മുഖ്യമന്ത്രിക്ക് വീണ്ടും പണി കൊടുത്ത് മൈക്ക്; പ്രസംഗത്തിനിടെ നിലച്ചു, ശരിയാക്കാൻ ഓടിവന്ന് നേതാക്കൾ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ വിടാതെ മൈക്ക് ശാപം. ഇത്തവണ കോട്ടയത്ത് തലയോലപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടിക്കിടെയാണ് മൈക്ക് പണിമുടക്കിയത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞുവീണതോടെ അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെട്ടിരുന്നു.
പിന്നാലെ വിഎൻ വാസവൻ, ജോസ് കെ മാണി തുടങ്ങിയ നേതാക്കൾ ഓടിയെത്തി മൈക്കിന്റെ തകരാർ പരിഹരിക്കാൻ ശ്രമം നടത്തുന്നതും പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇത്തവണ യാതൊരു പ്രകോപനവും ഇല്ലാതെ ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംഭവത്തെ നേരിട്ടത്. തുടർന്ന് തടസം പരിഹരിക്കാനായി പത്ത് മിനിറ്റോളം മുഖ്യമന്ത്രി കാത്തു നിൽക്കുകയും ചെയ്‌തിരുന്നു.

ഇതിന് ശേഷം വേദിയിൽ പ്രസംഗം തുടരുന്നതിടെയാണ് അടുത്ത പ്രശ്‌നം ഉയർന്നത്. ഇവിടെ വേദിക്ക് താഴെ സ്ഥാപിച്ചിരുന്ന മൈക്ക് സെറ്റിൽ നിന്ന് പുക ഉയരുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് കാരണമായിരുന്നു സൗണ്ട് ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നത്. ഇതോടെ വേദിയ്ക്ക് സമീപം ഇരുന്നവർ പരിഭ്രാന്തരായി. വൈകാതെ ഈ പ്രശ്‌നവും പരിഹരിച്ച ശേഷമാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്.
നേരത്തെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ അനുസ്‌മരണ പരിപാടിയിൽ പിണറായി വിജയൻ സംസാരിക്കവെ മൈക്ക് തകരാറിലായതും പിന്നാലെ പോലീസ് ഇതിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തതും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ആവർത്തിക്കുന്നത്.
ബോധപൂർവം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവർത്തിക്കുന്നതിന് എതിരെ ചുമത്തുന്ന 118 (ഇ) വകുപ്പ് ചേർത്തായിരുന്നു അന്ന് വട്ടിയൂർക്കാവ് പോലീസ് കേസെടുത്തത്. എന്നാൽ പോലീസ് നടപടിപ്രതിപക്ഷത്തിന്റെ ഉൾപ്പെടെ കടുത്ത പരിഹാസത്തിനാണ് ഇടയാക്കിയത്. മൈക്ക് സെറ്റ് ഉൾപ്പെടെ കസ്‌റ്റഡിയിൽ എടുത്തതും വിവാദമായി.












Click it and Unblock the Notifications