മുഹമ്മദ് റിയാസിന് പോപ്പുലർ ഫ്രണ്ടുമായി ചങ്ങാത്തമെന്ന് കെ സുരേന്ദ്രൻ, 'മന്ത്രിയാക്കിയത് വോട്ടിന് വേണ്ടി'
കൊച്ചി: മന്ത്രി മുഹമ്മദ് റിയാസിന് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഹമ്മദ് റിയാസിന് പോപ്പുലർ ഫ്രണ്ട് അടക്കമുളള മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. പിഎഫ്ഐ അടക്കമുളള സംഘടനകളിൽ നിന്നുളളവരാണ് ഇപ്പോൾ സിപിഎമ്മിലേക്ക് ചേക്കേറുന്നത് എന്നും സുരേന്ദ്രൻ ആരോപിച്ചു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
ഈസ്റ്റർ ദിനത്തിലെ ഭവന സന്ദർശനം അടക്കം ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്താനുളള ബിജെപി നീക്കങ്ങളെ മുഹമ്മദ് റിയാസ് വിമർശിച്ചിരുന്നു. കെ സുരേന്ദ്രന്റെ വാക്കുകൾ : മുഹമ്മദ് റിയാസ് എന്ന് പറയുന്ന ആള്‍ ഇവിടുത്തെ പിഎഫ്‌ഐ ഉള്‍പ്പെടെയുളള മതതീവ്രവാദ സംഘടനകളുമായി എപ്പോഴും ചങ്ങാത്തം പുലര്‍ത്തുന്ന ആളാണ്. സിപിഎം അദ്ദേഹത്തെ മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമൊക്കെ ആക്കിയത് മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി ആ വിഭാഗത്തിന്റെ വോട്ട് കിട്ടുന്നതിന് വേണ്ടിയാണ്.

ഞങ്ങള്‍ക്ക് വ്യക്തമായിട്ട് അറിയാം മുഹമ്മദ് റിയാസ് ഏതൊരു ധ്രുവീകരണത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത് എന്ന്. അത് ലീഗുകാര്‍ മനസ്സിലാക്കിയാല്‍ മതി. മുസ്ലീം വിഭാഗത്തിലും സമ്പര്‍ക്കം നടത്തി അവരുടെ വിശ്വാസം ആര്‍ജ്ജിക്കാനുളള നടപടികളിലേക്കാണ് ഞങ്ങള്‍ പോകുന്നത്. മുഹമ്മദ് റിയാസും സിപിഎമ്മും ഈ അവസരം മുതലെടുത്ത് മുസ്ലീം ജനവിഭാഗത്തിന് ഇടയില്‍ ഭയാശങ്ക വളര്‍ത്തി അവര്‍ക്കിടയില്‍ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ഇത് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം.
സിപിഎമ്മിനും മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും മുസ്ലീംങ്ങളുടെ പിന്തുണയോട് കൂടി ഇനിയും ഭരണം നിലനിര്‍ത്താന്‍ സാധിക്കുമോ എന്നുളള പരിശ്രമം ആണ് നടത്തുന്നത്. ഇങ്ങനെ അക്രമണോത്സുകമായി ഇതിന്റെ പിന്നില്‍ വരുന്നതിന്റെ ഉദ്ദേശം വളരെ വ്യക്തമാണ്. സിപിഎം കൂടുതല്‍ കൂടുതല്‍ മുസ്ലീംവല്‍ക്കരിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്.
സിപിഎമ്മില്‍ ഇപ്പോള്‍ ചേരുന്നവരെല്ലാവരും പിഎഫ്‌ഐയിലും തീവ്രവാദ സംഘടനകളിലും പ്രവര്‍ത്തിച്ച് അവിടെ നിരോധനം വന്നപ്പോള്‍ ചേക്കേറുന്നവരാണ്. അവരെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയമാണ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിയും കാണിക്കുന്നത്. അത് ഹിന്ദു-ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനുളള നടപടി ഞങ്ങളെടുക്കും'.
സാരിയിൽ പൊളി ലുക്കുമായി സ്വാസിക... ചുവപ്പിൽ ആരാധകരുടെ മനം മയക്കി ചതുരം നായിക, ചിത്രങ്ങൾ കാണാം
മുഹമ്മദ് റിയാസിന് എതിരെയുളള ആരോപണത്തിൽ കെ സുരേന്ദ്രനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം രംഗത്ത് എത്തിയിട്ടുണ്ട്. ബൽറാമിന്റെ പ്രതികരണം: ' പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരവാദത്തിന്റെ പേരിൽ ഈ രാജ്യത്ത് നിരോധിക്കപ്പെട്ട ഒരു സംഘടനയാണ്. ആ സംഘടനയുമായി സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ബന്ധമുണ്ടെന്നാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ആരോപണമുന്നയിക്കുന്നത്.

വസ്തുതാപരമായി നോക്കുമ്പോൾ വിശ്വാസയോഗ്യമല്ലെങ്കിലും ഒരു ആരോപണമെന്ന നിലയിൽ ഇത് ഗുരുതരമായ ഒന്നാണ്. ആരോപണ വിധേയനായ വ്യക്തിക്ക് മാത്രമല്ല, സംസ്ഥാന ഭരണകൂടത്തിന്റെ തന്നെ വിശ്വാസ്യതക്ക് നേരെയുയരുന്ന വെല്ലുവിളിയാണ് ഇത്. കാരണം ക്രമസമാധാനപാലനം ഒരു സംസ്ഥാന വിഷയമാണ്. ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു കൂടിയായ പ്രമുഖ മന്ത്രിക്കെതിരെ നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണം എത്ര കഴമ്പില്ലാത്തതാണെങ്കിലും അതിനതിന്റേതായ ഗൗരവസ്വഭാവം കൈവരുന്നത് സ്വാഭാവികമാണ്.
നേരത്തേ എൽഡിഎഫ് പക്ഷത്തുള്ള കെ.ടി.ജലീൽ എംഎൽഎക്ക് നേരെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനും തീവ്രവാദ ആരോപണം ഉന്നയിച്ചിരുന്നു. അതിനെതിരെ നിയമ നടപടിയൊന്നും വേണ്ട എന്നായിരുന്നു ജലീലിന്റെ തീരുമാനം. മന്ത്രിമാരും എംഎൽഎമാരുമടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ ബിജെപി നേതാക്കൾ ഇങ്ങനെ നിരന്തരമായി തീവ്രവാദ ആരോപണങ്ങളുന്നയിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ടാണ് നിയമനടപടികൾക്ക് മുതിരാതെ സിപിഎമ്മുകാർ ഓടിയൊളിക്കുന്നത്?'












Click it and Unblock the Notifications