അങ്ങനെ ആ പ്രതീക്ഷയും പോയി, മെസി മാർച്ചിലും കേരളത്തിലേക്കില്ല; ഖത്തറുമായി സൗഹൃദ മത്സരം കളിക്കും
തിരുവനന്തപുരം: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഈ വർഷം മാർച്ചിൽ കേരളത്തിലേക്ക് എത്താനുള്ള സാധ്യതകളും അടയുന്നു. മാര്‍ച്ചില്‍ സ്പെയിനുമായി നടക്കുന്ന ഫൈനലിസിമയ്ക്ക് ശേഷം അർജന്റീന ഖത്തറുമായി സൗഹൃദ മത്സരം ഷെഡ്യൂള്‍ ചെയ്‌തിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഏറെക്കുറെ മാർച്ചിൽ ഉണ്ടാവില്ലെന്ന് തീരുമാനമായത്. കേരളത്തിലെ ഫുട്‌ബോൾ ആരാധകർ ഇതോടെ നിരാശയിലാണ്.
ഈ വർഷം മാര്‍ച്ച് 27ന് ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ സ്പെയിനുമായി ഫൈനലിസിമ മത്സരം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. രണ്ട് ഭൂഖണ്ഡങ്ങളിലെ ജേതാക്കൾ ഏറ്റുമുട്ടുന്നതാണ് മത്സരം. യൂറോ ചാമ്പ്യൻമാരും കോപ അമേരിക്ക ജേതാക്കളും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തിന് ശേഷം മാര്‍ച്ച് വിന്‍ഡോയുടെ അവസാനം കേരളത്തിലേക്ക് വരുമെന്നായിരുന്നു കരുതിയത്.

എന്നാൽ ഇതിലാണ് ഇപ്പോൾ അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. ജൂണില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി മാര്‍ച്ച് 31ന് ഖത്തറിനെതിരെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ മറ്റൊരു മത്സരം കളിക്കാനാണ് മെസിയും സംഘവും തീരുമാനിച്ചിരിക്കുന്നത്. ഇതോടെയാണ് മാര്‍ച്ച് വിന്‍ഡോയില്‍ കേരളത്തിലേക്ക് വരുമെന്ന് കരുതി ആഘോഷ തിമിർപ്പിലായിരുന്ന ആരാധകർ ഒന്നടങ്കം ആശങ്കയിലാണ്.
മാര്‍ച്ച് 23 മുതല്‍ 31 വരെ ഒന്‍പത് ദിവസമാണ് അടുത്തിടെ ഇനി ഫിഫ വിന്‍ഡോയുള്ളത്. 31-ാം തീയതി ആതിഥേയരായ ഖത്തറുമായാണ് അർജന്റീന കളിക്കുക. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ സൗദി അറേബ്യ, ഈജിപ്‌ത് എന്നീ ടീമുകള്‍ക്കൊപ്പം സെര്‍ബിയയും ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്‌റ്റിവലിന്റെ ഭാഗമാകുമെന്നും അടുത്ത മാസം ടിക്കറ്റ് വില്‍പ്പന തുടങ്ങുമെന്നുമാണ് സംഘാടകർ അറിയിച്ചത്. ഇതോടെ മെസിയുടെ കേരളത്തിലേക്കുള്ള വരവ് ചോദ്യമുനയിലാണ്.
മാര്‍ച്ചില്‍ ഉറപ്പായും മെസിയും സംഘവും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന പ്രതിനിധികള്‍ ഈമെയില്‍ അയച്ചെന്നാണ് കായികമന്ത്രി വി അബ്‌ദുറഹിമാന്‍ പറഞ്ഞത്. നവംബര്‍ മൂന്നിന് മലപ്പുറത്ത് കായികവകുപ്പ് സംഘടിപ്പിച്ച സെമിനാറില്ലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാൽ പുതിയ ഷെഡ്യുൾ വന്ന ശേഷം വിഷയത്തിൽ മന്ത്രി ഇതുവരെ പ്രതികരണം രേഖപെടുത്തിയിട്ടില്ല.
കൊച്ചി കലൂർ സ്‌റ്റേഡിയത്തിന് അന്താരാഷ്ട്ര നിലവാരമില്ല എന്നു ചൂണ്ടിക്കാണിച്ച് നവംബറില്‍ മെസിയും സംഘവും കേരളത്തിലെത്തില്ല പകരം മാര്‍ച്ച് വിന്‍ഡോയില്‍ എത്തുമെന്നായിരുന്നു നേരത്തെ കായിക മന്ത്രി പറഞ്ഞിരുന്നത്. തുടർന്ന് സ്‌റ്റേഡിയം നവീകരണത്തിനായി സ്പോൺസർക്ക് കൈമാറിയെങ്കിലും പൂർണമായി പണികൾ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അതിനിടയിലാണ് മെസി മാർച്ചിൽ കേരളത്തിലേക്ക് വരില്ലെന്ന വാർത്തകൾ വരുന്നത്.












Click it and Unblock the Notifications