മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നിലവിൽ കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിൽ
കോഴിക്കോട്: വനംമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ എകെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം, വനംവകുപ്പ് കൈകാര്യം ചെയ്യുന്ന എകെ ശശീന്ദ്രന് സമീപകാലത്ത് വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങളും എതിർപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച കേരളത്തിലെ വന്യമൃഗ ആക്രമങ്ങൾ പെരുകുന്നതും അതിൽ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം ഉയരുന്നതും ഉൾപ്പെടെ നിരവധി വിവാദ വിഷയങ്ങളാണ് അടുത്തിടെ ഉയർന്നുവന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം കാട്ട്പോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിന്റെ വീട് വനം മന്ത്രി സന്ദർശിച്ചിരുന്നു. കക്കയം വനം വകുപ്പ് ഓഫീസിൽ എത്തിയ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്യമായി ചർച്ച നടത്തുകയും ചെയ്‌തിരുന്നു. നിലവിൽ അബ്രഹാമിന്റെ മക്കൾക്ക് താൽക്കാലിക ജോലി നൽകുമെന്നും താൽപര്യം ഉണ്ടെങ്കിൽ അടുത്ത ഒന്നാം തീയതി മുതൽ ജോലിയിൽ പ്രവേശിക്കാമെന്നും മന്ത്രി അറിയിച്ചിരുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി സംസ്ഥാനത്തെ മലയോര മേഖലയില്‍ വന്യജീവി ആക്രമണങ്ങള്‍ മൂലം നിരവധി പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് മന്ത്രി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.കഴിഞ്ഞ ചൊവ്വാഴ്‌ച വന്യമൃഗ ആക്രമണത്തിൽ കോഴിക്കോട്ടും വാഴച്ചാലിലുമായി രണ്ടുപേർ മരിച്ചിരുന്നു.












Click it and Unblock the Notifications