കാത്തിരിപ്പ് യാഥാര്‍ത്ഥ്യമാകുന്നു; കേരളത്തില്‍ എയിംസിന് തത്വത്തില്‍ അംഗീകാരം നല്‍കിയതായി ആരോഗ്യമന്ത്രാലയം
ന്യൂദല്‍ഹി: കാത്ത് കാത്തിരുന്ന് കേരളത്തില്‍ എയിംസ് ( ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ) യാഥാര്‍ത്ഥ്യമാകുന്നു. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കെ മുരളീധരന്‍ എം പിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിലപാട് അറിയിച്ചത്. ഇതിനായി തത്വത്തിലുള്ള അംഗീകാരം ധനമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇനി ശേഷിക്കുന്ന നടപടികള്‍ ധനമന്ത്രാലയമാണ് സ്വീകരിക്കേണ്ടത്. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതിന് ശേഷമാവും കേരളത്തിലെ എയിംസ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.
ദേശീയ ആരോഗ്യ മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് അവയുടെ പ്രോഗ്രാം ഇമ്പ്‌ലീമെന്റേഷന്‍ പ്ലാന്‍ അനുസരിച്ചു വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും കേരളത്തിനും ഇത്തരം സഹായം നല്‍കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നുവെന്നും കേന്ദ്ര മന്ത്രി അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കെ മുരളീധരന്‍ എം പി കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഇതിനുള്ള മറുപടി ആയാണ് ആരോഗ്യ മന്ത്രാലയം ധന മന്ത്രാലയത്തോട് ഇക്കാര്യം ശുപാര്‍ശ ചെയ്തതായി വ്യക്തമാക്കിയത്.

കേരളത്തിനും ഇതുമായി ബന്ധപ്പെട്ടുള്ള കത്ത് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. അനുകൂലമായ സ്ഥലങ്ങള്‍ അറിയിക്കണം എന്ന് നിര്‍ദേശിച്ച് ആണ് കേരളത്തിനും കേന്ദ്രം കത്ത് കൈമാറിയിട്ടുള്ളത്. ഇത് പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ സ്ഥലങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാവും അന്തിമ പരിശോധന നടത്തി സ്ഥലം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക എന്നും വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടക, കേരളം, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് എയിംസിനായി ആവശ്യം ഉന്നയിച്ചത്. അതേസമയം ധനകാര്യമന്ത്രാലയം ആവശ്യം പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കെ മുരളീധരന്‍ എം പി പ്രതികരിച്ചു. രാജ്യത്ത് നിലവില്‍ 19 സ്ഥലങ്ങളിലാണ് എയിംസ് പ്രവര്‍ത്തിക്കുന്നത്. 2014-ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എയിംസ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും കേരളത്തിന് ഇതുവരെ എയിംസ് സംബന്ധിച്ച ഉറപ്പ് ലഭിച്ചിരുന്നില്ല.

കേരളത്തിന്റെ ഏറെ നാളായിട്ടുള്ള ആവശ്യമാണ് എയിംസ് സംസ്ഥാനത്ത് വേണം എന്നുള്ളത്. കഴിഞ്ഞ ബജറ്റുകളിലെല്ലാം കേരളം പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 200 ഏക്കര്‍ ഭൂമി എയിംസിന് അനുയോജ്യമാണ് എന്ന നിലപാടിലാണ് സംസ്ഥാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജുലൈ 18 ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം കിനാലൂര്‍ സന്ദര്‍ശിച്ചിരുന്നു.

തുടര്‍ന്ന് ഓഗസ്റ്റ് പതിനാലിന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലകിന്റെ നേതൃത്വത്തിലും 17 ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡേയുടെ നേതൃത്വത്തിലും ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചിരുന്നു. അതേസമയം എയിംസ് ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലയില്‍ എയിംസ് സമരസമിതിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലെ ജനപ്രതിനിധികളും എയിംസിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
എങ്ങനെയുണ്ട് പുതിയ ബീന്‍ ബാഗ് എന്ന് ഷഫ്‌ന, കലക്കിയെന്ന് ആരാധകര്‍












Click it and Unblock the Notifications