രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ? ചോദ്യത്തിന് മറുപടി നൽകി മോഹൻലാൽ, 'വിമർശനങ്ങൾ ശ്രദ്ധിക്കാറില്ല'
രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാൽ. പുരസ്‌കാരം സ്വീകരിക്കാനായി ഡൽഹിയിൽ എത്തിയ വേളയിൽ ഏഷ്യാനെറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും കക്ഷിയോട് ചേർന്ന് പ്രവർത്തിക്കുന്ന രീതി ഇല്ലെന്നും അതിന്റെയൊക്കെ കാലം കഴിഞ്ഞെന്നുമാണ് മോഹൻലാൽ നൽകിയ മറുപടി. വിമർശനങ്ങളെ കുറിച്ചും അദ്ദേഹം മനസ് തുറന്നു.
മൗനം ആയുധമാക്കുകയല്ല ഞാൻ ചെയ്യാറുള്ളത്. അതൊരു സമീപനമാണ്. അവരോടൊക്കെ എന്ത് മറുപടിയാണ് പറയുക, നമുക്ക് എന്താ ചെയ്യാൻ കഴിയുക? അവരോടൊന്നും മത്സരിക്കേണ്ട കാര്യമില്ല. അവർക്കൊക്കെ അവരുടേതായ ന്യായങ്ങൾ ഉണ്ടാവും. എനിക്ക് എന്റേതായ ന്യായങ്ങളും ഉണ്ടാവും. എന്റെ ന്യായങ്ങൾ എനിക്ക് ശരിയായിരിക്കും. എന്താണ് എന്റെ സോഷ്യൽ കമ്മിറ്റ്മെന്റ്? എനിക്ക് കിട്ടുന്ന ജോലി ഭംഗിയായി ചെയ്യുക എന്നുള്ളതാണ്.

അതിന്റെ ജയപരാജയങ്ങൾ ഒന്നും എന്റെ ചിന്തയിൽ വരുന്ന കാര്യങ്ങൾ അല്ല. സിനിമകൾ വിജയിക്കാം അല്ലെങ്കിൽ പരാജയപ്പെടാം. അതൊരു സിസ്‌റ്റത്തിന്റെ ഭാഗമാണ്. മോഹൻലാൽ അഭിനയിച്ചിട്ട് ആ സിനിമ വൃത്തികേടായി പോയി എന്ന് പറഞ്ഞാൽ ഞാനാണ് ഉത്തരവാദി. അങ്ങനെയും ഉണ്ടാവും. ബാക്കിയുള്ള കാര്യങ്ങളിലൊക്കെ അതിന്റെ കൂടെ പ്രതികരിക്കാൻ പോയാൽ എങ്ങനെയാണ് ജീവിക്കുക.
പണ്ടും ഉണ്ടായിരുന്നു. നമ്മൾ പറയാറില്ലേ പ്രാകുക എന്നൊക്കെ. അന്നൊന്നും മുഖങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ കൂടുതൽ പ്ലാറ്റ്‌ഫോംസ് ഉണ്ട്. അതിന്റെ ഒക്കെ പുറകെ പോയി നമ്മൾ എന്തിനാണ് സമയം പാഴാക്കുന്നത്. ആ സമയം നമുക്ക് എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്‌തുകൂടെ. മൗനം എന്ന് പറയുന്നത് ചിലപ്പോൾ ഒരു ആയുധവുമായേക്കാം. കഴിഞ്ഞകാലം മറക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. ഇപ്പോൾ ആണ് ഞാൻ സന്തോഷത്തിൽ ആവാൻ ആഗ്രഹിക്കുന്നു.
അമ്മ ഏറ്റവും നല്ല ഒരു കാര്യമായിരുന്നു. അതൊരു സിനിമാ സംഘടന ആയത് കൊണ്ട് മാത്രമാണ് ഇങ്ങനെ നോക്കി കാണുന്നത്. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നൊരു സംഘടന കൂടിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും നല്ല സംഘടന തന്നെയാണ്. കൈനീട്ടവും മരുന്നും ഒക്കെയായാലും. അതിൽ ചില സ്വരക്കേടുകൾ ഉണ്ടാവും അത്ര തന്നെ. അതിനെ ഒരിക്കലും ഒരു ഭാരമായി കണ്ടിട്ടില്ല. സമയം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ആ സംഘടന ഏറ്റവും നല്ല ഒന്നാണ്.
രാഷ്ട്രത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് എനിക്കറിയാം. കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോൾ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. അത്തരത്തിൽ ആരോടും ചേർന്ന് നിൽക്കുന്നില്ല. പിന്നെ ഇതിനെയൊക്കെ ഒരു സമയം ഉണ്ട്, അത് കഴിഞ്ഞെന്നാണ് ഞാൻ കരുതുന്നത്. അതിനെ കുറിച്ച് നല്ല ധാരണ വേണം, പഠിക്കണം. അല്ലാതെ ഇറങ്ങിയിട്ട് കാര്യമില്ല. തൽക്കാലം രാഷ്ട്രീയത്തിലേക്കില്ല, സിനിമ തന്നെയാണ് എന്റെ ജീവിത മാർഗം; മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ.












Click it and Unblock the Notifications