കഴുത്തിൽ ബ്ലേഡ് വച്ച് ആത്മഹത്യാ ഭീഷണി; എലത്തൂരിൽ ലഹരിക്ക് അടിമയായ മകനെ പോലീസ് ഏൽപ്പിച്ച് അമ്മ
കോഴിക്കോട്: എലത്തൂരിൽ ലഹരിക്ക് അടിമയായ മകന്റെ അക്രമം സഹിക്കവയ്യാതെ പോലീസിൽ ഏൽപ്പിച്ച് അമ്മ. ലഹരിക്ക് അടിമയായ മകൻ, വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് പോലീസ് എത്തിയത്. നിരന്തരം ഭീഷണി തുടർന്നതോടെ മകനെതിരെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ എലത്തൂർ സ്വദേശിയായ രാഹുലാണ് പിരിയിലായത്.
അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു. വീട്ടിലുള്ള തന്റെ സഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്നും രാഹുൽ ഭീഷണിപ്പെടുത്തി. ചോദിച്ച പണം കൊടുക്കാത്തതിനെ തുടർന്നായിരുന്നു കൊലവിളി. തുടർന്ന് അമ്മ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് എത്തിയപ്പോഴും രാഹുൽ ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്‌തു.

പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ 9 മാസത്തോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങിയതാണ് അടുത്തിടെ. എന്നാൽ സ്‌റ്റേഷനിൽ ഹാജരാകാതെ ഒളിവിൽ നടക്കുകയായിരുന്നു രാഹുൽ. ഇതിനിടെയാണ് ഇയാൾ വീട്ടിലെത്തി ബഹളമുണ്ടാക്കിയതും അമ്മയായ മിനി തന്നെ പോലീസിനെ വിളിച്ചതും.
വീട്ടിന്റെ അകത്തുപോലും മകൻ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അമ്മയായ മിനി പറയുന്നു. പലതവണ അക്രമാസക്തനായിട്ടുണ്ടെന്നും അമ്മ വ്യക്തമാക്കി. വിമുക്തി കേന്ദ്രത്തിലും മകനെ പ്രവേശിപ്പിച്ചിരുന്നു. ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഗതി വരുത്തരുതെന്നാണ് അമ്മ മിനി രാഹുലിന്റെ അറസ്‌റ്റിന് ശേഷം പ്രതികരിച്ചത്.
സ്‌കൂൾ കാലത്തെ കൂട്ടുകെട്ടാണ് മകനെ ലഹരിക്കടിമയാക്കിയതെന്നും മിനി പറഞ്ഞു. പണത്തിനായി വീട്ടുകാരെ ഉൾപ്പെടെ ഉപദ്രവിക്കാൻ തുടങ്ങി. സമ്പാദ്യം മുഴുവനും നശിപ്പിച്ചു. പണം നൽകണമെന്നാവശ്യപ്പെട്ടു വീട്ടിൽ നിരന്തരം ബഹളമുണ്ടാക്കുമായിരുന്നു. വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. നിവൃത്തിയില്ലാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയതെന്നും മിനി ചൂണ്ടിക്കാട്ടി.
വിവാഹിതനാണ് രാഹുൽ. നിലവിൽ വിവാഹ മോചനത്തിനായി അപേക്ഷ നൽകിയിരിക്കുകയാണ് രാഹുലിന്റെ ഭാര്യ. സംസ്ഥാനത്തെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളും സംഭവങ്ങളും വൻ തോതിൽ ഉയരുന്നതിനിടെയാണ് പുതിയ സംഭവവികാസം. അടുത്തിടെ കോഴിക്കോട് താമരശ്ശേരിയിൽ വ്യത്യസ്‌ത സംഭവങ്ങളിലായി യുവാക്കൾ മാതാവിനെയും ഭാര്യയേയും വെട്ടിക്കൊന്നിരുന്നു. ലഹരിയുടെ സ്വാധീനത്തിലാണ് ഇതെന്നായിരുന്നു കണ്ടെത്തൽ.












Click it and Unblock the Notifications