'പവർ കട്ട് വേണം, 700ലധികം ട്രാൻസ്ഫോമറുകൾ തകരാറിൽ'; സർക്കാരിനോട് ആവശ്യം ശക്തമാക്കി കെഎസ്ഇബി
തിരുവനന്തപുരം: കൊടുംചൂടിൽ വലയുന്ന കേരളത്തിന് അടുത്ത പണിയുമായി കെഎസ്ഇബി വരുന്നു. വൈദ്യുത ഉപഭോഗം സർവകാല റെക്കോർഡിൽ എത്തിയ സാഹചര്യത്തിൽ പവർ കട്ട് വേണമെന്നാണ് കെഎസ്ഇബി സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെയും സമാന ആവശ്യവുമായി കെഎസ്ഇബി രംഗത്ത് വന്നിരുന്നെങ്കിലും വൈദ്യുതി വകുപ്പ് അതിന് അനുമതി നൽകിയിരുന്നില്ല.
ഇപ്പോഴിതാ അർധരാത്രി ഉൾപ്പെടെ വൈദ്യുതി തടസം ഉണ്ടായതോടെ പല മേഖകളിലും കെഎസ്ഇബി ഓഫീസുകൾ ഉപരോധിക്കുന്നതും വാക്ക് തർക്കങ്ങൾ ഉണ്ടാവുന്നതും പതിവായതോടെയാണ് സർക്കാരിനോട് ആവശ്യം വീണ്ടും ഉന്നയിക്കാൻ ബോർഡ് ഒരുങ്ങിയത്. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഇതല്ലാതെ മറ്റ് വഴികൾ ഇല്ലെന്നാണ് ബോർഡിന്റെ പക്ഷം.

ഇന്നലെ മാത്രം 11.31 കോടി യൂണിറ്റാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇത് സർവകാല റെക്കോർഡ് ആണ്. പീക്ക് സമയത്തെ ഉപയോഗം 5648 യൂണിറ്റ് മെഗാവാട്ട് ആയും ഉയർന്നതോടെ കെഎസ്ഇബി പ്രതിസന്ധിയിൽ ആവുകയാണ്. ലോഡ് അനിയന്ത്രിതമായി കൂടിയതോടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ട്രാൻസ്ഫോമറുകൾ തകരാറിൽ ആവുന്നത് പതിവായിട്ടുണ്ട്.
നിലവിൽ 700ലധികം ട്രാൻസ്ഫോർമറുകളാണ് തകരാറിൽ ആയത്. ഇതാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിംഗ് നടപ്പാക്കാൻ കാരണമെന്നും ബോർഡ് വാദിക്കുന്നു. എന്നാൽ ഇത് പലയിടത്തും സംഘർഷത്തിന് വഴിയൊരുക്കുന്ന കാഴ്‌ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ഇതോടെ നിലപാട് കടുപ്പിക്കുകയാണ് കെഎസ്ഇബി.
സംസ്ഥാനത്ത് എസി ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഈ സീസണിൽ ക്രമാതീതമായി ഉയർന്നു എന്നതും വസ്‌തുതയാണ്. വേനൽചൂട് മുൻകാലത്തേക്കാൾ കത്തിക്കയറിയതോടെ ഗ്രാമ-നഗര ഭേദമില്ലാതെ എസിയുടെ ഉപയോഗം വ്യാപകമായി തീർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയും ചെയ്യുകയാണ്.
അതേസമയം, പവർകട്ട്-ലോഡ് ഷെഡിംഗ് പോലെയുള്ള നിയന്ത്രണങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മന്ത്രി കെ കൃഷ്‌ണൻകുട്ടി പ്രശ്നം ഗുരുതരം ആണെന്ന് സൂചനയാണ് നൽകിയത്. വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ സ്ഥിഗതികൾ വഷളാവും എന്ന മുന്നറിയിപ്പാണ് മന്ത്രിയും നൽകുന്നത്.
അതിനിടെ ഇന്നലെ രാത്രി ആലുവയിൽ കെഎസ്ഇബി ഓഫീസ് നാട്ടകാർ ഉപരോധിച്ചിരുന്നു. തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ചായിരുന്നു നാട്ടുകാരുടെ ഉപരോധന. ആലുവ എടയാറിലായിരുന്നു സംഭവം നടന്നത്. രാത്രി 12 മണിക്ക് നടന്ന ഉപരോധത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.












Click it and Unblock the Notifications