'ഇടതുപക്ഷത്തിന് നിരക്കാത്ത ഒന്നും ഇതുവരെ ചെയ്‌തിട്ടില്ല, ഞങ്ങളുടെ ദൈവം ജനങ്ങളാണ്'; പ്രതികരിച്ച് ആര്യ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിന് കുറുകെ കാർ ചവിട്ടി നിർത്തി ഡ്രൈവറുമായി നടുറോഡിൽ വാക്കേറ്റത്തിൽ ഏർപ്പെട്ട തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ വിഷയത്തിൽ ആര്യയുടെയും ഡ്രൈവറുടെയും ഒക്കെ ഭാഗവും വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആര്യ രാജേന്ദ്രൻ. മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് യുവ മേയർ തന്റെ ഭാഗം വ്യക്തമാക്കിയത്. തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ തളരില്ലെന്നും ഇതുവരെ ഇടതുപക്ഷത്തിന് ചേരാത്ത കാര്യങ്ങളൊന്നും ചെയ്‌തിട്ടില്ലെന്നുമാണ് ആര്യ പറയുന്നത്.

മോശമായ ഇടപെടലിന് എതിരെ പ്രതികരിക്കുകയാണ് ചെയ്‌തതെന്നും അതിൽ തന്റെ കുടുംബം കൂടി ഉൾപ്പെട്ടതാണ് പ്രയാസം ഉണ്ടാക്കിയതെന്നും ആര്യ പറയുന്നു. അതിശക്തമായി സംസാരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും ധിക്കാരി എന്ന് വിളിക്കുന്നത് കേട്ടാല് പ്രശ്‌നമൊന്നുമില്ലെന്നും മേയർ ചൂണ്ടിക്കാട്ടി.
'ആരോപണങ്ങളിൽ തളർന്നിട്ടില്ല. ഒരു വിഷയം ഉണ്ടാവുമ്പോൾ അത് എങ്ങനെ നേരിടണം എന്ന ധാരണ നമുക്ക് ഉണ്ടാവും. ആ നിലപാട് ശരിയെന്ന് തോന്നിയാൽ എന്ത് വന്നാലും അതിൽ ഉറച്ചു നിൽക്കണം. ആ നിലപാടിനോട് താത്പര്യം ഇല്ലാത്തവരാണ് വിമർശനം ഉന്നയിക്കുന്നത്. സത്യസന്ധമായാണ് കാര്യങ്ങളിൽ ഇടപെടുന്നത്. എല്ലാത്തിനെയും ശക്തമായി നേരിടും' ആര്യ വ്യക്തമാക്കി.
കെഎസ്ആർടിസി ഡ്രൈവറുമായി ഉണ്ടായ പ്രശ്‌നം നഗരസഭയുടെ വിഷയം അല്ലെന്നും വ്യക്തിപരം കൂടിയാണെന്നും അവർ പറഞ്ഞു. 'ഇതിൽ എന്റെ സഹോദരന്റെ ഭാര്യ കൂടി ഉൾപ്പെട്ടതാണ് പ്രയാസം. കുടുബത്തിലെ മറ്റൊരാളെ ഇത് ബാധിച്ചു എന്ന് പറയുന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വിഷമം' ആര്യ ചൂണ്ടികാട്ടി.
'ട്രാഫിക് നിയമങ്ങൾ ലംഘിച്ചു എന്ന് കണ്ടെത്തിയാൽ പിഴ അടയ്ക്കാൻ ഒരുക്കമാണ്. പക്ഷേ ഡ്രൈവർ മോശമായി പെരുമാറിയതിന് കുറിച്ച് ആരും ഒന്നും പറയുന്നില്ല. മോശമായ ഒരു ഇടപെടൽ ഉണ്ടായപ്പോൾ അതിൽ ഇടപെടാനാണ് ശ്രമിച്ചത്. സൈബർ ആക്രമണം തടയാൻ പോലീസ് നടപടി സ്വീകരിക്കണം. അതിപ്പോൾ എന്റെ ആവശ്യമാണ്.' ആര്യ കൂട്ടിച്ചേർത്തു.
ഭർത്താവായ സച്ചിൻ ദേവ് എംഎൽഎ യാത്രക്കാരെ ഇറക്കി വിട്ടു എന്ന ആരോപണം ആര്യ തള്ളിക്കളഞ്ഞു. 'ഇക്കാര്യത്തിൽ കണ്ടക്‌ടറോടോ മറ്റ് യാത്രക്കാരോടോ ചോദിക്കാം. പൊതുജനങ്ങളെ ഇറക്കി വിട്ടിട്ടില്ല. ഒരു ജനപ്രിതിനിധിയെ സംബന്ധിച്ച് ജനങ്ങൾ എന്നാൽ ദൈവമാണ്.' ആര്യ രാജേന്ദ്രൻ പ്രതികരിച്ചു.












Click it and Unblock the Notifications