'കേന്ദ്രം ഇപ്പോഴും കേരളത്തോട് ക്രൂരത കാണിക്കുന്നു, സമരം ചെയ്യുന്നവരോട് ഒരു വിരോധവുമില്ല'; മന്ത്രി കെ രാജൻ
വയനാട്: കേന്ദ്ര ഗവൺമെന്റ് ഇപ്പോഴും കേരളത്തോട് ക്രൂരത കാണിക്കുകയാണെന്ന ആരോപണവുമായി റവന്യൂ മന്ത്രി കെ രാജൻ. വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തത്തിൽ ഉൾപെടുത്താൻ അഞ്ച് മാസമാണ് വൈകയത്. കേരളത്തിന് ചെയ്യാവുന്ന കാര്യങ്ങൾ എല്ലാം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുമെന്നും കെ രാജൻ അറിയിച്ചു.
ഉപഭോക്തൃ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തുമെന്നും മന്ത്രി പറയുന്നു. നിലവിലുള്ള ബെയ്‌ലി പാലത്തിന് പകരം പുതിയ പാലം കൊണ്ടുവരും. അപകടം സംഭവിച്ച ചൂരൽമല അങ്ങാടി റീ-ഡിസൈൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞത്.

സിഎംഡിആർഎഫിലേക്ക് പിരിച്ച 720 കോടി രൂപ ഉരുൾപൊട്ടൽ പുനരധിവാസത്തിനു വേണ്ടി മാത്രം ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരെയും തള്ളി പറയാൻ ഇല്ല. ലിസ്‌റ്റിൽ ഉൾപ്പെട്ടവരുടെ വാടക മുടങ്ങില്ലെന്നും മന്ത്രി അറിയിച്ചു. മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന ആരെയും ഒഴിവാക്കില്ല. മാനുഷിക പരിഗണന വച്ച് തന്നെ പുനരധിവാസം നടത്തും; റവന്യൂ മന്ത്രി പറഞ്ഞു.
7 സെന്റ് ഭൂമിയും വീടും എന്നതാണ് നിലവിലെ നിബന്ധന. ഇതനുസരിച്ചാണ് പുനരധിവാസം മുന്നോട്ട് പോകുന്നത്. ചൂരൽമലയിൽ 120 കോടി മുടക്കി 8 റോഡുകൾ പണിയുകയാണ്. 38 കോടിയാണ് പാലം പുനർനിർമിക്കാൻ എസ്‌റ്റിമേറ്റ് കണക്കാക്കുന്നത്. വൈദ്യുതി വിതരണം അണ്ടർ കേബിൾ വഴിയാക്കും.; മന്ത്രി കണക്കുകൾ വിശദീകരിച്ചു.
ദുരിത ബാധിതർക്കുള്ള 300 രൂപ സഹായം 9 മാസത്തേക്ക് നീട്ടിയിരുന്നു. അത് ഈ മാസം മുതൽ തന്നെ മുൻകാൽ പ്രാബല്യത്തോടെ കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും. പരിക്കേറ്റവരുടെ തുടർ ചികിത്സ സർക്കാർ തന്നെ വഹിക്കുമെന്നും കെ രാജൻ അറിയിച്ചു.
കേന്ദ്ര സർക്കാർ നടപടിയെയും മന്ത്രി വിമർശിച്ചു. ദുരിതബാധിതരുടെ കടം എഴുതിത്തള്ളുന്നത് സംബന്ധിച്ച് കേന്ദ്രം ഇതുവരെയും അനുകൂല നിലപാട് എടുത്തിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാണിക്കുന്നു. മന്ത്രിമാരും മുഖ്യമന്ത്രിയും ദുരന്തസ്ഥലത്ത് ആദ്യം എത്തിയില്ലെന്ന മലയാളിയായ കേന്ദ്രമന്ത്രിയുടെ പരാമർശത്തിൽ സത്യമില്ലെന്നും കെ രാജൻ കൂട്ടിച്ചേർത്തു.
അതേസമയം, ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന സഹായം മുടങ്ങിയിട്ട് നാല് മാസം പിന്നിട്ടിരിക്കുകയാണ്. ആദ്യ മൂന്നുമാസം മാത്രമാണ് ദുരന്തബാധിതർക്ക് ധനസഹായം ലഭ്യമായത്. പിന്നീട് മുടങ്ങുകയായിരുന്നു. നേരത്തെ 9 മാസത്തേക്ക് ധനസഹായം നീട്ടുന്നതായി തീരുമാനിച്ചിരുന്നു. എന്നാൽ ഇത് എങ്ങനെ നൽകണം എന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങാത്തതാണ് തടസം.












Click it and Unblock the Notifications