ക്രിസ്‌മസ് കുടിച്ചാഘോഷിച്ച് മലയാളികൾ; രണ്ട് ദിവസത്തെ വിൽപ്പന 152 കോടി കടന്നു, ബെവ്കോയ്ക്ക് റെക്കോർഡ്
തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്‌മസ് മദ്യ വിൽപ്പനയിൽ റെക്കോർഡിട്ട് ബെവ്കോ. ക്രിസ്‌മസ് ദിനമായ ഇന്നലെയും തലേ ദിവസവും മാത്രം സംസ്ഥാനത്ത് വിറ്റഴിച്ചത് 152.06 കോടി രൂപയുടെ മദ്യമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിസംബർ 24ന് 97.42 കോടിരൂപയുടെ മദ്യവും 25ന് 54.64 കോടി രൂപയുടെ മദ്യവും വിറ്റുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ തവണ ഇതേ ദിവസങ്ങളിൽ വിറ്റഴിച്ച മദ്യത്തേക്കാൾ ഗണ്യമായ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 24ന് 71 കോടി രൂപയുടെയും 25ന് 51.14 കോടി രൂപയുടെയും മദ്യമാണ് വിറ്റത്. എന്നാൽ ഇത്തവണ ഈ കണക്കുകളിൽ നിന്ന് മുപ്പത് കോടിയോളം രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

ഡിസംബർ 24ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് ബവ്റിജസ് കോർപറേഷന്റെ ചാലക്കുടിയിലെ ഷോപ്പിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്, ഈ ഒറ്റ ദിനം കൊണ്ട് 78 ലക്ഷം രൂപയുടെ കച്ചവടമാണ് ഇവിടെ നടന്നത്. ഇതിന് പുറമേ കോട്ടയം ചങ്ങനാശേരിയിൽ 66.88 ലക്ഷം രൂപയുടെയും തിരുവനന്തപുരത്തെ പഴയ ഉച്ചക്കടയിൽ 64.15ലക്ഷം രൂപയുടെയും മദ്യം വിൽപ്പന നടന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യം വിറ്റഴിച്ചു. ക്രിസ്‌മസ് തലേന്നിലെ വില്‍പ്പനയിൽ മാത്രം 37.21 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്. ആകെ കണക്കിൽ 24 ശതമാനത്തിന്റെ ഉയർച്ചയും രേഖപ്പെടുത്തി.
നേരത്തെ ഈ വർഷം ഓണക്കാലത്തും റെക്കോർഡ് മദ്യവിൽപ്പനയാണ് കേരളത്തിൽ നടന്നത്. ഈ വര്‍ഷം 818.21 കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷമിത് 809 കോടിയായിരുന്നു. ഇതിലും കാര്യമായ വർധനവ് രേഖപ്പെടുത്തിയിരുന്നു. അതിന്റെ പാത പിന്തുടർന്ന് കൊണ്ടാണ് ക്രിസ്‌മസ് കാലത്തും വമ്പൻ വിൽപ്പന ഉണ്ടായിരിക്കുന്നത്. ഇനി വരാനിരിക്കുന്നത് ന്യൂയർ കാലത്തെ മദ്യ വിൽപ്പനയാണ്. അതിലും റെക്കോർഡ് ഇടുമോ എന്നാണ് കണ്ടറിയേണ്ടത്.












Click it and Unblock the Notifications