യുവതിയുടെ പീഡന പരാതി; ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി നൽകിയ ജാമ്യ ഹർജിയിൽ വിധി പറയാനായി മുംബൈ കോടതി മാറ്റിവെച്ചു. മുംബൈയിലെ ദിൻഡോഷി കോടതിയിലാണ് ബിനോയ് കോടിയേരി ജാമ്യഹർജി സമർപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി ബിനോയ് പീഡിപ്പിച്ചുവെന്ന ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്.
ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും വ്യാജ തെളിവുകൾ ഉണ്ടാക്കി യുവതി കെട്ടിച്ചമച്ച കേസാണിതെന്നും ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. യുവതി നൽകിയ പരാതിയും പോലീസിന്റെ എഫ്ഐആറും പ്രകാരം ഇരുവരും ദമ്പതികളെപ്പോലെയാണ് ജീവിച്ചതെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇതിൽ എങ്ങനെയാണ് ബലാത്സംഗക്കുറ്റം നിലനിൽക്കുന്നതെന്നും അഭിഭാഷകൻ ചോദിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നതിനുള്ള തെളിവ് യുവതിയുടെ പരാതി തന്നെയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

മുംബൈ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അശോക് ഗുപ്തയാണ് ബിനോയിക്ക് വേണ്ടി ഹാജരായത്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തുവെന്ന് യുവതി പറയുന്ന സമയത്ത് ബിനോയ് ദുബായിലാണ് ഉണ്ടായിരുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് ബിനോയ് തനിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി ആരോപിക്കുന്നത്. എട്ട് വയസുകാരനായ മകന്റെ പിതാവ് ബിനോയ് ആണെന്നും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിന്മേൽ കേസെടുത്ത മുംബൈ പോലീസ് കൂടുതൽ അന്വേഷണത്തിനായി കണ്ണൂരിൽ എത്തി.












Click it and Unblock the Notifications