Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരുവയിൽ ട്രംപിന്റെ അവകാശവാദം, റഷ്യയുമായി ബന്ധം ഊട്ടിയുറപ്പിച്ച് മോദി; കേരളം ഓണത്തിരക്കിലേക്ക്

തീരുവയുമായി ബന്ധപ്പെട്ട വിഷയത്തിൽ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടക്കുന്നത്. യുഎസുമായി പ്രത്യേക്ഷമായ ഭിന്നതയിലേക്ക് നീങ്ങിയ ഇന്ത്യ എസ്‌സിഒ മീറ്റിംഗിന് ശേഷം ചൈനയുമായി കൂടുതൽ അടുക്കുകയാണ്. പിന്നാലെ കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ്.

മറുവശത്ത് ഡൊണാൾഡ് ട്രംപ് ആവട്ടെ ആകെ പരിഭ്രാന്തിയിലാണ്. മോദി-പുടിൻ കൂടികാഴ്ച്ചയ്ക്ക് പിന്നാലെ പുതിയ അവകാശവാദവുമായി ട്രംപ് രംഗത്ത് വന്നിരുന്നു. ഇന്ത്യ തീരുവ പൂർണമായും ഒഴിവാക്കാൻ സമ്മതിച്ചിരുന്നെങ്കിലും അത് വളരെ വൈകിപ്പോയി എന്നാണ് ട്രംപിന്റെ പുതിയ തുറന്നുപറച്ചിൽ. സമാനമായ ഒട്ടേറെ ആരോപണങ്ങൾക്ക് ഇടയിൽ ഇതാണ് ഏറ്റവും പുതിയത്.

newsupdatestoday

അതേസമയം, കേരളം ഓണച്ചൂടിലേക്ക് പൂർണമായി അടുക്കുകയാണ്. ഇനി രണ്ട് ദിവസങ്ങൾ കൂടി മാത്രമേ ഓണത്തിന് ശേഷിക്കുന്നുള്ളൂ. നാളെ കഴിഞ്ഞാൽ ഉത്രാട പാച്ചിൽ ആരംഭിക്കുകയാണ്. വ്യഴാഴ്ച്ചയാണ് ഉത്രാടദിനം. വെളിയാഴ്‌ച്ച സെപ്റ്റംബർ 5നാണ് തിരുവോണം. സംസ്ഥാനത്ത് കച്ചവടം പൊടിപൊടിക്കുകയാണ്. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ അറിയാം.

Sep 02, 2025, 11:52 pm IST

ഇന്ത്യ-റഷ്യ ബന്ധത്തെ മാനിക്കുന്നുവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ബെയ്ജിംഗില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോസ്‌കോയുമായി ശക്തമായ ബന്ധം കെട്ടിപ്പടുക്കാന്‍ ഇസ്ലാമാബാദ് ആഗ്രഹിക്കുന്നുവെന്ന് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
Sep 02, 2025, 10:35 pm IST

ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ ഒരു മരണം. ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം
Sep 02, 2025, 10:14 pm IST

മഹാരാഷ്ട്ര സര്‍ക്കാരുമായി രണ്ട് പ്രധാന ആവശ്യങ്ങളില്‍ തീരുമാനത്തിലെത്തിയതിനെത്തുടര്‍ന്ന് അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിച്ച് മറാത്താ പ്രവര്‍ത്തകന്‍ മനോജ് ജരഞ്ജ്. കഴിഞ്ഞ നാല് ദിവസമായി മുംബൈയിലെ ആസാദ് മൈതാനിയില്‍ സമരം നടത്തുന്ന പ്രക്ഷോഭകരുടെ വിജയമാണിതെന്ന് ജാരഞ്ജ് പറഞ്ഞു. മറാത്ത്വാഡ മേഖലയിലെ മറാത്താ സമൂഹത്തിന് കുന്‍ബി പദവി - ഒബിസി വിഭാഗം - നല്‍കണമെന്ന അവരുടെ പ്രാഥമിക ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.
Sep 02, 2025, 9:55 pm IST

നവംബറോടെ ഇന്ത്യയും അമേരിക്കയും ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) അന്തിമമാക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. കാര്യങ്ങള്‍ ഉടന്‍ തന്നെ പഴയപടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sep 02, 2025, 9:36 pm IST

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന പങ്കെടുക്കും. ഇന്ന് ദേവസ്വം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഭക്തരുടെ പങ്കാളിത്തം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അവതരിപ്പിച്ചത്. ആഗോള അയ്യപ്പ സംഗമത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ പങ്കാളിത്തവും ഉണ്ടാകും
Sep 02, 2025, 8:34 pm IST

തദ്ദേശതിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് 2.83 കോടി വോട്ടര്‍മാര്‍. പുരുഷ വോട്ടര്‍മാര്‍ 1.33 കോടി. സ്ത്രീ വോട്ടര്‍മാര്‍ 1.49 കോടി. 2020 ല്‍ ഉണ്ടായിരുന്നത് 2.76 ലകോടി വോട്ടര്‍മാര്‍
Sep 02, 2025, 8:02 pm IST

കോഴിക്കോട്ടെ ഫാര്‍മസി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. കണ്ണാടിക്കല്‍ സ്വദേശി ബഷീറുദ്ദീന്‍ ആണ് അറസ്റ്റിലായത്. അത്തോളി സ്വദേശിയായി വിദ്യാര്‍ത്ഥിനിയെ സുഹൃത്തിന്റെ വീട്ടില്‍ ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് ബഷീറുദ്ദീനെ അറസ്റ്റ് ചെയ്തത്.
Sep 02, 2025, 8:00 pm IST

ബിആര്‍എസ് നേതാവും എംഎല്‍എയും മകളുമായ കെ കവിതയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കെ ചന്ദ്രശേഖര റാവു. കെസിആറിനെതിരെ ഫെഡറല്‍ അന്വേഷണത്തിന് മുതിര്‍ന്ന ബിആര്‍എസ് നേതാവ് ടി. ഹരീഷ് റാവുവിനെ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് കവിതയ്ക്ക് നേരെ അച്ചടക്ക നടപടി വന്നിരിക്കുന്നത്.
Sep 02, 2025, 7:16 pm IST

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം. തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ചൊവ്വാഴ്ച 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ജിഎഫ്ഇസഡ് ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിന് വടക്കുകിഴക്കായി 34 കിലോമീറ്റര്‍ അകലെ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
Sep 02, 2025, 6:56 pm IST

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. കോളേജിലെ ഓണാഘോഷത്തിനിടെയാണ് സംഭവം. ബെംഗളൂരൂ ആചാര്യ നഴ്‌സിംഗ് കോളേജിലാണ് സംഭവം. ആദിത്യ എന്ന വിദ്യാര്‍ത്ഥിക്കാണ് കുത്തേറ്റത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു
Sep 02, 2025, 6:28 pm IST

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സില്‍ വാക്കാല്‍ നീരീക്ഷണവുമായി സുപ്രീംകോടതി. ചില സംഭവങ്ങളുടെ പേരില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് കോടതി പറഞ്ഞു
Sep 02, 2025, 6:07 pm IST

തലസ്ഥാനത്ത് നടക്കുന്ന ഓണാഘാേഷപരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കും, ഒമ്പതിന് നടക്കുന്ന ഓണാഘോഷ റാലി ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും
Sep 02, 2025, 5:42 pm IST

കട്ടപ്പനയിലെ സിദ്ധവൈദ്യശാല 24 മണിക്കൂറിനകം അടച്ചുപൂട്ടണം എന്ന് ആരോഗ്യവകുപ്പ്. വൈദ്യശാലയ്‌ക്കെതിരെ നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
Sep 02, 2025, 5:18 pm IST

ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാരിന് പിന്നോട്ട് പോകാനാകില്ലെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. പരിഷ്‌കരണ ചിന്തയില്‍ നിന്ന് പിന്‍മാറിയാല്‍ വലിയ തിരിച്ചടി ഉണ്ടാകും എന്നും സര്‍ക്കാര്‍ നിലപാട് തിരുത്തിയാല്‍ വലിയ വില നല്‍കേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു.
Sep 02, 2025, 5:14 pm IST

ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗവർണ്ണർക്ക് ക്ഷണം
Sep 02, 2025, 4:17 pm IST

ജാമ്യം ഇല്ല

ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെഎൻയു വിദ്യാർഥി നേതാക്കളായ ഉമർഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ ഒൻപത് പേരുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. അഞ്ചു വർഷം ജാമ്യമില്ലാതെ ഉമർഖാലിദ് ഉൾപ്പെടെയുള്ളവർ വിചാരണ തടവുകാരായി തിഹാർ ജയിലിൽ കഴിയുകയാണ്.
Sep 02, 2025, 2:59 pm IST

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടതോടെ മഴയ്ക്ക് സാധ്യത. ഈ മാസത്തെ ആദ്യ ന്യുനമർദ്ദമാണ് രൂപപ്പെട്ടത്. നാളെയോടെ ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ ആറ് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. ഉത്രാട ദിനം മൂന്ന് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകൾക്കാണ് മഞ്ഞ അലര്‍ട്ട്.
Sep 02, 2025, 2:53 pm IST

പീഡനക്കേസിൽ അറസ്‌റ്റിലായ പഞ്ചാബിലെ എഎപി എംഎൽഎ പോലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ടു. സനൗറിൽനിന്നുള്ള എംഎൽഎയായ ഹർമീത് പഠാൻമജ്‌റയെ കർനാലിൽ വച്ച് ഇന്നു രാവിലെയാണ് പിടിയിലായത്. എന്നാൽ പ്രദേശത്തെ പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോകാൻ തുടങ്ങവേ എംഎൽഎയും ഇയാളുടെ കൂട്ടാളികളും ചേർന്ന് പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
Sep 02, 2025, 2:37 pm IST

താൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്നപ്പോൾ യുവതി പ്രവേശനത്തിന് അനുകൂലമായി സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയ എ പത്മകുമാർ. മുഖ്യമന്ത്രിയുടേത് എന്നും ശബരിമലയെ സഹായിക്കുന്ന നിലപാട്. ശബരിമലയിൽ സ്ത്രീകൾ കയറിയതിന്റെ മുഴുവൻ കുറ്റവും ചിലർ മുഖ്യമന്ത്രിയിൽ കെട്ടിവയ്ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ അന്ന് ഇടപെട്ടിട്ടില്ലെന്നും പത്മകുമാർ പറഞ്ഞു.
Sep 02, 2025, 1:26 pm IST

മലപ്പുറത്ത് സ്‌കൂളിൽ ആർഎസ്എസിന്റെ ഗണഗീതം പാടി വിദ്യാർത്ഥികൾ. മലപ്പുറം തിരൂർ ആലത്തിയൂർ കുഞ്ഞിമോൻ ഹാജിമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് കുട്ടികൾ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വതന്ത്ര ദിനഘോഷത്തിലാണ് സംഭവം നടന്നത്. കുട്ടികൾ പാടിയതാണെന്നും അവരുടെ പാട്ടുകൾ പരിശോധിച്ചില്ലെന്നുമാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. അബദ്ധം പറ്റിയതാണെന്നും സ്‌കൂൾ അധികൃതർ പറയുന്നു.
Sep 02, 2025, 1:06 pm IST

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നൽകിയ പരാതി അന്വേഷണത്തിന് വിടില്ലെന്ന് സൂചന. കോൺഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ എം മുനീറാണ് കടകംപള്ളിക്കെതിരെ ഡിജിപിക്ക് പരാതി നൽകിയത്. ആരോപണം ഉന്നയിച്ച വ്യക്തി നേരിട്ട് പരാതി നൽകാതെ കേസെടുക്കാൻ കഴിയില്ലെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.
Sep 02, 2025, 12:14 pm IST

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ വിട്ടുവീഴ്‌ചയില്ലെന്നാണ് മുതിർന്ന നേതാക്കളുടെ പക്ഷം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നിലപാടിൽ അതൃപ്‌തി ഉയരുന്നുമുണ്ട്.
Sep 02, 2025, 11:37 am IST

മുതലമടയിലെ ഫാം സ്‌റ്റേയിൽ ആദിവാസിയെ 6 ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ച കേസിൽ മുഖ്യ പ്രതിയെ പിടികൂടാത്തതിൽ വലിയ പ്രതിഷേധം. വെസ്‌റ്റേൺ ഗേറ്റ് വെയ്‌സ് ഉടമ പ്രഭുവിനെതിരെ കേസെടുത്തിട്ട് 10 ദിവസമായിട്ടും ഇയാൾ ഒളിവിലാണ്. പോലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ആദിവാസി പ്രവർത്തകർ ഇന്ന് മുതലമടയിൽ പ്രതിഷേധ ധർണ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Sep 02, 2025, 11:04 am IST

ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും ഈ തീരുമാനത്തിന് നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ പേരാണ് വർഗീയത. ഇത്തരം വർഗീയവാദികൾക്ക് ഒപ്പം കമ്മ്യൂണിസ്‌റ്റ് പാർട്ടിയില്ല. കമ്മ്യൂണിസ്‌റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പമാണ്. യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
Sep 02, 2025, 10:08 am IST

71-ാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ രണ്ടാം സ്ഥാനത്തേക്കുള്ള ഫല പ്രഖ്യാപനം തടഞ്ഞതിന് പിന്നാലെ പരാതി. പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്‌ടർക്കാണ് പരാതി നൽകിയത്. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനാണ് വള്ളംകളിയിൽ രണ്ടാമത് എത്തിയത്. ഫിനിഷിങ് ഒരു സെക്കന്റിൽ താഴെ വ്യത്യാസത്തിലാണ്. ട്രോഫി നൽകാത്തത് ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് പരാതിയിൽ പറയുന്നു.
Sep 02, 2025, 9:34 am IST

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ ആക്രമിച്ച കേസിൽ പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പിടിയിലായ പ്രതികളെ തെളിവെടുപ്പിനായി തൊടുപുഴയിൽ എത്തിച്ചിരുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയ സിപിഎം പ്രവർത്തകനായ മാത്യു കൊല്ലപ്പിള്ളി, തൊടുപുഴ സ്വദേശികളായ ടോണി, ഷിയാസ്, അക്ബർ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സംഘത്തെ ബം​ഗളൂരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതികളുടെ ഥാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Sep 02, 2025, 8:52 am IST

ജനങ്ങളെ വിഡ്ഢികളാക്കാൻ കഴിയുന്ന ഒരാൾക്ക് മികച്ച നേതാവാകാം; നിതിൻ ഗഡ്‌കരി

രാഷ്ട്രീയത്തില്‍ പൂര്‍ണഹൃദയത്തോടെ സത്യം സംസാരിക്കുന്നത് തടയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്‌കരി. ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ഏറ്റവും മികച്ച നേതാവാകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുറുക്കുവഴികള്‍ സ്വീകരിക്കാതെ സത്യസന്ധതയോടെയും സമര്‍പ്പണത്തോടെയും ജീവിക്കാന്‍ കേന്ദ്രമന്ത്രി ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്‌തു.
Sep 02, 2025, 8:18 am IST

വിഎസിനെ സിപിഎം നേതാക്കൾ പലരും തിരിച്ചറിയുന്നത് വിയോഗത്തിന് ശേഷമെന്ന് തുറന്നടിച്ച് പിരപ്പൻകോട് മുരളി. 'വിഎസ് കമ്മ്യൂണിസ്‌റ്റ് മനുഷ്യാവതാരം' എന്ന പുസ്‌തകത്തിനെഴുതിയ ആമുഖ കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരാമർശം. വിഎസിനെ പുറകിൽ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വിലാപ യാത്രയിൽ നെഞ്ചുവിരിച്ച് നിന്നെന്നും പിരപ്പൻകോട് മുരളി പരിഹസിക്കുന്നു.
Sep 02, 2025, 7:46 am IST

വിസിയും സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളും തമ്മിലുള്ള പോര് തുടരുന്നതിനിടെ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 11 മണിയ്ക്കാണ് യോഗം നടക്കുക. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പനാണ് യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങൾക്ക് നോട്ടീസ് നൽകിയത്. എന്നാൽ, രജിസ്ട്രാർ അനിൽകുമാറിന് പകരം മിനി കാപ്പൻ നോട്ടീസ് അയക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് ഇടത് അംഗങ്ങൾ എടുത്തിരിക്കുന്ന നിലപാട്.
Sep 02, 2025, 7:28 am IST

കിംഗ് ജോങ് ഉൻ ചൈനയിൽ

തലസ്ഥാനമായ ബീജിംഗിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ അതിർത്തി കടന്ന് ചൈനയിലെത്തി. ഏറെ നിർണായകമായ നീക്കമാണ് ഇത്. എന്തെന്നാൽ അദ്ദേഹത്തിന്റെ ആദ്യത്തെ ബഹുരാഷ്ട്ര അന്താരാഷ്ട്ര കൂടിക്കാഴ്‌ചയായിരിക്കും ഇത്. ബുധനാഴ്‌ച നടക്കുന്ന "വിക്റ്ററി ഡേ" പരേഡിൽ കിം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യയുടെ വ്‌ളാഡിമിർ പുടിൻ, മറ്റ് ലോക നേതാക്കൾ എന്നിവർക്കൊപ്പം പങ്കെടുക്കും.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+