ചെങ്കൊടിയേന്തിയ മുണ്ടയ്ക്കല്‍ മാധവന്‍ മണി
ഇരുപത്തിയഞ്ചു വര്‍ഷത്തില്‍ കൂടുതലുള്ള രാഷ്ട്രീയ ചരിത്രം എം.എം മണിക്ക് സ്വന്തമാണ്. കാല്‍നൂറ്റാണ്ടിലേറെയായി ജില്ലാ സെക്രട്ടറി സ്ഥാനത്തുള്ള ഒരേ ഒരാളാണ് എം.എം മണി. ആ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് മണിയാശാന്റെ പടിയിറക്കം. പോരാട്ട വീര്യത്തില്‍ ഇടുക്കിയിലെ മണ്ണ് ചുവപ്പിച്ച മനുഷ്യന്‍.
വിവാദങ്ങള്‍ വിട്ടു മാറാത്തതുകൊണ്ടു തന്നെ എം.എം മണി എപ്പോഴും എവിടെയും നിറഞ്ഞു നിന്നിരുന്നു. ആരോപണങ്ങളും കേസുകളും നേരിട്ടിട്ടും മണിയാശാന്‍ തളര്‍ന്നില്ല. പതിനാലാം വയസ്സില്‍ ചെങ്കൊടിയേന്തിയ അദ്ദേഹത്തിന്റെ കരുത്ത് ചെറുതൊന്നുമല്ലായിരുന്നു. മുണ്ടയ്ക്കല്‍ മാധവന്‍ മണിയെന്ന എം.എം മണി തന്റെ അഭിപ്രായത്തോട് അഹങ്കാരത്തോടെ എന്നും ഉറച്ചു നിന്നു.

ഇരുപത്തിയഞ്ചാം വയസ്സില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്തശേഷം ഇടുക്കിയില്‍ ഇടത് കോട്ടകള്‍ കെട്ടി ഉയര്‍ത്തി. ഒട്ടേറെ ജനവിഭാഗങ്ങളെ ഇടത് കൈയില്‍ എത്തിച്ചു. ഒടുവില്‍ നാല്‍പതാം വയസ്സില്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായി. രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവായിരുന്നു എം.എം മണി.
2012 മെയിലായിരുന്നു എം.എം മണിയുടെ വിവാദ പ്രസംഗം പൊട്ടിപുറപ്പെടുന്നത്. തൊടുപുഴ മണക്കാട്ട് പൊതുവേദിയിലായിരുന്നു സിപിഐഎമ്മിനെതിരെ മണി ആഞ്ഞടിച്ചത്. രാഷ്ട്രീയ എതിരാളികളെ സിപിഐഎം കൊന്നുതള്ളിയെന്നാണ് മണി പറഞ്ഞത്. ഒന്നിനെ വെടിവച്ചുകൊന്നു, ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ വെട്ടിക്കൊന്നു എന്ന രീതിയിലായിരുന്നു പ്രസംഗം. പ്രസംഗം ചെറിയ വിവാദമൊന്നുമല്ല ഉണ്ടാക്കിയത്.

എന്നാല്‍ അഭിപ്രായത്തില്‍ നിന്നൊരു പിന്‍വാങ്ങലിന് അദ്ദേഹം ഒരുക്കമല്ലായിരുന്നു. അറസ്റ്റ് ചെയ്ത മണിയെ ഒടുവില്‍ കോടതി കുറ്റവിമുക്തനാക്കുകയുമായിരുന്നു. പിന്നീട് വിവാദ പ്രസ്താവനയെക്കുറിച്ച് തുടരന്വേഷണം നടത്തണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജിയും കോടതി തള്ളി. അങ്ങനെ മണിയാശാന് കോടതിയുടെ ക്ലീന്‍ ചിറ്റും ലഭിച്ചു.












Click it and Unblock the Notifications