എംടിക്ക് രാജ്യത്തിന്റെ ആദരം, പത്മവിഭൂഷൺ പുരസ്‌കാരം നൽകി; ശ്രീജേഷിനും ശോഭനയ്ക്കും പത്മഭൂഷൺ
ന്യൂഡൽഹി: മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ എംടി വാസുദേവൻ നായർക്ക് രാജ്യത്തിന്റെ ആദരം. പത്മഭൂഷൺ നൽകി എംടിയെ രാജ്യം ആദരിക്കും. മരണപ്പെട്ട് ഒരുമാസം തികയുന്നതിന് മുൻപാണ് എംടിക്ക് പത്മഭൂഷൺ പുരസ്‌കാരം ലഭിക്കുന്ന വാർത്ത പുറത്തുവന്നത്. എംടിക്ക് മരണാനന്തര ബഹുമതിയായാണ് പത്മഭൂഷൺ പുരസ്‌കാരം നൽകുക.
എംടി വാസുദേവൻ നായർക്ക് പുറമേ മറ്റ് മലയാളികളും പുരസ്‌കാര പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നടി ശോഭനയ്ക്കും ഹോക്കി ഇതിഹാസം പിആർ ശ്രീജേഷിനും പത്മഭൂഷൺ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. ഐഎം വിജയൻ, ഡോ. കെ ഓമന തുടങ്ങിയ മലയാളികൾക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്ഭൂഷൺ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

ഇത്തവണ പത്മ പുരസ്‌കാരങ്ങളിൽ മലയാളികൾ ശ്രദ്ധേയമായ നേട്ടം തന്നെയാണ് കൈവരിച്ചത്. ആകെ ഏഴ് പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. 19 പേര്‍ പത്മഭൂഷണും 113 പേര്‍ പത്മശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി. റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് വൈകീട്ടോടെയാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. ആദ്യം പത്മശ്രീ നേടിയവരുടെ പട്ടികയാണ് പുറത്തിറക്കിയത്.
എംടി വാസുദേവൻ നായർക്ക് പുറമേ മറ്റ് രണ്ട് പേർക്ക് കൂടി മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരിച്ച പ്രമുഖ ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാര്‍ മോദിക്കും മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ജ്ഞാനപീഠ പുരസ്‌കാരം ഉൾപ്പെടെ നേടിയിട്ടുള്ള മഹാനായ എഴുത്തുകാരനായ എംടി വാസുദേവൻ നായർക്ക് അടുത്തിടെയാണ് കേരളം യാത്രാമൊഴി നൽകിയത്. സാഹിത്യത്തിലെ മഹാരഥൻ എന്നതിലുപരി സിനിമയിൽ തിരക്കഥ കൊണ്ടും സംവിധാനം കൊണ്ടും വിസ്‌മയിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. ദേശീയ ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടി എത്തിയിരുന്നു.
ഒളിമ്പിക്‌സിൽ ഉൾപ്പെടെ ഇന്ത്യയുടെ ഗോൾവല കാത്ത പിആർ ശ്രീജേഷിന് ഇത് അർഹിച്ച അംഗീകാരം തന്നെയായിരുന്നു. മലയാളികൾ അധികം കടന്നുചെല്ലാത്ത കായിക മേഖലയായ ഹോക്കിയിൽ ഇതിഹാസ തുല്യനായി മാറിയ ശ്രീജേഷ് തലമുറകൾക്ക് പ്രചോദനമാണ്. നടി ശോഭനയ്ക്കും ഇത് അർഹിച്ച അംഗീകാരമാണ്. നാല് പതിറ്റാണ്ട് നീണ്ട കരിയറിൽ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ശോഭനയ്ക്ക് പത്മഭൂഷൺ ഒരു പൊൻതൂവലാവും.












Click it and Unblock the Notifications