നികുതി വെട്ടിപ്പ്; കൈരളി ടിഎംടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റില്‍
കൊച്ചി: വ്യാജ ബില്‍ ഉണ്ടാക്കി കോടികളുടെ നികുതി തട്ടിപ്പ് നടത്തിയെന്ന കേസില്‍ കൈരളി ടി എം ടി ബാര്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റില്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി എസ് ടി ഇന്റലിജന്‍സ് ഡി ജി ജി ഐയാണ് ഹുമയൂണ്‍ കള്ളിയത്തിനെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തുടനീളം നടത്തിയ ജി എസ് ടി വെട്ടിപ്പ് അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. പാലക്കാട്, സേലം എന്നിവിടങ്ങളിലെ ഫാക്ടറികളുള്ള കേരളത്തിലെ സ്റ്റീല്‍ ബാറുകളുടെ മുന്‍നിര വിതരണക്കാരായണ് കൈരളി സ്റ്റീല്‍സ് ആന്‍ഡ് അലോയ്സ് (കൈരളി ടി എം ടി) റാക്കറ്റിന്റെ പ്രധാന ഗുണഭോക്താവാണെന്ന് സംശയിക്കുന്നതായി ഡി ജി ജി ഐ ബുധനാഴ്ച ഇവിടെ അറിയിച്ചു.
43 കോടി രൂപയുടെ ജി എസ് ടിയുടെ വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റാണ് കാര്‍ട്ടല്‍ തട്ടിപ്പിലൂടെ കൈമാറിയതെന്ന് ഡി ജി ജി ഐ പറഞ്ഞു. ഹുമയൂണ്‍ കള്ളിയത്തിനെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇദ്ദേഹത്തിലെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡി ജി ജി ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 85 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ നൂറ് കോടി കടക്കും എന്നാണ് നിഗമനം എന്ന് അന്വേഷണ സംഘം പറയുന്നു.

രണ്ട് മാസത്തിനിടെ കമ്പനിയുടെ പത്തിടങ്ങളിലായാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കമ്പനിയുടെ രണ്ട് സഹോദര സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. സ്റ്റീല്‍ വ്യവസായത്തില്‍ 125 വര്‍ഷത്തിലേറെ നീണ്ട പാരമ്പര്യമുള്ള കമ്പനിയാണ് കൈരളി ടി എം ടി സ്റ്റീല്‍ ബാര്‍സ്. നടന്‍ മോഹന്‍ലാലാണ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍. അഴിമതിയുടെ സൂത്രധാരന്‍ ഹുമയൂണ്‍ ആന്‍ഡ് അസോസിയേറ്റ്സിന്റെ പ്രൊപ്രൈറ്റര്‍ കൂടിയായഹുമയൂണ്‍ കള്ളിയത്ത് ആണ്. കൈരളി സ്റ്റീല്‍സ് ആന്‍ഡ് അലോയ്സ് ആണ് ഈ റാക്കറ്റിന്റെ പ്രധാന ഗുണഭോക്താവെന്ന് സംശയിക്കുന്നു, ജി എസ് ടി ഇന്റലിജന്‍സ് ''ഡയറക്ടര്‍ ജനറല്‍ കൊച്ചി സോണല്‍ പ്രിന്‍സിപ്പല്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മാത്യു എം ജോളി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ഡി ജി ജി ഐ യൂണിറ്റുകളിലെ ഉദ്യോഗസ്ഥര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം തിരച്ചില്‍ നടത്തി നിരവധി കുറ്റകരമായ രേഖകള്‍ കണ്ടെടുത്തു. ആത്യന്തിക ഗുണഭോക്താക്കള്‍ക്ക് കാര്‍ട്ടല്‍ 400 കോടി രൂപയുടെ വ്യാജ ഇന്‍വോയ്‌സുകള്‍ നല്‍കിയതായി പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെടുന്നു. അതുവഴി ഏകദേശം 43 കോടി രൂപയുടെ ജി എസ് ടിയുടെ വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് കടന്നുപോകും,''ഡി ജി ജി ഐ പ്രസ്താവനയില്‍ പറഞ്ഞു.

2017 ലെ സി ജി എസ് ടി നിയമത്തിലെ സെക്ഷന്‍ 69 പ്രകാരം ഡി ജി ജി ഐ തിരുവനന്തപുരം റീജിയണല്‍ യൂണിറ്റിലെ ഇന്റലിജന്‍സ് ഓഫീസറായ ജിജോ ഫ്രാന്‍സിസാണ് ഹുമയൂണ്‍ കള്ളിയത്തിനെ അറസ്റ്റ് ചെയ്തത്. 'ഇയാള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ 2017 ലെ സി ജി എസ് ടി ആക്ട് 132 - ലെ സെക്ഷന്‍ 132 പ്രകാരം ശിക്ഷാര്‍ഹമാണ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരായ ഹരീന്ദ്രന്‍ കെ, ഷാഹുല്‍ ഹമീദ് എ, ബാലഗോപാല്‍ ജി, കുര്യന്‍ പി മാത്യു, ഇന്റലിജന്‍സ് ഓഫീസര്‍മാരായ വൈശാഖ് ആര്‍, വൈശാഖന്‍ അശോക് കുമാര്‍ ദത്തി, മഞ്ജു കൃഷ്ണദാസ്, ജിനു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അഡീഷണല്‍ ഡയറക്ടര്‍ നാസര്‍ ഖാന്റെ നേതൃത്വത്തില്‍ ഡി ജി ജി ഐ (ടി ആര്‍ യു) ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷ്‌ണേന്തു മിന്റു രാജയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.












Click it and Unblock the Notifications