുടർന്ന് ഇപ്പോൾ ഒരു ദിവസം കൂടി നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
Sep 16, 2025, 8:48 am IST

ആഗോള അയ്യപ്പ സംഗത്തിലെ പ്രതിനിധികളുടെ എണ്ണം 3250 ആയി ചുരുക്കാൻ തീരുമാനം. ആദ്യം വന്ന 3000 പേരെ ഇതിനായി തിരഞ്ഞെടുക്കും. ദേവസ്വം ബോർഡ് നേരിട്ട് 250 പേരെയും ക്ഷണിക്കും ഓൺലൈനായി അപേക്ഷ നൽകിയത് 4590 പേരാണ് രജിസ്ട്രേഷൻ നടപടി അവസാനിപ്പിച്ചു വിവിധ സ്‌റ്റേഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖരെയും തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.
Sep 16, 2025, 8:23 am IST

എംഎസ്‌സി എൽസ-3 കപ്പൽ മുങ്ങി മൂന്ന് മാസമാകുമ്പോള്‍ നഷ്‌ടപരിഹാരം വാങ്ങിയെടുക്കാനുള്ള നടപടികളിൽ മെല്ലെപ്പോക്ക്. ബാധ്യത 132 കോടിയിൽ പരിമിതപ്പെടുത്തണമെന്ന് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി കോടതിയെ അറിയിച്ചിട്ടും സർക്കാർ ഇതുവരെ എതിർപ്പ് അറിയിച്ചിട്ടില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാൽ പാരിസ്ഥിതിക ആഘാതം ഉണ്ടായെന്ന് തെളിയിച്ചാൽ പരിധികളില്ലാത്ത നഷ്‌ടപരിഹാരം ലഭിക്കുമെന്ന് അറിയാമായിരുന്നിട്ടും നടപടികൾ വൈകിക്കുകയാണ് സർക്കാർ.
Sep 16, 2025, 7:58 am IST

രാഹുൽ മാങ്കൂട്ടത്തിലിനെ പൂർണമായും അവഗണിക്കാൻ കോൺഗ്രസ്. ഇന്ന് നിയമസഭയില്‍ വരാന്‍ പാടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം രാഹുലിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിയമസഭയില്‍ രാഹുല്‍ വന്നാലും പരിഗണിക്കില്ല. ഭരണകക്ഷി പ്രതിഷേധിച്ചാലും ഇടപെടേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. രാഹുല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിലപാട് കടുപ്പിക്കുകയാണ് എന്നാണ് വിവരം.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+