ബെംഗളൂരു നിവാസികളുടെ ആരോഗ്യം മെച്ചപ്പെടുത്തി മെട്രോ; യെല്ലോ ലൈൻ ഗുണകരമെന്ന് ഐഐഎസ്‌സി റിപ്പോർട്ട്
ബെംഗളൂരു: മെട്രോ പോലെയുള്ള കാര്യങ്ങൾ പലർക്കും ഗതാഗത കുരുക്കിൽ നിന്നുള്ള മോചനമാണ്. പ്രത്യേകിച്ച് ബെംഗളൂരു പോലെയുള്ള വൻ നഗരങ്ങളിൽ. എന്നാൽ കേവലം യാത്രാ സുഖം മാത്രമാണോ മെട്രോ നൽകുന്നതെന്ന് ചോദിച്ചാൽ ഒരിക്കലും അല്ല. കാർബൺ ബഹിർഗമനം കുറയ്ക്കുന്നത് മുതൽ പൊതുഗതാഗത സംവിധാനത്തിന്റെ മുന്നേറ്റം വരെയുണ്ട് പട്ടികയിൽ. ഇപ്പോഴിതാ മറ്റൊരു നിർണായക കണ്ടെത്തലും വന്നിരിക്കുകയാണ്.
നമ്മ മെട്രോ യെല്ലോ ലൈൻ ബെംഗളൂരു നിവാസികളുടെ ആരോഗ്യത്തിന് ഗുണകരമാണെന്ന് ആ സുപ്രധാന കണ്ടെത്തൽ. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയാണിത്. യാത്രക്കാരുടെ ജീവിതനിലവാരം മെട്രോ മെച്ചപ്പെടുത്തും. ഇത് ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കും. നഗരത്തിലെ വാഹന മലിനീകരണം കുറയ്ക്കും. യാത്രയിലുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനും മെട്രോ വഴിയൊരുക്കും. ഐഐഎസ്‌സി നടത്തിയ പഠനത്തിലാണ് ഈ വേറിട്ട കണ്ടെത്തൽ പുറത്തുവന്നത്.

ഐഐഎസ്‌സി സസ്‌റ്റൈനബിൾ ട്രാൻസ്‌പോർട്ടേഷൻ ലാബാണ് പഠനം നടത്തിയത്. ബയോക്കൺ ഫൗണ്ടേഷനും ഇഎൽസിഐഎയും പഠനത്തിന് സഹകരിച്ചിട്ടുണ്ട്. ബെംഗളൂരു സയൻസ് ആൻഡ് ടെക്‌നോളജി ക്ലസ്‌റ്ററും പിന്തുണ നൽകി. 600 പേരിൽ നിന്നാണ് ആദ്യം വിവരങ്ങൾ ശേഖരിച്ചത്. തുടർന്ന് 150 യാത്രക്കാരിൽ നിന്നും വിവരങ്ങൾ തേടി.
യെല്ലോ ലൈനിലേക്ക് മാറാൻ 83 ശതമാനം പേർ സന്നദ്ധരാണ്. ഇത് പഠനത്തിൽ വ്യക്തമായി തെളിഞ്ഞു. മെട്രോ യാത്രക്കാരെ ആകർഷിക്കുമെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ചില വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് മെട്രോയുടെ ഉപയോഗത്തെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
നഗരവാസികളിൽ 58 ശതമാനം പേരും വ്യായാമം ചെയ്യുന്നില്ല. പഠനത്തിൽ ഈ ആശങ്കാജനകമായ കാര്യം വ്യക്തമായി. മെട്രോ ഉപയോഗം ഒരു ദിവസം 10 മുതൽ 15 മിനിറ്റ് വരെ നടക്കാൻ സഹായിക്കും. ആഴ്‌ചൽ 75 മിനിറ്റ് വരെ വ്യായാമം ലഭിക്കാൻ ഇത് വഴിയൊരുക്കും. ടൂവീലർ യാത്രക്കാരെ അപേക്ഷിച്ച് മെട്രോയിൽ മലിനീകരണം കുറവാണ്.
ചൂടിൽ നിന്നുള്ള ആശ്വാസവും മെട്രോ യാത്ര നൽകുന്നു. യാത്രക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടാനും ഇത് സഹായിക്കും. ക്ഷീണം കുറയ്ക്കാനും ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനും ഇത് സഹായിക്കും. റോഡപകടങ്ങൾ കുറയ്ക്കാനും മെട്രോ യാത്ര നല്ലതാണ്. അങ്ങനെ ആകെ മൊത്തത്തിൽ മെട്രോ ബെംഗളൂരു നിവാസികളുടെ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.
മെട്രോ ഉപയോഗിക്കുന്നതിന് ചില തടസങ്ങളുമുണ്ട്. ടിക്കറ്റ് നിരക്കിനെക്കുറിച്ച് യാത്രക്കാർക്ക് ആശങ്കയുണ്ട്. അവസാന മൈൽ സൗകര്യങ്ങളും നടപ്പാതകളും മെച്ചപ്പെടുത്തണം. മികച്ച ഫീഡർ സർവീസുകളും പാർക്കിംഗ് സൗകര്യങ്ങളും വേണം. സുരക്ഷിതമായ നടപ്പാതകൾ ഒരുക്കുന്നത് മെട്രോയ്ക്ക് ഗുണകരമാകും. പഠനം ഇക്കാര്യങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുമുണ്ട്.














Click it and Unblock the Notifications