ഞങ്ങള്‍ തിരിച്ചുവരും; തമിഴ്‌നാട് ചൂണ്ടിക്കാട്ടി എംകെ മുനീര്‍, തോല്‍വി പഠിക്കാന്‍ പ്രത്യേക സമിതി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. 41 സീറ്റിലേക്ക് മുന്നണി ചുരുങ്ങി. എന്നാല്‍ എല്‍ഡിഎഫിന് 99 സീറ്റായി ഉയരുകയും ചെയ്തു. യുഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും തങ്ങളുടെ കോട്ടകള്‍ കാക്കാന്‍ സാധിച്ചു എന്ന വിലയിരുത്തലിലാണ് മുസ്ലിം ലീഗ്. മലപ്പുറത്തെ സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചതും ഏഴ് മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതും മുസ്ലിം ലീഗ് നേട്ടമായി വിലയിരുത്തുന്നു. തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും ആഴത്തിലുള്ള പരിശോധന നടത്തുമെന്നും മുനീര്‍ പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

യുഡിഎഫ് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് എംകെ മുനീര്‍ പങ്കുവെക്കുന്നത്. തമിഴ്‌നാട്ടില്‍ 10 വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷമാണ് ഡിഎംകെ വന്‍ മുന്നേറ്റം നടത്തി അധികാരം പിടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമാനമായ മാറ്റം കേരളത്തിലും സംഭവിക്കും. പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആവേശത്തോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തോല്‍വി സംബന്ധിച്ച് കോണ്‍ഗ്രസ് പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ നേതൃത്വങ്ങള്‍ ഇടപെട്ടേക്കാം. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റും പ്രത്യേക നിരീക്ഷകരെ തന്നെ കോണ്‍ഗ്രസ് കേരളത്തിലേക്ക് നിയോഗിച്ചിരുന്നു. സമാനമായ നടപടികള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും മുനീര്‍ സൂചിപ്പിക്കുന്നു.
2016ല്‍ കോണ്‍ഗ്രസ് 21 സീറ്റിലാണ് ജയിച്ചത്. ഇത്തവണയും അവര്‍ക്ക് അത്ര തന്നെ സീറ്റേ കിട്ടിയുള്ളൂ. മുസ്ലിം ലീഗ് 18 സീറ്റിലാണ് 2016ല്‍ ജയിച്ചത്. എന്നാല്‍ ഇത്തവണ മൂന്ന് സീറ്റുകള്‍ കുറഞ്ഞു. അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശേരി സീറ്റുകള്‍ മുസ്ലിം ലീഗിന് നഷ്ടമായി. അതേസമയം, കൊടുവള്ളി മണ്ഡലം തിരിച്ചുപിടിക്കാന്‍ സാധിച്ചു. കൊടുവള്ളിയില്‍ എംകെ മുനീര്‍ ആണ് ജയിച്ചത്. കോഴിക്കോട് സൗത്തില്‍ എന്താണ് പരാജയപ്പെടാനുള്ള കാരണം എന്നത് പരിശോധിക്കുമെന്നും എംകെ മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications