ന്യൂനപക്ഷ സ്കോളർഷിപ്പ്: ആദ്യം സ്വാഗതം ചെയ്തു, ലീഗ് സ്വരം കടുപ്പിച്ചതോടെ മലക്കം മറിഞ്ഞ് സതീശൻ
പുതിയ ഉത്തരവ് മൂലം ഒരു സമുദായത്തിനും നഷ്ടം സംഭവിച്ചിട്ടില്ല. ഉത്തരവിൽ പറയുന്ന ഭൂരിഭാഗം നിർദേശങ്ങളും യുഡിഎഫ് മുന്നോട്ടുവച്ചതാണ്
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച സർക്കാർ തീരുമാനം യുഡിഎഫിനുള്ളിൽ ആശയക്കുഴപ്പത്തിന് കാരണമായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് പ്രതികരിച്ചത്. എന്നാൽ യുഡിഎഫിലെ മറ്റൊരു പ്രധാന പാർട്ടിയായ മുസ്ലിം ലീഗ് ഇതിനെ ശക്തമായി എതിർക്കുകയാണ്. മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്കു സ്കോളർഷിപ്പ് നൽകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

"ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന സ്കോളർഷിപ്പുകളുടെ എണ്ണം കുറയ്ക്കരുതെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആവശ്യം. പുതിയ ഉത്തരവ് മൂലം ഒരു സമുദായത്തിനും നഷ്ടം സംഭവിച്ചിട്ടില്ല. ഉത്തരവിൽ പറയുന്ന ഭൂരിഭാഗം നിർദേശങ്ങളും യുഡിഎഫ് മുന്നോട്ടുവച്ചതാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് നിലപാടെടുത്തത്. മുസ്‌ലിം ലീഗ് ഉന്നയിക്കുന്ന ആവശ്യം യുഡിഎഫ് പരിശോധിക്കും," സതീശൻ വ്യക്തമാക്കി.

അതേസമയം സതീശന്റെ വാദത്തെ പൂർണമായും തള്ളുകയണ് മുസ്ലിം ലീഗ്. യുഡിഎഫ് പറഞ്ഞ നിര്‍ദേശമല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ചതെമന്ന് ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു. മറ്റു സമുദായങ്ങള്‍ക്കായി വേറെ പദ്ധതി വേണമെന്നതാണു ലീഗ് നിലപാട്. സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ കുഴിച്ചുമൂടിയെന്നും മജീദ് കുറ്റപ്പെടുത്തി.

സംഭവം വിവാദമായതോടെ വിശദീകരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ ഇടത് സര്‍ക്കാര്‍ നടപടി ബിജെപിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും ലീഗിന്റെ നിലപാടിനൊപ്പമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

"അനാവശ്യമായ വിഭാഗീയത ഉണ്ടാക്കുന്ന ചര്‍ച്ച സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കൊണ്ടുവരികയാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു സ്‌കോളര്‍ഷിപ്പ് മാത്രമല്ല. ഇന്ത്യയിലെ മുസ്ലിം പിന്നാക്കവസ്ഥയുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ചതാണ് സച്ചാര്‍ കമ്മീഷന്‍. ആ കമ്മീഷന്‍ നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ ഇടത് സര്‍ക്കാര്‍ പാലോളി കമ്മീഷന്‍ രൂപീകരിച്ചു. അവരാണ് 80:20 അനുപാതമാക്കിയത്. അതാണ് ഈ ചര്‍ച്ചമുഴുവനും ഉണ്ടാക്കിയത്."

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാന്‍ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്‌കോളര്‍ഷിപ്പ് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്.












Click it and Unblock the Notifications