കുഞ്ചാക്കോ ബോബനുമായുള്ള ചിത്രം പങ്കുവെച്ച് മന്ത്രി റിയാസ്, 'ന്നാ താൻ കേസ് കൊട്' എന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' പോസ്റ്ററിന് പിന്നാലെ മലവെള്ളം പോലെ വന്ന വിവാദങ്ങൾക്കെല്ലാം തൽക്കാലം വിട. നടൻ കുഞ്ചാക്കോ ബോബനുമായുള്ള ചിത്രം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഇരുവരും പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് ക്യാപഷനില്ലാതെ മന്ത്രി പങ്കുവെച്ചിരിക്കുന്നത്.
ചിത്രം വൈറലായതോടെ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫും മന്ത്രിയുടെ ഫോട്ടോയ്ക്ക് കമന്റ്മായെത്തിയിട്ടുണ്ട്. 'എന്നാൽ താൻ കേസുകൊട് ലാൽ സലാം 'എന്നാണ് എംഎൽയുടെ കമന്റ്. നിരവധി പേരാണ് മണിക്കൂറുകൾക്കകം മന്ത്രിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ക്യാപഷനില്ല ചിത്രത്തെ സമ്പന്നമാക്കാൻ നിരവധി കമന്റുകളും മന്ത്രിയുടെ പേജിൽ നിറയുന്നുണ്ട്.

ആ കേസ് ഒത്തു തീർപ്പാക്കി, ന്നാ പോയി കേസ് കൊടുക്ക്, ചാക്കോച്ചനും ചിരിയും ... എന്നിങ്ങനെ പോകുന്നു കമന്റുകൾ. മന്ത്രിയെ അഭിനന്ദിച്ച് കമന്റുകൾ നിറയുമ്പോൾ വിമർശനവുമായും ചിലർ എത്തുന്നുണ്ട്. റോഡിലെ കുഴി അവസാനിച്ചിട്ടില്ല എന്നാണ് അവരുടെ പക്ഷം. എന്തായാലും ചിത്രം സോഷ്യൽ മീഡിയിൽ ഹിറ്റായി കഴിഞ്ഞു. പതിനായിര കണക്കിന് ലൈക്കുകളാണ് മണിക്കൂറുകൾക്കകം ചിത്രത്തിന് ലഭിച്ചത്

സമീപ കാലത്ത് കേരളത്തിൽ ഏറ്റവും അധികം ചർച്ചയായ റോഡിലെ കുഴിവിവാദം കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ വീണ്ടും കൊഴുക്കുകയായിരുന്നു.
കുളി മുതൽ കുഴിമന്തി വരെ കണ്ട പ്രതിഷേധങ്ങൾ സിനിമ പോസ്റ്റർ കൂടി എത്തിയതോടെ കത്തികയറി. 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പോസ്റ്ററാണ് വിവാദമായത്.

പ്രതിപക്ഷ നേതാവും മന്ത്രി മുഹമ്മദ് റിയാസും തമ്മിൽ നീണ്ട വാക്ക് പോരിന് പുറമേ റോഡിലെ കുഴിയിലെ സോപ്പ് തേച്ച് കുളിയും, യൂത്ത് കോൺഗ്രസിന്റെ കുഴിമന്തി പ്രതിഷേധവും , യൂത്ത് ലീഗിന്റെ വാഴ നടൽ പ്രതിഷേധവും എല്ലാം പുരോഗമിക്കുമ്പോളാണ് പോസറ്റർ വിവാദം റോഡിലെ ചൂട് കൂട്ടിയത്. പോസ്റ്ററിലെ വാചകങ്ങൾ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നിറഞ്ഞു. പിന്നാലെ ബഹിഷ്കരണവും എത്തി.

'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ! എന്നാലും വന്നേക്കണേ' എന്ന പോസ്റ്ററും അണിയറ പ്രവർത്തകർ ഇറക്കി. പ്രതിപക്ഷത്തിന് പിന്നാലെ സാംസ്കാരിക മേഖലയിലെ പ്രമുഖരും ഇടത് മുന്നണിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ പോസ്റ്റർ വിവാദമാക്കേണ്ടതില്ലന്ന് അന്നു തന്നെ മന്ത്രി റിയാസ് പ്രതികരിച്ചിരുന്നു.മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും വിവാദങ്ങളെയും, ബഹിഷ്കരണത്തെയും തള്ളി രംഗത്തെത്തിയിരുന്നു. എന്തായാലും വിഷയത്തിൽ ശേഷിച്ച എല്ലാ പ്രതിഷേധങ്ങളും മന്ത്രിയുടെ ക്യാപഷനില്ല ചിത്രത്തിലെ പൊട്ടിച്ചിരിയോടെ അവസാനിച്ചു എന്നു തന്നെ പറയാം. മന്ത്രിയുടെ പേജിൽ വന്ന ഒരു രസകരമായ കമന്റ് പോലെ 'അങ്ങനെ ആ കേസും ഒത്തു തീർപ്പായി'...
സാരിയിൽ അതീവ സുന്ദരിയായി ഹണി റോസ്... പുത്തൻ ചിത്രങ്ങളും വൈറൽ...












Click it and Unblock the Notifications