മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിനുളള കാരണമെന്ത്? വെളിപ്പെടുത്തി ഇടത് എംപി ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിനുളള കാരണം വെളിപ്പെടുത്തി രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്. മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ കാരണമാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിക്കാത്തത് എന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. തന്റെ രാഷ്ട്രീയം തുറന്ന് പറയാന്‍ ഭയമില്ലാത്ത വ്യക്തിയാണ് മമ്മൂട്ടി. അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിക്കാനുളള തടസ്സവും അത് തന്നെയാണ് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഔട്ട്‌ലുക്കില്‍ എഴുതിയ കുറിപ്പില്‍ ജോണ്‍ ബ്രിട്ടാസ് പറയുന്നു.
Recommended Video
സൗഹൃദങ്ങള്‍ക്കോ മറ്റ് ബന്ധങ്ങള്‍ക്കോ ഇടയിലേക്ക് രാഷ്ട്രീയം കൊണ്ടുവരാന്‍ മമ്മൂട്ടി ശ്രമിക്കാറില്ലെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. മമ്മൂട്ടി ഇടതുപക്ഷ സഹയാത്രികനായാണ് അറിയപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള ഇടത് നേതാക്കളുമായി അടുത്ത ബന്ധം മമ്മൂട്ടി കാത്ത് സൂക്ഷിക്കുന്നുണ്ട്. പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും രാജ്യസഭാ തിരഞ്ഞെടുപ്പുകളിലും ഇടത് ടിക്കറ്റില്‍ മമ്മൂട്ടി മത്സരിച്ചേക്കുമെന്നുളള വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. സിപിഎമ്മിന്റെയും ഇടത് സര്‍ക്കാരിന്റെയും പരിപാടികളോട് മമ്മൂട്ടി സഹകരിക്കാറുണ്ട്.
സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പേളിയുടെ പൂക്കളം ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്ന് അറിയപ്പെടുന്ന മമ്മൂട്ടിക്ക് പത്മശ്രീയും ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളും അടക്കം നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുളളതാണ്. 1998ല്‍ ആണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചത്. കേരള സര്‍വ്വകലാശാലയും കാലിക്കറ്റ് സര്‍വ്വകലാശാലയും അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട്. അടുത്തിടെയാണ് മമ്മൂട്ടി സിനിമാ രംഗത്ത് 50 വര്‍ഷം തികച്ചത്. 1971 ഓഗസ്റ്റ് ആറാം തിയ്യതിയാണ് കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്.
ഓഗസ്റ്റ് ആറിന് മമ്മൂട്ടി സിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ആദ്യമായി ഒരു നടന്‍ ആയി മമ്മൂട്ടി ഒരു സിനിമയില്‍ എത്തുന്നത് 1980ല്‍ ആണ്. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ ആദ്യ ചിത്രം എംടിയുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ ആണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി അടക്കം നിരവധി ഭാഷകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുളള ദേശീയ പുരസ്‌ക്കാരം നാല് തവണ മമ്മൂട്ടി സ്വന്തമാക്കി. ഏറ്റവും കൂടുതൽ തവണ മികച്ച നടനുളള ദേശീയ പുരസ്ക്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുളള നടനും മമ്മൂട്ടി തന്നെയാണ്. ഏറ്റവും ഒടുവിലായി തമിഴ് ചിത്രമായ പേരൻപിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ ദേശീയപുരസ്ക്കാരത്തിനായി നോമിനേറ്റ് ചെയ്തത്.
അഞ്ച് തവണ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം മമ്മൂട്ടി നേടിയിട്ടുണ്ട്. 70 തികയുന്ന മമ്മൂട്ടി ഇപ്പോഴും മലയാള സിനിമയിലെ തിരക്കുളള നായകനാണ്. സിനിമാ രംഗത്ത് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പണം ചിലവാക്കിയുളള ആഘോഷം വേണ്ട എന്നാണ് സർക്കാരിനോട് മമ്മൂട്ടി വ്യക്തമാക്കിയിരിക്കുന്നതെന്ന് സിനിമ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. വളരെ ചെറിയ ചടങ്ങ് മതിയെന്നും മമ്മൂട്ടി പറഞ്ഞതായി മന്ത്രി വെളിപ്പെടുത്തി. അത് പ്രകാരം പണച്ചിലവില്ലാത്ത വിധത്തിൽ സർക്കാർ മമ്മൂട്ടിക്ക് ആദരവ് സംഘടിപ്പിക്കും.












Click it and Unblock the Notifications