കോഴിക്കോട്ടെ മാവോയിസ്‌റ്റ് ഭീഷണി; പിണറായി പങ്കെടുക്കുന്ന നവകേരള സദസിന് സുരക്ഷ കൂട്ടും
കോഴിക്കോട് ജില്ലാ കളക്‌ടര്‍ക്ക് മാവോയിസ്‌റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ പരിശോധനകളും സുരക്ഷയും ശക്തമാക്കാൻ തീരുമാനം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉൾപ്പെടെ പങ്കെടുക്കുന്ന നവകേരള സദസ് നവംബർ 25ന് കോഴിക്കോട് വച്ച് നടക്കാനിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ കളക്‌ടര്‍ക്ക് കിട്ടിയ ഭീഷണിക്കത്ത് അതീവ ഗൗരവത്തോടെയാണ് രഹസ്യാന്വേഷണ വിഭാഗം നോക്കികാണുന്നത്. കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്‌ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന് മാവോയിസ്‌റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് കിട്ടുന്നത്. സിപിഐ(എം.എല്‍) റെഡ് ഫ്ലാഗിന്റെ പേരിലാണ് കത്ത്.

പിണറായി സര്‍ക്കാറിന്‍റെ വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും എന്നാണ് കത്തിലെ പ്രധാന ഭീഷണി. കത്ത് കിട്ടിയ കാര്യം കളക്‌ടറും രഹസ്യാനേഷണ വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ ഭീഷണിക്കത്ത് കളക്‌ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സ്പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങൾ അന്വേഷണം തുടങ്ങിയെന്നാണ് സൂചന.
ദിവസങ്ങൾക്ക് മുൻപ് കണ്ണൂർ കരിക്കോട്ടക്കിരി മേഖലയിൽ മാവോയിസ്‌റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഉരുപ്പംകുറ്റിക്ക് സമീപം പാറക്കപ്പാറ എന്ന സ്ഥലത്ത് വനത്തിനുള്ളിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. വയനാട് പേരിയയിലും സമാനമായ രീതിയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.












Click it and Unblock the Notifications