മന്ത്രിയായി അധികാരമേറ്റ് എംബി രാജേഷ്; വകുപ്പിൽ മാറ്റമില്ല, തദ്ദേശ, എക്സൈസ് വകുപ്പുകളുടെ ചുമതല
തിരുവനന്തപുരം; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് എംബി രാജേഷ്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് മന്ത്രിമാർ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് സ്പീക്കറായിരുന്നു എം ബി രാജേഷ് മന്ത്രിസഭയിൽ എത്തുന്നത്. എം വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്സൈസ്, തൊഴിൽ വകുപ്പുകൾ തന്നെ എം ബി രാജേഷിന് നൽകും. എക്സൈസ് വകുപ്പ് വി എൻ വാസവന് നൽകി സാംസ്കാരിക തൊഴിൽ വകുപ്പുകൾ രാജേഷിന് നൽകിയേക്കുമോയെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. വകുപ്പുകൾ സംബന്ധിച്ച തീരുമാനം വൈകാതെ മുഖ്യമന്ത്രി ഗവർണറെ അറിയിക്കും. തുടർന്ന് ഗവർണർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും.
ഗായത്രിയുടെ കണ്ണിന് സ്പെഷ്യൽ പവർ ഉണ്ടോയെന്ന് ആരാധകർ,എന്തൊരു സുന്ദരിയെന്ന്; വൈറലായി സാരി ചിത്രങ്ങൾ

അതേസമയം മന്ത്രിസ്ഥാനം ലഭിച്ചത് തൃത്താലയിലെ ജനങ്ങൾക്ക് ലഭിച്ച അംഗീകാരമായിട്ടാണ് കണക്കാക്കുന്നതെന്ന് എം ബി രാജേഷ് പ്രതികരിച്ചു. സ്പീക്കർ പദവിയിലിരിക്കുമ്പോൾ ഒരുപാട് പാഠങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും രാഷ്ട്രീയത്തിൽ ഇടപെടാതെ തന്നെ രാഷ്ട്രീയം പറയാൻ കഴിഞ്ഞുവെന്നത് നേട്ടമായി കാണുകയാണെന്നും രാജേഷ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. മന്ത്രി എന്ന നിലയിലുള്ള ജോലി ഭംഗിയായി നിർവ്വഹിക്കുമെന്നും രാജേഷ് വ്യക്തമാക്കി.

തൃത്താലയിൽ നിന്നും കോൺഗ്രസ് നേതാവ് വിടി ബൽറാമിനെ പരാജയപ്പെടുത്തിയായിരുന്നു എം ബി രാജേഷ് എം എൽ എയായത്. സി പി എമ്മിനെ സംബന്ധിച്ച് അഭിമാന വിജയമായിരുന്നു വിടിയ്ക്കെതിരെ രാജേഷ് നേടിയത്. തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന് സ്പീക്കർ പദവി ലഭിച്ചത്.

അതേസമയം സ്പീക്കർ പദവിയിൽ നിന്നും മന്ത്രിസ്ഥാനത്ത് എത്തുന്ന ആദ്യ നേതാവാല്ല രാജേഷ്. നേരത്തേ സി എച്ച് മുഹമ്മദ് കോയ, വി എം സുധീരൻ, ടി എസ് ജോൺ, പി പി തങ്കച്ചൻ, എം വിജയകുമാർ എന്നിവരും കേരള നിയമസഭയിൽ സ്പീക്കർ പദവി രാജിവെച്ച് മന്ത്രിമാരായവരാണ്. നിലവിൽ സി പി എം സംസ്ഥാന സമിതി അംഗമാണ് എം ബി രാജേഷ്. രണ്ട് തവണ പാലക്കാട് നിന്നും തുടർച്ചയായിരുന്നു എം പിയായിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications