'അയോധ്യയിൽ ആര് പോയാലും സമുദായത്തിന്റെ വികാരം വൃണപ്പെടില്ല..'; ജിഫ്രിക്കോയ തങ്ങൾ
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സമസ്‌ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആര് പോയാലും സമുദായത്തിന്റെ വികാരം വൃണപ്പെടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്‌തയുടെ നിലപാട് അല്ലെന്നും രാഷ്ട്രീയ കക്ഷികളുടെ നയങ്ങളിൽ അഭിപ്രായമില്ലെന്നും ജിഫ്രി തങ്ങള്‍ കോഴിക്കോട് നടന്ന സമസ്‌ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് സമസ്‌തയെ ക്ഷണിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളാം. അത് അവരുടെ നയമാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സുപ്രഭാതം പത്രത്തിൽ വന്ന ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചു.
'സമസ്‌തയുടെ നയം സമസ്‌തയാണ് പറയേണ്ടത്, പത്രമല്ല. സുപ്രഭാതം സമസ്‌തയുടെ പത്രം തന്നെയാണ്. എന്നാൽ അതിൽ വരുന്ന അഭിപ്രായങ്ങൾ എല്ലാം സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടേത് ആണെന്ന് പറയാൻ കഴിയില്ല' ജിഫ്രിക്കോയ തങ്ങൾ പറഞ്ഞു.

ആര് എവിടെ പോയാലും സമുദായത്തിന്റെ വികാരം വ്രണപ്പെടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ക്രിസ്‌തുമസ് കേക്ക് വിവാദത്തില്‍ അടുത്ത ക്രിസ്‌തുമസിന് അഭിപ്രായം പറയാം. ആഘോഷത്തിൽ പങ്കെടുക്കുന്നതിന് വിവിധ വശങ്ങൾ ഉണ്ട് . അതൊരിക്കലും ഒറ്റവാക്കിൽ പറയേണ്ടതല്ല. മതവിശ്വാസത്തിനോട് എതിരാവാത്ത ഏത് ആഘോഷത്തിലും വിശ്വാസികൾക്ക് പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
1989ൽ സംഘടന വിരുദ്ധ പ്രവർത്തനം നടത്തി ചിലർ പുറത്ത് പോയിരുന്നു. ഇവർ പുതിയ സംഘടന ഉണ്ടാക്കി സാമാന്തര പ്രവർത്തനം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി 'സമസ്‌ത നൂറാം വാർഷികം' എന്ന പേരിൽ ചിലർ പരിപാടികൾ നടത്തുന്നുണ്ട്. ഇതിൽ സമസ്‌തക്കോ പോഷക സംഘടനകൾക്കോ ബന്ധമില്ല. ജനങ്ങൾ തെറ്റിദ്ധരിക്കരുത്. നൂറാം വാർഷികം ആർക്കും നടത്താം. പക്ഷേ സമസ്‌തയുടേതാണ് ഔദ്യോഗിക പരിപാടിയെന്നും ജിഫ്രിക്കോയ തങ്ങൾ വ്യക്തമാക്കി.
അടുത്തിടെ സമസ്‌ത നേതാവ് ഹമീദ് ഫൈസി അമ്പലക്കാടവ് ക്രിസ്‌തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായിരുന്നു. ക്രിസ്‌മസ് സ്‌റ്റാർ, ക്രിസ്‌മസ് ട്രീ. സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്‌മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലീം സമുദായത്തിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.












Click it and Unblock the Notifications