സംസ്ഥാനത്ത് മിൽമ പാലിന് വിലകൂട്ടി; ലിറ്ററിന് 4 രൂപയുടെ വർധനവ്, ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും
കൊച്ചി: സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടി. മിൽമയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലായിരുന്നു തീരുമാനം. നാല് രൂപയാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് മിൽമ പാൽ ഒരു ലിറ്ററിന് 56 രൂപയായി ഉയരും. ഏറെനാളായി ക്ഷീര കർഷക സംഘടനകളും സൊസൈറ്റികളും ആവശ്യപ്പെടുന്നതാണ് ഈ വില വർധനവ്.
പുതുക്കിയ വര്‍ധനപ്രകാരമുള്ള തുകയില്‍ 83.75 ശതമാനം വിഹിതവും ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 6.25 ശതമാനം വീതം സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കുകയാണ് ചെയ്യുക. ശേഷിക്കുന്ന 0.5 ശതമാനം പ്ലാസ്‌റ്റിക് നീക്കം ചെയ്യല്‍ പ്രക്രിയകള്‍ക്കും നല്‍കാനാണ് തീരുമാനം.

ഈ വില വർധനവ് കേരളത്തിലെ സാധാരണക്കാരുടെ പ്രതിമാസ ഭക്ഷണച്ചെലവ് വർധിപ്പിക്കും. മൂന്ന് വർഷത്തിന് ശേഷമാണ് പാൽ വിലയിൽ വർധനവുണ്ടാകുന്നത്. കാലിത്തീറ്റയുടെയും കൂലിയുടെയും വർധനവ് കാരണം പ്രയാസത്തിലായിരുന്ന ക്ഷീരകർഷകരുടേയും പ്രാദേശിക യൂണിയനുകളുടേയും നിരന്തരമായ സമ്മർദ്ദത്തിന് ശേഷമാണ് ഈ തീരുമാനം. വർധനവിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിന്റെ ഭൂരിഭാഗവും കർഷകർക്ക് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ ഈ മാസം ആദ്യം തിരുവനന്തപുരത്ത് ചേർന്ന മിൽമ ബോർഡ് യോഗത്തിലായിരുന്നു വിലവർധനവ് അംഗീകരിച്ചത്. 4 രൂപ മുതൽ 6 രൂപ വരെ വർധിപ്പിക്കാനുള്ള നിർദ്ദേശമാണ് സർക്കാർ അന്ന് പരിഗണിച്ചത്. എന്നാൽ, ഒടുവിൽ സംസ്ഥാനത്തുടനീളം ലിറ്ററിന് 4 രൂപ ഏകീകൃത വർധനവിന് അനുമതി നൽകുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടം കാരണം ഔദ്യോഗിക പ്രഖ്യാപനം താൽക്കാലികമായി വൈകുകയായിരുന്നു. പുതിയ സർക്കാർ അധികാരമേറ്റെടുത്തിന് പിന്നാലെയാണ് മിൽമ പാലിന്റെ വില വർധനവ് പ്രഖ്യാപിച്ചത്. ജൂൺ ഒന്ന് മുതൽ ആയിരിക്കും പുതുക്കിയ വില സംസ്ഥാനത്തുടനീളം പ്രാബല്യത്തിൽ വരികയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഓഗസ്‌റ്റിലാണ് വില വര്‍ധിപ്പിക്കല്‍ നടപടികളിലേക്ക് ആദ്യമായി മില്‍മ കടക്കുന്നത്. ഇതിന് പിന്നാലെ വിഷയത്തിൽ മൂന്നംഗ പഠന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. പാലിന് വില വര്‍ധിക്കുന്നതോടെ മില്‍മ പുറത്തിറക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കുമെന്നാണ് വിവരം. ഇതിന്റെ വിശദാംശങ്ങൾ അധികം വൈകാതെ തന്നെ പുറത്ത് വന്നേക്കുമെന്നാണ് സൂചന.
കടുത്ത വരൾച്ചയും, അയൽസംസ്ഥാനങ്ങളിൽ നിന്നുമുള്ള പാലിന്റെ വില ഗണ്യമായി വർധിക്കുകയും ചെയ്‌ത സാഹചര്യത്തിൽ മേഖല യൂണിയനുകൾക്ക് പാൽ വിൽപ്പനയിൽ നഷ്‍ടം സംഭവിക്കുന്നുണ്ട്. പാൽ ഉൽപ്പാദന ചെലവ് ഏറിയതിനാലും, വരുമാനം കുറഞ്ഞതിനാലും കേരളത്തിലെ ക്ഷീരകർഷകർ പ്രയാസങ്ങൾ നേരിടുന്നു. പാൽ വില വർധനവ് അത്യന്തം അനിവാര്യമാണെന്നാണ് മിൽമ പ്രസ്‌താവനയിൽ അറിയിച്ചത്.














Click it and Unblock the Notifications