കോൺഗ്രസ് കലുഷിതം; ആഞ്ഞടിച്ച് മുല്ലപ്പള്ളി; ഏകാധിപത്യ ശൈലിയെന്ന് വിമർശനം
തിരുവനന്തപുരം: സുധീരൻ്റെ പൊട്ടിത്തെറിയിൽ കോൺഗ്രസിൽ കലാപം രൂക്ഷം. കെപിസിസി നേതൃത്വത്തോട് ഇടഞ്ഞ് മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച് രംഗത്തെത്തി. കെപിസിസി നേതൃത്വം ഏകാധിപത്യ ശൈലിയിൽ പെരുമാറുന്നുവെന്നാണ് മുല്ലപ്പള്ളിയുടെ പരാതി. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ കണ്ട് പരാതി ഉന്നയിച്ച മുല്ലപ്പള്ളി ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു. എല്ലാവരെയും ഒറ്റക്കെട്ടായി കൊണ്ടുപോകാൻ പുതിയ നേതൃത്വത്തിന് കഴിയുന്നില്ലെന്നാണ് മുല്ലപ്പള്ളിയുടെ പരാതി.

സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ പാർട്ടിയുടെ എഐസിസി അംഗത്വവും ഒഴിഞ്ഞത് കോൺഗ്രസിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് അനുരഞ്ജനത്തിന് തീവ്രശ്രമം നടക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിരുന്നു.

എന്നാൽ, താരിഖ് അൻവർ മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തിയില്ല. ഇതോടെ മുല്ലപ്പള്ളി അതൃപ്തി അറിയിച്ചു. അവഗണിക്കാം പക്ഷെ അപമാനിക്കരുത് എന്ന മുന്നറിയിപ്പ് നൽകിയതോടെ പിന്നീട്, താരിഖ് അൻവർ കൂടിക്കാഴ്ചക്ക് തയ്യാറായി എത്തുകയായിരുന്നു. കഴിഞ്ഞദിവസത്തെ കൂടിക്കാഴ്ച മാറ്റിവയ്ക്കാൻ താരിഖിനോട് ആവശ്യപ്പെട്ടത് കെപിസിസി നേതൃത്വത്തമാണെന്നാണ് ലഭിക്കുന്ന സൂചന.

നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ്റെ വാക്കുകളും ഇന്ന് ശ്രദ്ധേയമായി. പാർട്ടിയിൽ കൂടിയാലോചനകളില്ല. ഏകാധിപത്യ ശൈലിയിലാണ് പ്രവർത്തിക്കുന്നത്. നേതൃത്വം മാന്യത കാട്ടുന്നില്ലെന്നും ചർച്ചകളുണ്ടെങ്കിൽ അതൊക്കെ പ്രഹസനം മാത്രമാണെന്നുമാണ് മുല്ലപ്പള്ളി ആഞ്ഞടിച്ചത്. സുധാകരൻ കഴിഞ്ഞദിവസം മുല്ലപ്പള്ളിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനാണ് താരിഖ് അൻവറിനെ കണ്ടശേഷം മുല്ലപ്പള്ളി മറുപടിയുമായി എത്തിയത്.

അതേസമയം, സുധീരനെ അനുനയിപ്പിച്ച് പാർട്ടിയിൽ തിരികെ കൊണ്ടുവരാൻ നേതൃത്വം അനുരഞ്ജന ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി കേരളത്തിൻ്റെ ചുമതലയുള്ള കോൺഗ്രസിൻ്റെ പ്രതിനിധി താരിഖ് അൻവർ സുധീരനെ നേരിട്ട് കാണാൻ തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് നാലുമണിക്ക് സുധീരൻ്റെ തിരുവനന്തപുരത്തെ ഗൗരിശപട്ടള്ള വീട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

രാഷ്ട്രീയകാര്യസമിതിയിൽ നിന്നും എഐസിസി അംഗത്വത്തിൽ നിന്നും രാജിവച്ച നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന സുധീരന് പുറമേ മുല്ലപ്പള്ളി കൂടി നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുമ്പോൾ കോൺഗ്രസിൽ വീണ്ടും പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്. കെപിസിസി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച മുതിർന്ന പാർട്ടി പ്രവർത്തകർ തന്നെ പാർട്ടി വിടുന്നതും കോൺ ഗ്രസിന് വലിയ തിരിച്ചടിയാവുകയാണ്. മാത്രമല്ല, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻമാരുടെ നിയമനത്തിന് പിന്നാലെ കെപിസിസി പുനസംഘടനയും കൂടിയാകുമ്പോൾ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടായേക്കുമെന്നുറപ്പാണ്.
ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി... അനുശ്രീയെ ചേർത്തുനിർത്തി മോഹൻലാൽ, പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications