കേരള ഹൈക്കോടതിയിലെ വിര്‍ച്യല്‍ ഹിയറിംഗിനിടെ ഷേവിംഗും പല്ല് തേപ്പും, വീഡിയോ വൈറൽ
കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോടതികളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഓണ്‍ലൈനിലേക്ക് മാറ്റിയിരിക്കുകയാണ്. വിര്‍ച്യല്‍ ഹിയറിംഗിനിടെ സംഭവിക്കുന്ന പല അബദ്ധങ്ങളും നേരത്തെയും വൈറലായിട്ടുളളതാണ്. ഏറ്റവും ഒടുവിലായി കേരള ഹൈക്കോടതിയിലാണ് വിര്‍ച്യല്‍ ഹിയറിംഗിനിടെ കോടതി മര്യാദകള്‍ ലംഘിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഒരാള്‍ ക്യാമറ ഓണായത് ശ്രദ്ധിക്കാതെ പല്ല് തേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
വിവാദം കത്തുമ്പോൾ യോഗം കൂടി 'അമ്മ', കൂൾ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ
ശുചിമുറിയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍ എന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ഉറക്കം എഴുന്നേറ്റ് വന്ന ഒരാള്‍ മുറിയില്‍ കൂടി നടക്കുന്നതും വാഷ് ബേസിന് മുന്നില്‍ നിന്ന് പല്ല് തേക്കുന്നതും ഷേവ് ചെയ്യുന്നതുമാണ് വീഡിയോയിലുളളത്. ജസ്റ്റിസ് വിജി അരുണിന്റെ വിര്‍ച്യല്‍ ഹിയറിംഗ് നടന്ന് കൊണ്ടിരിക്കുമ്പോഴാണ് ഈ സംഭവം. എന്നാല്‍ ഇത് ജഡ്ജിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അതേ സമയം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഇത് പോലുളള പല സംഭവങ്ങളും നേരത്തെയും ഉണ്ടായിട്ടുണ്ട്. 2021 ഡിസംബര്‍ 21ന് മദ്രാസ് ഹൈക്കോടതി ഒരു അഭിഭാഷകന് എതിരെ കോടതിയലക്ഷ്യക്കുറ്റം ചാര്‍ത്തിയിരുന്നു. ആര്‍ഡി സന്താന കൃഷ്ണന്‍ എന്ന അഭിഭാഷകന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിനിനിടെ ഒരു സ്ത്രീയെ കെട്ടിപ്പിടിക്കുന്നതായി ക്യാമറയില്‍ കണ്ടതായിരുന്നു കാരണം. അതിന് മുന്‍പ് മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജെയ്‌സിംഗിന്റെ ഒരു ട്വീറ്റ് വാര്‍ത്തയായിരുന്നു. കര്‍ണാടക ഹൈക്കോടതിയിലെ വര്‍ച്യല്‍ ഹിയറിംഗിനിടെ ഒരാള്‍ അര്‍ദ്ധ നഗ്നനായി പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കോടതിയലക്ഷ്യത്തിനും ലൈംഗിക പീഡനത്തിനും പരാതി നല്‍കും എന്നാണ് ഇന്ദിര ജയ്‌സിംഗ് വ്യക്തമാക്കിയിരുന്നത്.
അഭിഭാഷകരും കക്ഷികളും ഓണ്‍ലൈന്‍ ഹിയറിംഗിനിടെ മര്യാദയ്ക്ക് വസ്ത്രം ധരിക്കാതെ പ്രത്യക്ഷപ്പെടുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. 2020 ഏപ്രിലില്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഒരു അഭിഭാഷകന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ഹാജരായത് ബനിയന്‍ ധരിച്ചായിരുന്നു. ദില്ലി ഹൈക്കോടതി ഹിയറിംഗിനിടെയും സമാന സംഭവം ഉണ്ടായി. ഈ അഭിഭാഷകന് ഹൈക്കോടതി പതിനായിരം രൂപയാണ് പിഴ ചുമത്തിയത്. 2020 ജൂണില്‍ ഒരു അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ഹാജരാകുമ്പോള്‍ ടീ ഷര്‍ട്ട് ധരിച്ച് കട്ടിലില്‍ കിടക്കുന്ന തരത്തിലായിരുന്നു. 2020 ഓഗസ്റ്റില്‍ ഒരു അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ഹാജരായത് ഗുഡ്ക ചവച്ച് കൊണ്ടിയിരുന്നു. തുടര്‍ന്ന് കോടതിക്ക് മുന്നില്‍ ഇയാള്‍ക്ക് ക്ഷമ പറയേണ്ടതായി വന്നു.












Click it and Unblock the Notifications