'ആക്ഷേപത്തിൽ കേസെടുക്കില്ല, രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരൻ'; ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിതിനെതിരെ പ്രമുഖ ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണത്തിൽ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംഭവത്തിൽ രഞ്ജിതിനെ ന്യായീകരിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളിൽ കേസെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്നും വ്യക്തമാക്കി.
രഞ്ജിത് പ്രഗത്ഭനായ ഒരു കലാകാരൻ ആണെന്നും അതുകൊണ്ട് തന്നെ ആക്ഷേപത്തിന്റെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്നും വസ്‌തുത പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നടി പരാതിയുമായി മുന്നോട്ട് വരികയാണെങ്കിൽ സർക്കാർ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി.

രഞ്ജിത്തിനെതിരായ ആരോപണം മാധ്യമങ്ങളിലൂടെയാണ് താൻ കണ്ടതെന്നും, അതിൽ രഞ്ജിത് തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആ മറുപടിയും നടിയുടെ ആക്ഷേപവുമാണ് നമുക്ക് മുന്നിലുള്ളത്. അത് സംബന്ധിച്ച് അവർക്ക് പരാതിയുണ്ടെങ്കിൽ മുന്നോട്ട് വരട്ടെ. അവർ വന്നുകഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിയമാനുസൃതം തന്നെ സർക്കാർ സ്വീകരിക്കും; സജി ചെറിയാൻ പറഞ്ഞു.
ഏതെങ്കിലുമൊരാൾ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാൽ അങ്ങനെ കേസെടുക്കാൻ കഴിയുമോ എന്നായിരുന്നു സജി ചെറിയാന്റെ ചോദ്യം. അങ്ങനെയെടുത്ത ഏതെങ്കിലും ഒരു കേസ് കേരളത്തിൽ നിലനിന്നിട്ടുണ്ടോ. ആരോപണം ഉന്നയിച്ചവർ പരാതി തരണം. ആർക്കെങ്കിലും അദ്ദേഹത്തിനെതിരെ പരാതി ഉണ്ടെങ്കിൽ രേഖാമൂലം നൽകിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ സ്ത്രീകൾക്കൊപ്പമാണ്. വേട്ടക്കാരനൊപ്പമല്ല ഇരയോടൊപ്പമാണ് സർക്കാർ നിൽക്കുന്നതെന്ന് പറഞ്ഞ സജി ചെറിയാൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുന്നതിൽ തീരുമാനം എടുക്കേണ്ടത് സിപിഎം ആണെന്നും പറഞ്ഞു. ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് രഞ്ജിതിനെ പദവിയിൽ എത്തിച്ചതെന്നും അതിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, രഞ്ജിത്തിനെതിരെ ഗുരുതര ആരോപണമാണ് ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ചത്. 'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയില്‍ അഭിനയിക്കാനായി കേരളത്തിൽ എത്തിയപ്പോഴാണ് രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് നടി ആരോപണത്തിൽ പറഞ്ഞിരുന്നു.
രഞ്ജിത്തിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് മനസ് തുറന്ന ശ്രീലേഖ മിത്രം ആ രാത്രിയിൽ ഹോട്ടൽ മുറിയിൽ ഒറ്റയ്ക്ക് കഴിഞ്ഞത് വളരെയധികം ഭീതിയോടെ ആണെന്നും ഓർത്തെടുത്തു. എതിർത്തതോടെ പിന്നീട് മലയാള സിനിമയിൽ ഒരിക്കലും തനിക്ക് അവസരം ലഭിച്ചിട്ടില്ലെന്നും ആ സമയത്ത് തന്നെ പരാതി അറിയിച്ചിരുന്നുവെന്നും നടി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications