'ദേശീയപാത ഉദ്‌ഘാടനത്തിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കാൻ'; മുഹമ്മദ് റിയാസ്
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത യാഥാർഥ്യമാകാൻ കേരള സർക്കാരിന് റോൾ ഇല്ലെന്ന് പ്രചരിപ്പിക്കാൻ ആണെങ്കിൽ അത് വിജയിക്കില്ലെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ചടങ്ങ് ബഹിഷ്‌കരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
നാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത രീതിയിലാണ് കേന്ദ്ര സർക്കാർ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ കൂടി പണം മുടക്കി നടപ്പിലാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പദ്ധതിയുടെ ഭാഗമായവർ ചടങ്ങിൽ പങ്കെടുക്കുക എന്നത് കേരളത്തിന്റെ അവകാശമാണ്. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ വലിയ തുക നൽകിയത് സംസ്ഥാന സർക്കാരാണ്; റിയാസ് പറയുന്നു.

തന്നെ ചടങ്ങിൽ നിന്ന് മനപൂർവം ഒഴിവാക്കി. ഒരു വികസന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ത് അടിസ്ഥാനത്തിലാണ് വേദിയിലിരിക്കുന്നത്? വികസന പദ്ധതിയെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ് അവർ. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പരിപാടിയിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
കേരള സർക്കാർ എന്ത് ചെയ്‌തു എന്ന് ജനങ്ങൾക്ക് അറിയാം. എന്‍എച്ച് 66 ആശ്വാസ പദ്ധതിയാണ്. ചരിത്രത്തിലാദ്യമായി ദേശീയപാത വികസനത്തിന് പണം ചെലവഴിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. മറ്റ് പദ്ധതികള്‍ക്കായി മറ്റിവെച്ച പണമാണ് ചെലവഴിച്ചത്. എൽഡിഎഫ് സർക്കാർ ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതി തന്നെ മുടങ്ങിപ്പോകുമായിരുന്നു; റിയാസ് പറയുന്നു.
പദ്ധതിയുടെ തുടക്കം മുതൽ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പും ഇടപെട്ടിരുന്നു. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ടുപോയി. വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. ദേശീയ പാത ഉദ്‌ഘാടനം മറ്റൊരു പരിപാടിയായിട്ട് നടത്തണമായിരുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്ന് ക്ഷണം ഉണ്ടായിട്ടില്ലെന്നും റിയാസ് പറയുന്നു.
അതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്‌ണൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുക്കില്ല. പരിപാടിയുടെ അറിയിപ്പ് ലഭിച്ചത് അവസാന നിമിഷമാണെന്നും മണ്ഡലത്തിലെ മറ്റ് പരിപാടികൾ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്നുമാണ് എംബി രാജേഷ് അറിയിച്ചത്.
അതേസമയം, 2650 കോടി രൂപ ചെലവിൽ നിർമിച്ച മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള തലപ്പാടി-ചെങ്കള സെക്ഷൻ (ദേശീയപാത-66) ആറുവരിപ്പാത, 2140 കോടി രൂപ ചെലവിൽ വെങ്ങളം മുതൽ രാമനാട്ടുകര വരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനപ്രകാരം നിർമിച്ച 23 ഗ്രാമീണ റോഡുകൾ എന്നിവയാണ് ഇന്ന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നത്.












Click it and Unblock the Notifications