മാവോയിസ്‌റ്റ് നേതാവ് സിപി മൊയ്‌ദീൻ പിടിയിൽ; ആലപ്പുഴയിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത് എടിഎസ്
ആലപ്പുഴ: മാവോയിസ്‌റ്റ് നേതാവും കബനി ദളത്തിലെ അവസാന കണ്ണിയുമായ സിപി മൊയ്‌ദീൻ അറസ്‌റ്റിൽ. തീവ്രവാദ വിരുദ്ധസേനയാണ് ആലപ്പുഴ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ നിന്നും പിടികൂടിയത്. കബനി ദളത്തിലെ തന്നെ മറ്റൊരു പ്രവത്തകനായ സോമനെ ഷോർണൂരിൽ നിന്നും മറ്റൊരു പ്രവത്തകനായ മനോജിനെ കൊച്ചിയിൽ നിന്നും നേരത്തെ എടിഎസ് പിടികൂടിയിരുന്നു.
മൊയ്‌ദീൻ കഴിഞ്ഞ ദിവസം അങ്കമാലിയിൽ എത്തിയതായി എടിഎസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. പിന്നീട് ഇയാൾ മറ്റൊരിടത്തേക്ക് മാറിയിരുന്നു. തുടർന്ന് എടിഎസ് സംഘം ആലപ്പുഴ, എറണാകുളം മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയിരുന്നു. നിലവിൽ കബനീദളത്തിൽ മൊയ്‌ദീൻ മാത്രമാണ് കേരളത്തിൽ നിന്ന് അവശേഷിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കേരളത്തിൽ നിന്ന് തന്നെയുള്ള വയനാട്ടുകാരിയായ ജിഷ കർണാടക വിരാജ്പേട്ട് കേന്ദ്രീകരിച്ചുള്ള വിക്രം ഗൌഡയുടെ സംഘാംഗമായാണ് നിലവിൽ പ്രവർത്തിക്കുന്നത്. നാടുകാണി ദളം, ശിരുവാണി ദളം, ബാണാസുരദളം, കബനിദളം എന്നിങ്ങനെ നാലായി തിരിഞ്ഞാണ് മുൻപ് മാവോവാദികൾ കേരളത്തിലും തമിഴ്‌നാട്ടിലുമായി പ്രവർത്തിച്ചു വന്നിരുന്നത്.
തീവ്രവാദ വിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലിൽ പ്രവർത്തകർ കൊല്ലപ്പെട്ടതോടെ മറ്റ് ദളങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. നേരത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിപി ജലീലിന്റെ സഹോദരനാണ് ഇപ്പോൾ പിടിയിലായ സിപി മൊയ്‌ദീൻ. ഇതോടെ കേരളത്തിലെ കബനീദളത്തിന്റെ ചിറകരിഞ്ഞിരിക്കുകയാണ് എടിഎസ്.
യുഎപിഎ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മാവോയിസ്‌റ്റ് നേതാവും കൽപ്പറ്റ സ്വദേശിയുമായ സോമൻ ജൂലൈ മാസത്തിൽ എടിഎസിന്റെ പിടിയിലായിരുന്നു. ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
മാവോയിസ്‌റ്റ് കബനിദളം അംഗം തൃശൂർ സ്വദേശി മനോജിനെ എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് ജൂലൈ മാസത്തിൽ എടിഎസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് സോമനെ കുറിച്ചുള്ള വിവരങ്ങളും ലഭിച്ചത്. ഇതോടെ ഒരു മാസത്തെ ഇടവേളയ്ക്കുള്ളിൽ മൂന്ന് പ്രമുഖ മാവോ നേതാക്കളെ കസ്‌റ്റഡിയിൽ എടുക്കാൻ എടിഎസിന് കഴിഞ്ഞു.
വയനാട്, കൊട്ടിയൂർ മേഖലകളിലെ സ്ഥിര സാന്നിധ്യമായിരുന്ന സിപി മൊയ്‌ദീനും സംഘവും വലിയ തലവേദനയാണ് പോലീസിന് സൃഷ്‌ടിച്ചിരുന്നത്. പതിമൂന്ന് അംഗങ്ങൾ ഉണ്ടായിരുന്ന കബനീദളം തെറ്റിപിരിഞ്ഞിരുന്നു. ഇവരിൽ ഭൂരിഭാഗം പേരും കർണാടകയിലെ ഗൗഡ വിഭാഗത്തിനൊപ്പമാണ് ചേർന്നത്. മൊയ്‌ദീൻ കൂടി അറസ്‌റ്റിലായതോടെ കബനീദളം നാമാവശേഷമായി എന്ന് വേണം പറയാൻ.












Click it and Unblock the Notifications