മെസിയുടെ കേരള സന്ദർശനം; അടിമുടി വീഴ്‌ച, മുൻ മന്ത്രിയും സ്പോൺസറും സംശയത്തിന്റെ നിഴലിൽ
തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള ഏറെ ചർച്ചയായ പദ്ധതിക്കെതിരെ ഗുരുതര ആരോപണങ്ങൾ. കായിക വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഏകദേശം 126 കോടി രൂപയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് തയ്യാറാക്കി കായിക മന്ത്രി ഒജെ ജെനീഷിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
സംഭവത്തിൽ വിജിലൻസിന്റെയും കേന്ദ്ര അന്വേഷണ ഏജൻസികളുടെയും കൂടുതൽ അന്വേഷണം വേണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്‌തിട്ടുണ്ട്. തുടർനടപടികൾക്കായി റിപ്പോർട്ട് ഇപ്പോൾ മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുകയാണ്. അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി അർജന്റീന ഫുട്ബോൾ അസോസിയേഷന് ഏകദേശം 126 കോടി രൂപ നൽകിയതായി അവകാശപ്പെട്ടിരുന്നു.

എന്നാൽ ഈ തുക യഥാർഥത്തിൽ അവർക്ക് കൈമാറിയെന്നോ എഎഫ്എ അത് സ്വീകരിച്ചെന്നോ തെളിയിക്കുന്ന മതിയായ രേഖകൾ അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷനും കേരള സർക്കാരും തമ്മിലോ, സ്പോൺസറും സംസ്ഥാന സർക്കാരും തമ്മിലോ അർജന്റീന ടീമിന്റെ കേരള സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക കരാർ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അർജന്റീന ടീം കേരളത്തിലെത്തുമെന്ന സ്പോൺസറുടെ അവകാശവാദത്തിന്റെ വിശ്വാസ്യതയെയും റിപ്പോർട്ട് ചോദ്യം ചെയ്‌തിട്ടുണ്ട്. ഈ വാദത്തിന് ആവശ്യമായ ഔദ്യോഗിക രേഖകളോ നിയമപരമായി ബാധകമായ കരാറുകളോ ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അമേരിക്ക ആസ്ഥാനമായ ഒരു ഏജൻസി വഴി പണം വിദേശത്തേക്ക് കൈമാറുന്നതിനായി സ്പോൺസർ സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിരുന്നു.
എന്നാൽ ഈ അമേരിക്കൻ ഏജൻസിക്കെതിരെ തന്നെ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ യുഎസിൽ അന്വേഷണം നടന്നുകൊണ്ടിരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വിദേശത്തേക്ക് പണം കൈമാറുന്നതിനുള്ള അനുമതി ലഭിച്ചിട്ടും ഇടപാട് യഥാർഥത്തിൽ നടന്നതായി തെളിയിക്കുന്ന രേഖകൾ സ്പോൺസർ ഹാജരാക്കിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യ സ്പോൺസറെ എങ്ങനെയാണ് തിരഞ്ഞെടുത്തതെന്നും സർക്കാർ സംവിധാനങ്ങളെ പരിപാടിക്കായി എങ്ങനെ ഉപയോഗിച്ചെന്നും അന്വേഷണത്തിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
സ്പോൺസറെ തിരഞ്ഞെടുക്കുമ്പോൾ സാധാരണയായി പാലിക്കേണ്ട സർക്കാർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും റിപ്പോർട്ട് ആരോപിക്കുന്നു. സർക്കാർ സംവിധാനങ്ങൾ റിപ്പോർട്ടറിന് അനുകൂലമായ രീതിയിൽ ഉപയോഗിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ആവശ്യമായ സുതാര്യത ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലയണൽ മെസിയും അർജന്റീന ദേശീയ ഫുട്ബോൾ ടീമും കേരളത്തിലെത്തുമെന്ന പ്രഖ്യാപനം വലിയ ശ്രദ്ധ നേടിയിരുന്നു. കേരളത്തിൽ വലിയൊരു കായിക മാമാങ്കമായി പരിപാടിയെ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ അർജന്റീന ടീം കേരളത്തിലെത്തുമെന്ന സ്പോൺസറുടെ അവകാശവാദത്തിന് ആവശ്യമായ ആധികാരിക രേഖകളോ ഔദ്യോഗിക ഉറപ്പോ ഉണ്ടായിരുന്നില്ലെന്നാണ് കായിക വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്. ഇനി വിജിലൻസ് അന്വേഷണവും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ഉൾപ്പെടെയുള്ള തുടർനടപടികളിൽ സർക്കാറാണ് തീരുമാനമെടുക്കുക.


Click it and Unblock the Notifications