'സംസ്ഥാന സർക്കാരിന് അത് സമ്മതിക്കാൻ ജാള്യത, സിൽവർ ലൈനിന് കേന്ദ്രം അനുമതി തരില്ല'; ഇ ശ്രീധരൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകില്ലെന്ന് ഇ ശ്രീധരൻ. കെ റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽ പാതയിൽ സംസ്ഥാന സർക്കാരിന് താൽപര്യമുണ്ട്. കെ റെയിൽ ഉപേക്ഷിച്ചുവെന്ന കാര്യം സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മെട്രോമാൻ ഈ ശ്രീധരൻ.
ജാള്യത മൂലമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ ഇക്കാര്യം അറിയിക്കാത്തത്. അതുകാരണമാണ് മറ്റൊരു നീക്കവുമായി സർക്കാർ മുന്നോട്ട് പോവാൻ ശ്രമിക്കാത്തത്. സംസ്ഥാനത്ത് സെമി സ്‌പീഡ് റെയിൽ പദ്ധതി നിർദേശം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ബദൽ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയെ കണ്ടപ്പോൾ പദ്ധതി അദ്ദേഹത്തിന് ഇഷ്‌ടമായെന്നും മുന്നോട്ട് കൊണ്ടുപോവണം എന്നാണ് പറഞ്ഞതെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. ഇതിനായി കെ റെയിൽ ഉപേക്ഷിച്ചെന്ന് കാണിച്ച് ഒരു കത്തെഴുതാൻ ഞാൻ ആവശ്യപ്പെട്ടു. റെയിൽവേ മന്ത്രിക്ക് കത്തെഴുതിയാൽ ഞാൻ തന്നെ നേരിട്ട് പോയി ബാക്കി അനുമതികൾ ഒക്കെ ശരിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ടെന്നും ഇ ശ്രീധരൻ ചൂണ്ടിക്കാട്ടി.
കെ റെയിൽ വിട്ടുപോയി എന്ന് പറയാനുള്ള ഒരു മടിയാണ് കാരണമെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു. നേരത്തെ കേന്ദ്രം നിർദ്ദേശിച്ച കേന്ദ്രം മുന്നോട്ട് വച്ച ബ്രോഡ്ഗേജ് പാതാ നിർദേശം അപ്രയോഗികമെന്നാണ് ഇ ശ്രീധരൻ നിലപാട് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ പരിഗണനയിലുള്ള സ്‌റ്റാൻഡേർഡ് ഗേജിന് തന്നെയാണ് ശ്രീധരനും മുൻഗണന നൽകിയിരുന്നത്.
വിഷയത്തിൽ കേന്ദ്രം ഇതുവരെ അയഞ്ഞിട്ടില്ല. കെ റെയിലിൽ കേന്ദ്രം നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്താൻ സാധ്യമല്ലെന്നാണ് ഏറ്റവും ഒടുവിൽ സംസ്ഥാന സർക്കാർ അറിയിച്ചത്. റെയിൽവേ മന്ത്രാലയം പദ്ധതിയുടെ അലൈൻമെന്റിൽ മാറ്റങ്ങൾ വരുത്താനാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് കെ റെയിൽ നിലപാട് അറിയിച്ചത്.
സിൽവർ ലൈൻ പദ്ധതി സ്‌റ്റാൻഡേഡ് ഗേജിൽ നിന്ന് ബ്രോഡ് ഗേജിലേക്ക് മാറ്റണമെന്നാണ് റെയിൽവേ സംസ്ഥാന സർക്കാരിന് മുന്നിൽ വച്ച പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. വന്ദേ ഭാരത് ട്രെയിനുകൾക്ക് ഓടാവുന്ന രീതിയിൽ ആയിരിക്കണം പാളങ്ങൾ ഒരുക്കേണ്ടതെന്നും റെയിൽവേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംസ്ഥാനം തള്ളുകയായിരുന്നു.
സെമി സ്‌പീഡ് റെയിൽ എന്ന ആശയമാണ് ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. ഓരോ 25 കിലോമീറ്ററിനിടയില്‍ സ്‌റ്റേഷന്‍ വരുന്ന രീതിയിലുള്ള വേഗ റെയിലാണ് ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സില്‍വര്‍ ലൈന്‍ തിരുവന്തപുരം മുതല്‍ കാസർഗോഡ് വരെയാണെങ്കില്‍ ബദൽ പാത കണ്ണൂര്‍ വരെയാണ് ഉണ്ടാവുക.












Click it and Unblock the Notifications