തലശ്ശേരിയില്‍ നിന്നും നാടുവിട്ട ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി: മറുപടിയുമായി നഗരസഭയും
കണ്ണൂർ: തലശ്ശേരിയില്‍ നിന്നും കാണാതായ ദമ്പതികളെ കണ്ടെത്തി. ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പ്രവർത്തനാനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ച് നാടുവിട്ട രാജ് കബീറിനേയും ഭാര്യ ശ്രീവിദ്യയയേും ആണ് പൊലീസ് കോയമ്പത്തൂരില്‍ വെച്ച് കണ്ടെത്തിയത്.
ഇന്ന് രാവിലെയോടെ ഇവരെ ട്രെയിന്‍ മാർഗ്ഗം കണ്ണൂരില്‍ എത്തിക്കും. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ദമ്പതികള്‍ കോയമ്പത്തൂരാണ് ഉള്ളതെന്ന് കണ്ടെത്തിയത്.

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷമായിരുന്നു രാജ് കബീറിന്റേയും ശ്രീവിദ്യയുടേയും യാത്രയെങ്കിലും ഫോണ്‍ ലൊക്കേഷന്‍ ലഭ്യമായത് അന്വേഷണത്തില്‍ സഹായകരമാവുകയായിരുന്നു. ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടു വിടുന്നു എന്ന് കത്തെഴുതി വച്ചാണ് വ്യവസായ ദമ്പതികളായ ഇരുവരും നാട് വിട്ടത്.

നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് നിരന്തര പീഡനമാണെന്നും ഇത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നുണ്ടായിരുന്നു. രാജ് കബീറും ഭാര്യ ശ്രിദിവ്യയും 2006 ലാണ് തലശ്ശേരി കണ്ടിക്കലിലെ മിനി വ്യവസായ പാർക്കിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റ് തുടങ്ങിയത്. പണി തീരുന്ന ഫർണിച്ചറുകള്‍ ഇറക്കി വെക്കാന്‍ 2018 ല്‍ സ്ഥാപനത്തിന് മുന്നില്‍ ഷീറ്റിട്ടിരുന്നു. ഇതാണ് നഗരസഭയുമായുള്ള ഉടക്കിന് പിന്നീട് കാരണമായത്.

ഇത് അനധികൃത നിർമാണമാണെന്നും പിഴയായി നാല് ലക്ഷത്തി പതിനേഴായിരം രൂപ അടക്കണമെന്നും തലശ്ശേരി നഗരസഭ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയിലായിരുന്നതിനാല്‍ പിഴ അടക്കാന്‍ സാധിച്ചില്ല. ഇതോടെ ജൂലൈ 27 സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദ് ചെയ്ത് താഴിട്ട് പൂട്ടുകയയാണ് നഗരസഭ ചെയ്തത്. ഇതിനെതിരെ രാജ് കബീർ ഹൈക്കോടതിയില്‍ പോയതോടെ പിഴ തുകയുടെ 10 ശതമാനം അടച്ച് സ്ഥാപനം പ്രവർത്തിക്കാം എന്ന ഉത്തരവ് കരസ്ഥമാക്കി. എന്നാല്‍ അതിന് ശേഷവും നഗരസഭ സ്ഥാപനം തുറന്ന് നല്‍കാന്‍ തയ്യാറായില്ലെന്നാണ് രജ് കബീർ വ്യക്തമാക്കുന്നത്.

അതേസമയം, നഗരസഭയെ കരുതിക്കൂട്ടി ആക്രമിക്കാൻ വേണ്ടിയാണ് വ്യവസായി രാജ് കബീറും ഭാര്യ ശ്രീദിവ്യയും നാട് വിട്ടതെന്നാണ് ചെയർപേഴ്സണ്‍ ജമുനാ റാണി ആരോപിക്കുന്നത്. ഭരണ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ വ്യവസായി നടത്തുന്നത്. വ്യവസായ വകുപ്പ് ഈ വിഷയത്തിൽ ഒരു സംഭാഷണവും നഗരസഭയുമായി നടത്തിയിട്ടില്ല എന്നും ജമുനാ റാണി വ്യക്തമാക്കുന്നു.












Click it and Unblock the Notifications