മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിലെത്തി; ഒപ്പം യുവാവും, അന്വേഷണം ഊർജിതം
മുംബൈ: മലപ്പുറത്ത് നിന്ന് കാണാതായ രണ്ട് പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന് സ്ഥിരീകരിച്ച് പോലീസ്. ട്രെയിൻ മാർഗമാണ് പെൺകുട്ടികൾ മുംബൈയിൽ എത്തിയത്. ഒപ്പം മലപ്പുറം സ്വദേശിയായ ഒരു യുവാവും ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. മലപ്പുറം താനൂർ ദേവദാർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് ഇന്നലെ മുതൽ കാണാതായത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇവർ മുംബൈ പനവേൽ സ്‌റ്റേഷനിൽ എത്തിയെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പെൺകുട്ടികൾ ട്രെയിനിൽ മുംബൈയിലേക്ക് പോയത്. പനവേലിൽ നിന്നും പത്തുമണിക്കും പത്തരയ്ക്കുമായി ഇടയിലായി രണ്ട് ട്രെയിനുകൾ കേരളത്തിലേക്ക് പുറപ്പെടും. ഈ ട്രെയിനുകളിൽ പോകാൻ സാധ്യതയുണ്ടെന്നാണ് പോലീസ് കരുതിയത്, പക്ഷേ ഇതിൽ നടത്തിയ തിരച്ചിലിൽ കുട്ടികളെ കണ്ടെത്താൻ ആയിട്ടില്ല.

പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചിരുന്നു. മലയാളി അസോസിയേഷനുകൾ പനവേലിൽ ശക്തമായ തിരച്ചിൽ നടത്തുകയാണ്. പനവേലിൽ സമീപമുള്ള സലൂണിൽ പെൺകുട്ടികൾ മുടിവെട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. മുംബൈ മലയാളി അസോസിയേഷന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, പെൺകുട്ടികൾക്ക് ഒപ്പം പോയെന്ന് കരുതുന്ന യുവാവിന്റെ വിവരങ്ങൾ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. അക്ബർ റഹീം എന്നാണ് യുവാവിന്റെ പേര്. കുട്ടികളെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പരിചയപ്പെട്ടതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. എന്നാൽ കുട്ടികളെ യുവാവ് ഇൻസ്‌റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പോലീസ് പറയുന്നു. തുടർന്ന് ഇവർ മുംബൈയിലേക്ക് പോവുന്നു എന്നറിഞ്ഞപ്പോൾ ഇയാൾ കോഴിക്കോട് സ്‌റ്റേഷനിൽ എത്തുകയായിരുന്നു.
പെൺകുട്ടികളെ പോലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ റഹീം നാട്ടിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ പോലീസ് നിർദ്ദേശ പ്രകാരം നിലവിൽ ഇയാൾ മുംബൈയിൽ തന്നെ തുടരുകയാണെന്നാണ് സൂചന. പെൺകുട്ടികളെ കണ്ട് കിട്ടുന്നത് വരെ യുവാവ് മുംബൈയിൽ തന്നെ തുടർന്നേക്കുമെന്നാണ് ലഭ്യമായ വിവരം.
പെൺകുട്ടികളെ അധികം വൈകാതെ തന്നെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസും മലയാളി അസോസിയേഷനും. യാത്രകൾ ഇഷ്‌ടപ്പെടുന്ന കുട്ടികളാണ് ഇരുവരുമെന്നും പോലീസ് പറയുന്നു. റെയിൽവേ പോലീസും തിരച്ചിലുമായി സഹകരിക്കുന്നുണ്ട്. എന്നാൽ കുട്ടികൾ സ്‌റ്റേഷൻ വിട്ടിട്ടുണ്ടെങ്കിൽ കൂടുതൽ വ്യാപകമായ തിരിച്ചിൽ നടത്തേണ്ടി വരും.












Click it and Unblock the Notifications