'നാട്ടില്‍ മുഴുവന്‍ വീര്യം കുറഞ്ഞ മദ്യമൊഴുക്കാനാണ് യുഡിഎഫ് സർക്കാരിന്റെ തീരുമാനം'; എംബി രാജേഷ്
പാലക്കാട്: വിഡി സതീശൻ അവതരിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിൽ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ്. ബജറ്റിലെ മദ്യവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളിലാണ് രാജേഷ് വിമർശനം ഉന്നയിക്കുന്നത്. കേരളത്തിൽ മുഴുവൻ വീര്യം കുറഞ്ഞ മദ്യം ഒഴുക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണമാണ് എംബി രജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അഴിമതിയാണ് ബജറ്റിലൂടെ യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് എംബി രാജേഷ് ആരോപിക്കുന്നത്. സ്‌പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യതിനാണ് നികുതി കുറച്ചത്. അഴിമതിയാണ് ബജറ്റ് വഴി അവർ ലക്ഷ്യമിടുന്നത്. ഇതോടെ മദ്യം സുലഭമായി മാറും. പുതിയ തലമുറ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യും. മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവർ മദ്യം സുലഭമാക്കുകയാണ്; എംബി രാജേഷ് ചൂണ്ടിക്കാട്ടി.

ഈ തീരുമാനത്തിന് പിന്നിൽ കർണാടക മദ്യലോബിയാണെന്നും ഇതിനായി എത്ര പണം കിട്ടിയെന്ന് വിഡി സതീശൻ വ്യക്തമാക്കണമെന്നും എംബി രാജേഷ് പറഞ്ഞു. പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കുന്നതായിരുന്നു എല്‍ഡിഫ് നല്‍കിയ അനുമതിയെന്നും യുഡിഎഫ് സ്‌പിരിറ്റ് ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാനാണ് അനുമതി നല്‍കുന്നതെന്നും എംബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സമൂഹത്തോടുള്ള അന്യായത്തിനും അഴിമതിക്കുമുള്ള കളമൊരുക്കയാണ് യുഡിഎഫ്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് സഹായം ചെയ്‌തു കൊടുക്കുകയാണ് അവർ. എൽഡിഎഫ് നിഷേധിച്ച നികുതിയിളവാണ് യുഡിഎഫ് അനുവദിക്കുന്നത്. ഭീമന്‍ വരുമാനനഷ്‌ടമാണ് നികുതിയിളവിലൂടെ യുഡിഎഫ് നടത്തുന്നത്. ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇത് റെഡി ടു ഡ്രിങ്ക് മദ്യമാണ്. ശീതളപാനീയം പോലെ കുടിക്കാവുന്ന മദ്യം ബെവ്‌ക്കോ ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങാം സുലഭമായി ഉപയോഗിക്കാം. പ്രമുഖ കമ്പനിയായ ബക്കാര്‍ഡി പോലുള്ളവയുടെ വിപണി സുലഭമാക്കുന്ന തീരുമാനമാണിത്. ഏറ്റവും ചുരുങ്ങിയത് 600 കോടി രൂപയുടെ നഷ്‌ടം ഈ നികുതി ഇളവിലൂടെ വരുത്തിയിരിക്കുകയാണ്; എന്നും എംബി രാജേഷ് ആരോപിക്കുന്നു.
അതേസമയം, ബജറ്റിലെ ചില പ്രഖ്യാപനങ്ങളിൽ രാജേഷ് ഫേസ്‌ബുക്കിലൂടെയും യുഡിഎഫ് സർക്കാരിനെ വിമർശിച്ചു. തൃത്താലക്ക് എൽഡിഎഫ് സർക്കാരിന്റെ ബജറ്റിൽ മൂന്നുമാസം മുമ്പ് അനുവദിച്ചതും അന്നു തന്നെ അക്കമിട്ടു നിരത്തിയതുമായ പദ്ധതികൾ സ്വന്തം അക്കൗണ്ടിലാക്കുന്നത് എത്ര പരിഹാസ്യമാണ്? ഈ ബജറ്റിൽ അവതരിപ്പിച്ച പുതിയ പദ്ധതികളുടെ മാത്രം പിതൃത്വമേറ്റെടുത്താൽ പോരേ? എന്നായിരുന്നു എംബി രാജേഷിന്റെ ചോദ്യം.












Click it and Unblock the Notifications