'ലീഗുകാർ ഒന്നുകിൽ പിഎം ശ്രീ അറബിക്കടലിൽ എറിയണം, അല്ലെങ്കിൽ അവർക്ക് അറബിക്കടലിൽ പോയി ചാടാം'; എംബി രാജേഷ്
പാലക്കാട്: പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യുഡിഎഫ് എംപിമാർക്ക് നന്ദി അറിയിച്ച് പരിഹാസവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ് രംഗത്ത്. വിഷയത്തിൽ പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങളുടെ പേരിലാണ് യുഡിഎഫ് എംപിമാർക്ക് അദ്ദേഹം നന്ദി അറിയിച്ചത്. ലീഗിന്റെ എംപി വഹാബ്ക്കക്കും കോൺഗ്രസ് എംപി ജെബി മേത്തർക്കും ഒരു ലോഡ് അഭിനന്ദനമെന്നാണ് രാജേഷ് പറയുന്നത്.
പിഎംശ്രീ വിഷയത്തിലെ യുഡിഎഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയതിനാണ് യുഡിഎഫ് എംപിമാർക്ക് അദ്ദേഹം നന്ദി അറിയിച്ചത്. ഇന്നലെ ജെബി മേത്തറുടെ ഊഴമായിരുന്നുവെന്നും എൽഡി എഫ് സർക്കാർ പി എംശ്രീയിൽ ഒപ്പിട്ട് പണം വാങ്ങിയതിനാൽ ഇനി പിൻമാറാനാവില്ല എന്ന യുഡിഎഫ് നുണയാണ് പാർലിമെന്റിൽ വാങ്ങിയെടുത്ത ഒരു മറുപടിയിലുടെ ജെബി മേത്തർ പൊളിച്ചടുക്കിയതെന്നും എംബി രാജേഷ് വ്യക്തമാക്കി.

ലീഗിന്റെ സ്വന്തം അബ്‌ദുൾവഹാബിന്റെ വക ചോദ്യത്തിന് അതേ മന്ത്രിയുടെ മറുപടിയിൽ പിഎം ശ്രീയിൽ നിന്ന് പിൻമാറാൻ സംസ്ഥാനങ്ങൾക്ക് തടസമില്ലെന്നു കൂടി വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോഴെന്നും രാജേഷ് പറഞ്ഞു. ലീഗിനെ വിഷയത്തിൽ രാജേഷ് പരിഹസിച്ചു. ലീഗിന് രണ്ട് ഓപ്ഷനുണ്ടെന്നും ഒന്നുകിൽ പിഎം ശ്രീ അറബിക്കടലിലെറിയാം അല്ലെങ്കിൽ അവർക്ക് അറബിക്കടലിൽ ചാടാമെന്നും അദ്ദേഹം പറഞ്ഞു.
എംബി രാജേഷിന്റെ വാക്കുകൾ: കൺഗ്രാജുലേഷൻസ്, യുഡിഎഫ് എംപിമാരെ അഭിനന്ദിക്കാൻ ഇപ്പോഴാണ് ആദ്യമായി ഒരു അവസരം കിട്ടുന്നത്. ലീഗിന്റെ എംപി വഹാബ്ക്കക്കും കോൺഗ്രസ് എംപി ജെബി മേത്തർക്കും ഒരു ലോഡ് അഭിനന്ദനം. എന്തിനാണെന്നല്ലേ? പിഎംശ്രീ വിഷയത്തിലെ യുഡിഎഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയതിന്. ഇന്നലെ ജെബി മേത്തറുടെ ഊഴമായിരുന്നു. എൽഡി എഫ് സർക്കാർ പി എംശ്രീയിൽ ഒപ്പിട്ട് പണം വാങ്ങിയതിനാൽ ഇനി പിൻമാറാനാവില്ല എന്ന യുഡിഎഫ് നുണയാണ് പാർലിമെന്റിൽ വാങ്ങിയെടുത്ത ഒരു മറുപടിയിലുടെ ജെബി പൊളിച്ചടുക്കിയത്.
കേരളത്തിന് കൊടുത്തത് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അവകാശപ്പെട്ട സമഗ്ര ശിക്ഷാ കേരളയുടെ 99.27കോടി മാത്രമാണെന്നാണ് ജെബിക്ക് മന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടി. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്‌റ്റ് എൽഡിഎഫ് സർക്കാർ നൽകിയിരുന്നില്ലെന്നും മന്ത്രി അറിയിച്ചു. ഇന്ന് ലീഗിന്റെ സ്വന്തം അബ്‌ദുൾവഹാബിന്റെ വക ചോദ്യത്തിന് അതേ മന്ത്രിയുടെ മറുപടിയിൽ പിഎം ശ്രീയിൽ നിന്ന് പിൻമാറാൻ സംസ്ഥാനങ്ങൾക്ക് തടസമില്ലെന്നു കൂടി വ്യക്തമാക്കിയിരിക്കുന്നു.
താങ്ക് യു ഗയ്‌സ്. യുഡിഎഫ് എംപി മാരെക്കൊണ്ട് ഒടുവിൽ ഗുണമുണ്ടായിരിക്കുന്നു. അറബിക്കടൽ വറ്റിയിട്ടില്ല ലീഗുകാരേ.... ലീഗിന് രണ്ട് ഓപ്ഷനുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് പറഞ്ഞതുപോലെ പിഎം ശ്രീ അറബിക്കടലിലെറിയാം. അല്ലെങ്കിൽ സ്വയം അറബിക്കടലിൽ പോയി ചാടാം.




Click it and Unblock the Notifications