'ശബരി റെയിൽ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം, 5217 കോടിയുടെ എംസി റോഡ് നവീകരണത്തിനും അനുമതി'; ധനമന്ത്രി
തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിർണായക പദ്ധതികൾക്ക് കിഫ്‌ബി അംഗീകാരം നൽകിയതായി വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ 1900 കോടി രൂപ ചിലവാക്കാൻ കിഫ്ബി സിഇഒയെ ചുമതലപ്പെടുത്തിയെന്ന് ധനമന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു. ഇത് കൂടാതെ എംസി റോഡ് നവീകരണമാണ് അനുമതി ലഭിച്ച മറ്റൊരു പ്രധാന പദ്ധതി.
തിരുവനന്തപുരത്തെ കേശവദാസപുരം മുതൽ എറണാകുളത്തെ അങ്കമാലി വരെയുള്ള എംസി റോഡ് നാല് വരിയാക്കാൻ 5217 കോടി രൂപ ചിലവഴിക്കാനും തത്ത്വത്തിൽ അംഗീകാരമായതായി ധനമന്ത്രി പ്രഖ്യാപിച്ചു. എയ്‌റോ സ്‌പെയ്‌സ് കൺട്രോൾ സിസ്‌റ്റംസ് കോംപ്ലക്‌സ് സ്ഥാപിക്കാൻ ഭൂമിയേറ്റെടുക്കലിന് 600 കോടി നൽകുന്നതുൾപ്പെടെ ആകെ 8081 കോടിയുടെ പദ്ധതികൾക്കാണ് കിഫ്‌ബി തത്വത്തിൽ അംഗീകാരം നൽകിയത്.

കെഎൻ ബാലഗോപാലിന്റെ വാക്കുകൾ
സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വിസ്‌മയകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന രണ്ട് ബൃഹദ് പദ്ധതികൾക്ക് ഇന്ന് ചേർന്ന 56-ാമത് കിഫ്ബി ബോർഡ് യോഗം തത്വത്തിൽ അംഗീകാരം നൽകി. ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആകെ 689.45 കോടി രൂപയുടെ 14 പദ്ധതികൾക്ക് ധനാനുമതിയും, 8081 കോടി രൂപയുടെ 11 പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരവുമാണ് നൽകിയത്.
ഈ യോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രഖ്യാപനങ്ങൾ:
* ശബരി റെയിൽവേ പദ്ധതി: അങ്കമാലി മുതൽ എരുമേലി വരെയുള്ള ശബരി റെയിൽവേ പദ്ധതിക്ക് കിഫ്ബി തത്വത്തിൽ അംഗീകാരം നൽകി. ഇതിനായി 1,900 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ശബരിമല തീർത്ഥാടകർക്കും മധ്യതിരുവിതാംകൂറിലെ യാത്രാ സൗകര്യങ്ങൾക്കും ഈ പദ്ധതി വലിയ കരുത്താകും.
* എം.സി റോഡ് വികസനം: തിരുവനന്തപുരം കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് നാലുവരിപ്പാതയാക്കുന്ന ബൃഹദ് പദ്ധതിക്കും തത്വത്തിൽ അംഗീകാരമായി. 5,217 കോടി രൂപ ചെലവഴിച്ചാണ് ഈ പാത നവീകരിക്കുന്നത്.
മറ്റ് പ്രധാന തീരുമാനങ്ങൾ:
* ആരോഗ്യ മേഖല: തൃശ്ശൂർ ജനറൽ ആശുപത്രി (₹136.79 കോടി), തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം (₹87.68 കോടി) എന്നിവയുടെ വികസനത്തിന് ധനാനുമതി നൽകി.
* തൊഴിൽ: സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന 'വർക്ക് നിയർ ഹോം' (സ്കിൽ ഇക്കോസിസ്റ്റം 2.0) പദ്ധതിക്കായി 153 കോടി രൂപ അനുവദിച്ചു.
* തീരസംരക്ഷണം: കൊല്ലം മുണ്ടയ്ക്കൽ പാപനാശം മുതൽ ബീച്ച് വരെയുള്ള തീരസംരക്ഷണത്തിനായി 9.77 കോടി രൂപ.
നാളിതുവരെ 98,836.83 കോടി രൂപയുടെ 1237 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ 24,734.58 കോടി രൂപയുടെ പദ്ധതികൾ ഇതിനകം പൂർത്തീകരിക്കാൻ നമുക്ക് സാധിച്ചു. നാം ഒരുമിച്ച് ഈ നാടിനെ മുന്നോട്ട് നയിക്കുകയാണ്...












Click it and Unblock the Notifications