ഇ സഞ്ജീവനിയില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സേവനവും ഉള്‍പ്പെടുത്തിയെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയില്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ കൂടി ഉള്‍പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും കൂടിയാണ് ഇ സഞ്ജീവനിയില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സേവനവും ഉള്‍പ്പെടുത്തിയത്.

എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളോടും സേവനം നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലൂടെ കാത്തിരിപ്പ് സമയം പരമാവധി കുറയ്ക്കാനാകും. ബുധനാഴ്ച മുതല്‍ ആയുര്‍വേദ, ഹോമിയോ ഒ.പി.കള്‍ കൂടി ആരംഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെയായിരിക്കും ഈ ഒ.പി.കള്‍ പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളേജുകളിലെ വിവിധ സ്പെഷ്യാലിറ്റികളിലെ പി.ജി. ഡോക്ടര്‍മാര്‍, സീനിയര്‍ റസിഡന്റുമാര്‍ തുടങ്ങിയവരുടെ സേവനമാണ് ഇ സഞ്ജീവനിയിലൂടെ നല്‍കുന്നത്.
ആഴ്ചയില്‍ ഒരു ദിവസം രണ്ട് മെഡിക്കല്‍ കോളേജുകള്‍ എന്ന നിലയില്‍ സേവനം നിര്‍വഹിക്കും. അതത് വിഭാഗത്തിലെ പി.ജി. ഡോക്ടര്‍മാര്‍, സീനിയര്‍ റസിഡന്റുമാര്‍ എന്നിവരാണ് സ്പെഷ്യാലിറ്റി സേവനം ഒരുക്കുന്നത്. നോണ്‍ ക്ലിനിക്കല്‍ പി.ജി. ഡോക്ടര്‍മാരേയും സീനിയര്‍ റസിഡന്റുമാരേയും ഉള്‍പ്പെടുത്തി ജനറല്‍ ഒ.പി., കോവിഡ് ഒ.പി. എന്നിവയും വിപുലീകരിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്തിയാണ് സേവനങ്ങള്‍ പൂര്‍ണസജ്ജമാക്കുന്നത്.
Recommended Video
കോവിഡ് കാലത്ത് ഇതുവരെ 1.7 ലക്ഷത്തിലധികം രോഗികളാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടിയത്. ത്വഗ് രോഗം, ഇ.എന്‍.ടി., ഒഫ്ത്താല്‍മോളജി, ഓര്‍ത്തോപീഡിക്സ് തുടങ്ങിയ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനം വൈകുന്നേരം 5 മണിവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ടോക്കണ്‍ എടുക്കുന്ന എല്ലാവര്‍ക്കും ചികിത്സ നല്‍കാനാണ് തീരുമാനം. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള രോഗികളെ ടെലി മെഡിസിനിലൂടെ ചികിത്സിക്കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും ഏറെ ഗുണകരമാണ്.












Click it and Unblock the Notifications