മെമ്മറി കാര്‍ഡ്; എല്ലാം മരിച്ചയാളുടെ തലയില്‍ കെട്ടിവയ്ക്കുന്നു: കുക്കു പരമേശ്വരനെതിരേ ഉഷ ഹസീന
കൊച്ചി: മെമ്മറി കാര്‍ഡ് വിവാദത്തില്‍ താര സംഘടനയായ അമ്മയുടെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന. മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനെതിരെ ഉഷ ഹസീന രംഗത്ത് വന്നു. മരിച്ചുപോയ കെപിഎസി ലളിതയുടെ തലയില്‍ എല്ലാം കെട്ടിവയ്ക്കാനുള്ള ശ്രമമാണ് അന്വേഷണ സമിതിയുടെ ശ്രമമെന്നാണ് ഉഷയുടെ വാദം. അമ്മയിലെ അംഗങ്ങളായ ചില നടിമാര്‍ ദുരനുഭവങ്ങള്‍ വ്യക്തമാക്കിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡാണ് വിവാദത്തിന്റെ കേന്ദ്രം.
നേരത്തെ ഇല്ലെന്നു പറഞ്ഞു മെമ്മറി കാര്‍ഡാണ് ഇപ്പോള്‍ മരിച്ചുപോയ നടിയുടെ പക്കല്‍ ഉണ്ടെന്ന് പറയുന്നത്. സംഘടന അറിയാതെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെങ്കില്‍ ആര്‍ക്കു വേണ്ടിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നും എന്തിനാണ് മെമ്മറി കാര്‍ഡ് ഒളിപ്പിച്ചുവെച്ചതെന്നും നേതൃത്വം വ്യക്തമാക്കണമെന്ന് ഉഷ ഹസീന പറയുന്നു.

അമ്മയുടെ തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന പ്രധാനപ്പെട്ട ആരോപണമാണ് മെമ്മറി കാര്‍ഡ് വിവാദം. ശ്വേതാ മേനോന്‍ പ്രസിഡന്റും കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയുമായ പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം ആദ്യം അന്വേഷിച്ചതും മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട വിവാദമാണ്. അഞ്ചു മാസങ്ങള്‍ക്ക് ശേഷം ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വരികയും പരസ്യമാക്കുകയും ചെയ്തു. പക്ഷേ ആ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളുകയാണ് ഉഷ അടക്കമുള്ള ചില താരങ്ങള്‍.
ആഭ്യന്തര അന്വേഷണം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഉഷ ഹസീനയുടെ വാക്കുകള്‍: മെമ്മറി കാര്‍ഡ് ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. ഇപ്പോള്‍ റിപ്പോര്‍ട്ടില്‍ അങ്ങനെയൊരു മെമ്മറി കാര്‍ഡ് ഉണ്ടെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. ഇത് ലളിത ചേച്ചിയുടെ കൈയില്‍ ആണെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍, മെമ്മറി കാര്‍ഡ് തന്റെ കയ്യിലും ഇടവേള ബാബുവിന്റെ കയ്യിലും സേഫ് ആയിട്ട് ഇരിക്കുന്നുണ്ടെന്നാണ് കുക്കു പരമേശ്വരന്‍ നേരത്തെ വ്യക്തമാക്കിയത്. സംഘടന അറിയാതെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നെ ആരു പറഞ്ഞിട്ടാണ് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തത് ഉഷ ഹസീന ചോദിച്ചു.
അന്തരിച്ച കെപിഎസി ലളിതയുടെ പക്കലാണ് മെമ്മറി കാര്‍ഡ് എന്നാണ് ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കുക്കു പരമേശ്വരനെ രക്ഷിക്കാന്‍ വേണ്ടിയാണ് അന്തരിച്ച ഒരു നടിയുടെ തലയില്‍ എല്ലാം കെട്ടിവയ്ക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വളരെ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കൃത്യമായി എവിടെയെന്ന് കണ്ടെത്താതെ അന്വേഷണം അവസാനിപ്പിച്ചതിലുള്ള അതൃപ്തിയും ഉഷ ഹസീന പങ്കുവെക്കുന്നുണ്ട്. റിപ്പോര്‍ട്ട് കയ്യില്‍ കിട്ടി വിശദമായി വായിച്ചശേഷം നിയമ നടപടിക്ക് ഒരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരം.












Click it and Unblock the Notifications