മലയാളം സര്‍വ്വകലാശാലയില്‍ 'ദുരാചാര പോലീസ്'; വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്റെ പേരിലുള്ള മലയാളം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍നേരെ ആക്രമണം. സദാചാര പോലീസ് ചമഞ്ഞെത്തിയ ചിലരാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ സംഘത്തെ മര്‍ദ്ദിച്ചത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കുകയോ ഇരിയ്ക്കുകയോ ചെയ്യരുത് എന്ന് പറഞ്ഞായിരുന്നത്രെ അതിക്രമം. വിദ്യാര്‍ത്ഥികളെ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു.

തിരൂരിനടുത്ത് വാക്കാട് വച്ചാണ് സംഭവം. സര്‍വ്വകലാശാലയിലെ സമിനാറിന് വേണ്ടി എത്തിയവരായിരുന്നു വിദ്യാര്‍ത്ഥികള്‍. ഏഴ് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ആണ് ഉണ്ടായിരുന്നത്. സെമിനാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ക്യാമ്പസ്സിനടുത്ത് താമസിയ്ക്കുന്ന വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തിയതായിരുന്നു ഇവര്‍.
അവിടെ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ സദാചാര പോലീസ് ചമഞ്ഞെത്തിയത്. വിദ്യാര്‍ത്ഥികള്‍ എല്ലാവരും ചേര്‍ന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഇതൊന്നും അനുവദിയ്ക്കില്ലെന്ന് പറഞ്ഞാണത്രെ അതിക്രമം തുടങ്ങിയത്.
മലയാളം സര്‍വ്വകലാശാലാ ക്യാമ്പസ് പരിസരത്ത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പലരും ഭയം മൂലം പരാതിപ്പെടാറില്ല. എന്തായാലും ഇത്തവണ വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications