എംപോക്‌സ് അപകടകാരിയാണോ? പനി മുതല്‍ പേശിവേദന വരെ; രോഗലക്ഷണങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കനത്ത ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലും അടക്കം എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.
വിദേശത്ത് നിന്ന് വരുന്നവരിലാണ് എംപോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുള്ളത്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ വിമാനത്താവളങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഐസൊലേഷന്‍, സാംപിള്‍ കളക്ഷന്‍, ചികിത്സ എന്നിവ കൃത്യമായി ഉറപ്പ് വരുത്തിയിട്ടുണ്ട്.

എന്താണ് എംപോക്‌സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് എംപോക്‌സ്. പിന്നീട് ജനിതവ്യതിയാനങ്ങള്‍ സംഭവിച്ച് മനുഷ്യരില്‍ നിന്ന് ഇവ മനുഷ്യരിലേക്ക് പടര്‍ന്നുപിടിക്കും. ഇരട്ട വരികളുള്ള ഡിഎന്‍എ വൈറസായ മങ്കിപ്പോക്‌സ് വൈറസാണ് എംപോക്‌സ് രോഗത്തിന് കാരണമാകുന്നത്.
വസൂരിക്ക് കാരണമാകുന്ന വേരിയോള വൈറസ് അടങ്ങുന്ന പോക്‌സ് വൈറിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ വൈറസ്. 1958ലാണ് ആദ്യമായി ഈ രോഗം കുരങ്ങുകളില്‍ സ്ഥിരീകരിച്ചത്. 1970കളില്‍ ഇത് മനുഷ്യരിലും സ്ഥിരീകരിച്ചു.
പടരുന്ന രോഗമാണോ?
തീര്‍ച്ചയായും എം പോക്‌സ് പടരുന്ന രോഗമാണ്. പക്ഷേ എച്ച്1 എന്‍1 പോലെ വായുവിലൂടെ ഇവ പകരില്ല. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക എന്നിവയിലൂടെ രോഗം പടരാം. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കിപ്പോക്‌സ് പകരാം.
വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാര്‍ രോബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. വസൂരിക്കെതിരെയുള്ള പ്രതിരോധ ശേഷി കുറച്ചാല്‍ എംപോക്‌സ് പ്രതിരോധ ശേഷിയും കുറയും.
രോഗലക്ഷണങ്ങള്‍ എന്തെല്ലാം?
പനി, തീവ്രമായ തലവേദന, നടുവേദന, പേശിവേദന, എന്നിവയെല്ലാം ലക്ഷണങ്ങളാണ്. എംപോക്‌സിന്റെ ഇന്‍കുബേന്‍ കാലയളവ് ആറ് മുതല്‍ 13 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ നാലാഴ്ച്ച വരെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാറുണ്ട്. മരണനിരക്ക് പൊതുവേ കുറവാണ്.
പനി വന്ന് പതിമൂന്ന് ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. കൈപ്പത്തി, കോര്‍ണിയ പോലുള്ള ശരീരഭാഗങ്ങളിലും ഇവ കാണപ്പെടും.
പ്രതിരോധ മാര്‍ഗങ്ങള്‍
അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാവുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും മുന്‍കരുതലുകള്‍ സ്വീകരികണം.
വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കണം, മൃഗങ്ങളുടെ മാംസം കഴിക്കുന്നത് നന്നായി വേവിച്ചിട്ടായിരിക്കണം.












Click it and Unblock the Notifications