'മിശ്ര വിവാഹം എന്നത് ഇസ്ലാം വിരുദ്ധം, അതിന് പാർട്ടികളുടെ സഹായം കിട്ടുന്നു'; ഹുസൈൻ മടവൂർ
കോഴിക്കോട്: മിശ്രവിവാഹവുമായി ബന്ധപ്പെട്ട് എസ്‍വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ വിവാദ പ്രസ്‌താവനയ്ക്ക് പിന്തുണയുമായി കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍. നാസര്‍ ഫൈസി കൂടത്തായി പറഞ്ഞതില്‍ തെറ്റില്ലെന്നും മിശ്രവിവാഹമെന്നത് ഇസ്ലാം വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെന്ന പേരില്‍ കൊണ്ടു പോകുന്നവർക്ക് പാര്‍ട്ടികളുടെ സഹായം കിട്ടുന്നുണ്ട്. നാസര്‍ ഫൈസിയുടെ വാദത്തെ ലവ് ജിഹാദുമായി ബന്ധപ്പെടുത്തേണ്ടതില്ല. ലവ് ജിഹാദില്ലെന്ന് ആഭ്യന്തര വകുപ്പ് തന്നെ വ്യക്തമാക്കിയതാണെന്നും ഹുസൈന്‍ മടവൂര്‍ പ്രതികരിച്ചു.

നേരത്തെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് നാസർ ഫൈസി കൂടത്തായി നടത്തി പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മിശ്രവിവാഹത്തിനായി മുസ്ലിം പെൺകുട്ടികളെ കൊണ്ടുപോകുന്നതിന് ചില പാർട്ടികളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നായിരുന്നു നാസർ ഫൈസിയുടെ പരാമർശം.
മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും ഇതിന് പിന്നിൽ സിപിഎമ്മും ഡിവൈഎഫ്ഐയുമാണെന്നുമായിരുന്നു നാസര്‍ ഫൈസിയുടെ ആരോപണം. ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാൽ മാത്രമേ മതേതരത്വമാവൂ എന്നാണ് ചിലര്‍ കരുതുന്നതെന്നും, അതിനാൽ മഹല്ലുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രസ്‌താവന വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി ഉൾപ്പെടെ മറുപടിയുമായി രംഗത്ത് വന്നിരുന്നു. മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ചെറുപ്പക്കാർ പരസ്‌പരം ഇഷ്‌ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ തന്റെ പ്രസ്‌താവനയിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് നാസർ ഫൈസി കൂടത്തായി. സിപിഎമ്മിനെതിരായ ആരോപണം അദ്ദേഹം കടുപ്പിക്കുകയും ചെയ്‌തിരുന്നു. മിശ്ര വിവാഹത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് സിപിഎം ലേബലിലാണ്. പല പാർട്ടി നേതാക്കളും അണി നിരന്ന് മിശ്ര വിവാഹത്തിന് പിന്തുണ നല്‍കുന്നു. സിപിഎം നടത്തിയ പരിഷ്‌കരണത്തിന്റെ ഭാഗമാണ് മിശ്ര വിവാഹമെന്നും കേരളത്തില്‍ സിപിഎം ഉള്ളതുകൊണ്ടാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര് ആരെ കല്യാണം കഴിക്കണം എന്നുള്ളത് ഒരു വ്യക്തിയുടെ സ്വാതന്ത്രം എന്നതില്‍ ഉപരി മാതാപിതാക്കളുടെ ഇടപെടല്‍ ആവശ്യമാണെന്നാണ് ഇസ്ലാം പറയുന്നതെന്ന് വ്യക്തമാക്കിയ നാസർ ഫൈസി. പെണ്‍കുട്ടി തന്റെ വിവാഹം സ്വയം നിശ്ചയിക്കാന്‍ പാടില്ലെന്നും പറഞ്ഞു. പെണ്‍കുട്ടി സ്വന്തം നിലക്ക് വരനെ കണ്ടെത്താന്‍ പാടില്ല. അവരെ വിവാഹം ചെയ്‌തുകൊടുക്കേണ്ട ഉത്തരവാദിത്തം പിതാവിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications