ഡ്രൈവർക്കെതിരെ ഏകപക്ഷീയ നടപടിയില്ല; സമ്മർദ്ദത്തിന് വഴങ്ങാതെ ഗണേഷ് കുമാർ, ആരോപണം ആവർത്തിച്ച് ആര്യ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്ക് തർക്കവുമായി ബന്ധപ്പെട്ട വിവാദത്തിൽ സമ്മർദ്ദത്തിന് വഴങ്ങാതെ ഗതാഗത വകുപ്പും കെഎസ്ആർടിസിയും. ആരോപണ വിധേയനായ ഡ്രൈവർ യദുവിനെതിരെ തിരക്കിട്ട നടപടി വേണ്ടെന്നാണ് മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശം.
ഒരു വശത്ത് മേയറും എംഎൽഎയും ആയതിനാൽ തന്നെ സ്വാഭാവികമായി കേസിൽ ഡ്രൈവർക്ക് എതിരെ നടപടിയെടുക്കാൻ സമ്മർദ്ദം ഉയരുന്നുണ്ട്. എന്നാൽ ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ഗണേഷ് കുമാർ ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ട് വന്ന ശേഷം മാത്രമേ നടപടി വേണ്ടൂ എന്നാണ് അദ്ദേഹം പറയുന്നത്.

അതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് കെഎസ്ആർടിസി വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞ വസ്‌തുതകളാണ്. യാത്രക്കാർ മുഴുവനും ഡ്രൈവർക്ക് അനുകൂലമായാണ് മൊഴി നൽകിയിരിക്കുന്നത്. ഇവരിൽ ഒരാൾ പോലും ഡ്രൈവർക്ക് എതിരെ പ്രതികൂലമായി സംസാരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇതാണ് മന്ത്രിയെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന.
അതുകൊണ്ട് തന്നെ വിജിലൻസിന്റെയും പോലീസിന്റെയും അന്തിമ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാമെന്ന നിലപാടിലാണ് മന്ത്രി. എന്നാൽ അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേയർക്ക് എതിരായുള്ള കരുതി കൂട്ടിയുള്ള ആക്രമണമാണ് സംഭവത്തിന് പിന്നാലെ എന്നാണ് സിപിഎം നൽകുന്ന വിശദീകരണം.
മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ചില ഭരണകക്ഷി യൂണിയനുകളും ഡ്രൈവർ യാദവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ മന്ത്രിയുടെ നിർദ്ദേശപ്രകാരം ബസിൽ ടിക്കറ്റ് റിസർവ് ചെയ്‌ത ആളുകളുടെ നമ്പർ ശേഖരിച്ച് മൊഴിയെടുത്തിരുന്നു. കണ്ടക്‌ടറും ഡ്രൈവർക്ക് അനുകൂലമായ മൊഴിയാണ് നൽകിയിരിക്കുന്നത്.
മേയറും സംഘവും അനാവശ്യമായി ഡ്രൈവറെ പ്രകോപിപ്പിച്ചുവെന്നും കൂടാതെ തങ്ങളുടെ യാത്ര മുടക്കിയെന്നും ചിലർ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതോടെ മേയർ ആര്യ രാജേന്ദ്രനും സിപിഎമ്മും കൂടുതൽ വെട്ടിലാവുകയാണ്. ഇതിന് പിന്നാലെ എംഎൽഎ സച്ചിൻദേവ് ഇന്ന് ഗതാഗതമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അതേസമയം, ആരോപണം ഇന്നും ആവർത്തിക്കുകയാണ് മേയർ ആര്യ രാജേന്ദ്രൻ. കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്നും കാറിൽ പലതവണയായി ബസ് ഇടിക്കാൻ ശ്രമിച്ചെന്നുമാണ് ആര്യ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തിൽ നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മേയർ കൂട്ടിച്ചേർത്തു.
അതിനിടെ ട്രിപ്പ് മുടക്കിയതിൽ മേയർക്കും എംഎൽഎക്കും എതിരെ കേസെടുക്കണം എന്ന ആവശ്യവും ശക്തമാണ്. എംഎൽഎ നേരിട്ട് ചെന്നാണ് തങ്ങളെ ബസിൽ നിന്നിറക്കിയതെന്നാണ് യാത്രക്കാരിൽ ചിലർ ആരോപിക്കുന്നത്. കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications