ട്രെയിനില്‍ ദമ്പതിമാരെ ബോധം കെടുത്തി കവര്‍ച്ച; 'ഫ്‌ളാസ്‌കിലെ വെള്ളം കുടിച്ചപ്പോള്‍ ബോധം പോയി'
പത്തനംതിട്ട: ട്രെയിന്‍ യാത്രക്കാരായ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പിഡി രാജു, ഭാര്യ മറിയാമ്മ എന്നിവരാണ് കവര്‍ച്ചക്കിരയായത്. കൊല്ലം-വിശാഖപട്ടണം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച്ച രാത്രി നടന്ന സംഭവത്തില്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കളുമെല്ലാം മോഷണം പോയി.
കവര്‍ച്ചയ്ക്കിരയായ ദമ്പതിമാര്‍ ഇപ്പോള്‍ വെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തനംതിട്ട തലച്ചിറ സ്വദേശികളായ ദമ്പതിമാര്‍ തമിഴ്‌നാട്ടിലെ ഹൊസൂരില്‍ സ്ഥിരം താമസക്കാരാണ്. റെയില്‍വേ പോലീസില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ബര്‍ത്തിന് അരികില്‍ ഇവര്‍ വെച്ചിരിക്കുന്ന ഫ്‌ളാസ്‌കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണോ കവര്‍ച്ച നടത്തിയത് എന്ന സംശയമാണ് ഉയരുന്നത്. വെള്ളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ദമ്പതിമാര്‍ കൊല്ലം-വിശാഖപട്ടണം എക്‌സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങിയതായിരുന്നു.
ഇവര്‍ രാത്രിയില്‍ കായംകുളത്ത് നിന്നാണ് കയറിയത്. ജോളാര്‍ പേട്ട സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടത്. ഇതേ കോച്ചില്‍ ഹിന്ദി സംസാരിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. ഇയാള്‍ വിശാഖപട്ടണത്ത് ബിസിനസ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്നു.
രാത്രി ചുമ വന്നതോടെ മറിയാമ്മ ഫ്‌ളാസ്‌കിലെ വെള്ളമെടുത്ത് കുടിച്ചിരുന്നു. ആ സമയത്ത് സഹായിക്കാനായി ഹിന്ദി സംസാരിക്കുന്നയാളും എത്തിയിരുന്നു. വെള്ളം കുടിച്ച ശേഷം ഒന്നും ഓര്‍മയില്ലെന്ന് ഇവര്‍ പറഞ്ഞു.
ഇവര്‍ സ്റ്റേഷനില്‍ ഇറങ്ങാതിരുന്നതോടെ മകനാണ് റെയില്‍വേ പോലീസിനെ സഹായത്തിനായി സമീപിച്ചത്. ദമ്പതിമാരെ പിന്നീട് ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. വിശദമായ അന്വേഷണം പരാതിയില്‍ നടക്കുന്നുണ്ട് റെയില്‍വേ പോലീസ് പറഞ്ഞു.












Click it and Unblock the Notifications