'കാലടി വെറുമൊരു സമരമുഖമല്ല, സംഘപരിവാറിന് കേരളം അടിയറവെക്കാതിരിക്കാനുള്ള ചെറുത്തുനിൽപ്പ്'; എംബി രാജേഷ്
തൃശൂർ: കാലടി സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദം ഇതുവരെ അടങ്ങിയിട്ടില്ല. സിപിഎമ്മിന്റെ പല മുതിർന്ന നേതാക്കളും ഇക്കാര്യത്തിൽ അഭിപ്രായം പ്രകടനം നടത്തി വരുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എംബി രാജേഷ്.
കാലടി സർവകലാശാലയിലെ വിസി സിസ തോമസിന്റെ നിലപാടുകളെ നേരത്തെയും തള്ളിപറഞ്ഞിട്ടുള്ള ആൾ കൂടിയാണ് എംബി രാജേഷ്. ഹൈക്കോടതി കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ വിഷയത്തിൽ നടത്തിയ പ്രതികരണവും അദ്ദേഹം എടുത്തുപറഞ്ഞു. അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു, ഹൈക്കോടതി ഉദ്ധരിച്ച കുഞ്ചൻ നമ്പ്യാരുടെ വരികളാണിതെന്ന് എംബി രാജേഷ് പറയുന്നു.

ആക്രമണമുണ്ടായില്ലെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയപ്പോൾ ഹാജരില്ലെന്നായെന്നും എംബി രാജേഷ് പറയുന്നു. മൂന്ന് മാസം സസ്‌പെൻഡ് ചെയ്‌താൽ എങ്ങനെയാണ് ക്ലാസിൽ ഹാജരാകുകയെന്ന് എംബി രാജേഷ് ചോദിച്ചു. കോടതി പറഞ്ഞിട്ടും പരീക്ഷയ്ക്കിരുത്തിയില്ലെന്നും എല്ലാം ചെയ്‌ത ശേഷം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുവെന്നും രാജേഷ് ചൂണ്ടിക്കാട്ടി.
കാലടി വെറുമൊരു സമരമുഖമല്ല. സംഘപരിവാറിന് കേരളം അടിയറവെക്കാതിരിക്കാനുള്ള ചെറുത്തുനിൽപാണെന്നും കാലടിയിലൂടെ സംഘപരിവാർ കേരളത്തെ മുഴുവൻ കാലടിക്കുള്ളിലാക്കാനാണ് ശ്രമമെന്നും രാജേഷ് പറയുന്നു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു എംബി രാജേഷിന്റെ പ്രതികരണം. മന്ത്രി റോജി ജോണിന്റെയും യുഡിഎഫിന്റെയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് വിമർശനം.
എംബി രാജേഷിന്റെ വാക്കുകൾ
അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു. ഹൈക്കോടതി ഉദ്ധരിച്ച കുഞ്ചൻ നമ്പ്യാരുടെ വരികളാണിത്. ഏതു പുര? കാലടി സർവകലാശാല. എന്തുകൊണ്ട് അരിശം തീരാതെ? പതിനാറ് കുട്ടികളെ സസ്‌പെൻഡ് ചെയ്‌ത് പുറത്തിട്ടു. ശവമഞ്ചഘോഷയാത്ര നടത്തിയെന്ന് നാടാകെ കള്ളം പറഞ്ഞു. അതു പൊളിഞ്ഞപ്പോൾ ആക്രമണ കഥയുണ്ടാക്കി.
ആക്രമണമുണ്ടായില്ലെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയപ്പോൾ ഹാജരില്ലെന്നായി. മൂന്നുമാസം സസ്‌പെൻഡ് ചെയ്‌താൽ എങ്ങനെയാണ് ക്ലാസിൽ ഹാജരാകുക?! കോടതി പറഞ്ഞിട്ടും പരീക്ഷയ്ക്കിരുത്തിയില്ല. എല്ലാം ചെയ്‌ത ശേഷം മാപ്പ് പറയണമത്രേ, മാപ്പ്! മാപ്പിന് കോടതി ചെലവില്ലല്ലോ, എളുപ്പമല്ലേ എന്ന് മന്ത്രി റോജി!.
കാലടി വെറുമൊരു സമരമുഖമല്ല. സംഘപരിവാറിന് കേരളം അടിയറവെക്കാതിരിക്കാനുള്ള ചെറുത്തുനിൽപ്പാണ്. കാലടിയിലൂടെ സംഘപരിവാർ കേരളത്തെ മുഴുവൻ കാലടിക്കുള്ളിലാക്കാനാണ് ശ്രമിക്കുന്നത്. യു ഡി എഫ് പരിവാറിന്റെ ഒറ്റുകാരാണ്. സംഘപരിവാറിനെതിരെ, യു ഡി എഫ് ഒറ്റുകാർക്കെതിരെ, കാലടിയിലെ കുട്ടികൾക്കൊപ്പം.


Click it and Unblock the Notifications
