മുനമ്പം-അഴിക്കോട് പാലത്തിന്റെ ജോലികൾ അതിവേഗം പുരോഗമിക്കുന്നു; രണ്ട് ജില്ലക്കാരും ഒരുപോലെ പ്രതീക്ഷയിൽ..!
കൊച്ചി: രണ്ട് ജില്ലകളുടെയും തീരദേശ മേഖലയുടെയും പ്രതീക്ഷയായ മുനമ്പം-അഴിക്കോട് പാലത്തിന്റെ നിർമ്മാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുന്നു. നിലവിൽ പാലത്തിന്റെ അൻപത് ശതമാനത്തോളം ജോലികൾ പൂർത്തിയായി കഴിഞ്ഞു. എത്രയും പെട്ടെന്ന് തന്നെ പാലം പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതിന് വേണ്ടി പ്രവൃത്തികൾ പുരോഗമിക്കുകയാണ്. നിലവിൽ മുനമ്പം ഭാഗത്തേക്കുള്ള നിർമ്മാണം ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
അതിനിടെ പാലം പണി പൂർത്തിയായാൽ ഗതാഗത കുരുക്ക് കൂടുമോ എന്നാണ് ചിലർ ഉന്നയിക്കുന്ന ചോദ്യം. വൈപ്പിൻ-മുനമ്പം സംസ്ഥാനപാതയുടെ വീതിക്കുറവ് പ്രതിസന്ധിയായി നിലനിൽക്കുന്നു എന്നതിനാലാണ് ഇത്. നിലവിൽ ഈ സംസ്ഥാനപാതയിൽ വലിയ വാഹനത്തിരക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്. ഇനി പാലം കൂടി തുറന്ന് കൊടുത്താൽ കണ്ടെയ്‌നർ അടക്കമുള്ള വലിയ വാഹനങ്ങൾ സംസ്ഥാന പാതയിലൂടെയാകും കടന്നു പോവുക.

അതാണ് ഗതാഗത കുരുക്ക് മുറുകുമോ എന്ന ആശങ്ക ഉയർത്താൻ കാരണം. വൈപ്പിൻ-മുനമ്പം സംസ്ഥാന പാതയുടെ ഇരുവശത്തും നടപ്പാതകൾ നിർമ്മിച്ചത് കാൽനടയാത്രക്കാർക്ക് ഗുണമാണെങ്കിലും റോഡിന്റെ വീതിക്കുറവ് ഭാവിയിൽ വലിയ വെല്ലുവിളി ആയേക്കുമെന്നാണ് വിലയിരുത്തൽ. പാലം പണി കഴിഞ്ഞാൽ ഇപ്പോൾ ഉള്ളതിനേക്കാൾ നാലിരട്ടി വരെ ഗതാഗത തിരക്ക് ഈ പാതയിൽ അനുഭവപ്പെടാൻ ഇടയുണ്ടെന്നാണ് കരുതുന്നത്.
അങ്ങനെയെങ്കിൽ ചെറായി ദേവസ്വം നട, ചെറുവൈപ്പ്, കുഴുപ്പിള്ളി, പഴങ്ങാട്, ഞാറയ്ക്കൽ, വളപ്പ്, പുതുവൈപ്പ്, ഗോശ്രീപാലങ്ങൾ എന്നിവിടങ്ങളിൽ കനത്ത ഗതാഗത കുരുക്ക് തന്നെയാവും യാത്രക്കാരെ കാത്തിരിക്കുന്നത്. അതിനെ മറികടക്കാനുള്ള വഴികൾ മുൻകൂട്ടി കണ്ടില്ലെങ്കിൽ പാലത്തിന്റെ പ്രയോജനം ഇല്ലാതാവുമെന്നാണ് നാട്ടുകാർ തന്നെ ചൂണ്ടിക്കാണിക്കുന്നത്.
അതിനായി സംസ്ഥാന പാതയ്ക്ക് പുറമേ മറ്റൊരു റോഡ് നിർമ്മിക്കുക എന്നതാണ് പലരും മുന്നോട്ട് വയ്ക്കുന്ന പ്രധാന നിർദ്ദേശം. കിഴക്കൻ കായലോര പാത എന്ന ബദൽ മാർഗമാണ് കൂടുതൽ ഫലപ്രദമെന്നാണ് വിലയിരുത്തൽ. കായലിലെ മത്സ്യബന്ധനത്തിന് തടസമാകുകയും നീരൊഴുക്ക് തടയുകയും ചെയ്യുന്ന മണൽത്തിട്ടകളിലെ മണ്ണുപയോഗിച്ചുകൊണ്ട് കായലോര പാത നിർമ്മിക്കണം എന്നാണ് ആവശ്യം.
നിലവിലെ സാഹചര്യത്തിൽ തന്നെ പാലം വരുന്നത് വലിയ രീതിയിൽ ടൂറിസം സാധ്യതകൾ തുറന്നിടുമ്പോൾ അതിന് വേഗം കൂട്ടാൻ ഇത്തരം ദീർഘവീക്ഷണത്തോടെയുള്ള നീക്കങ്ങൾ സഹായിച്ചേക്കും. മുനമ്പം, ചെറായി, കുഴുപ്പിള്ളി, പുതുവൈപ്പ് ബീച്ച് ടൂറിസം എന്നിങ്ങനെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. എന്നാൽ താമരവട്ടം, നെടുങ്ങാട്, വെളിയത്താംപറമ്പ്, വളപ്പ് തുടങ്ങിയ പ്രകൃതിസുന്ദരങ്ങളായ ഇടങ്ങളിലേക്ക് കൂടി ശ്രദ്ധയെത്താൻ പാലം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
മുനമ്പം-അഴിക്കോട് പാലം
അപ്രോച്ച് റോഡ് ഉൾപ്പെടെ 1123 മീറ്റർ നീളവും 15.7 മീറ്റർ വീതിയുമുള്ള പാലത്തിന് 1.5 മീറ്റർ വീതിയുള്ള നടപ്പാതയും 1.80 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കുമാണ് ഒരുക്കുന്നത്. 2017 ഫെബ്രുവരിയിലായിരുന്നു എറണാകുളത്തെ വൈപ്പിൻ, തൃശൂരിലെ കയ്പ്പമംഗലം എന്നീ നിയമസഭാ മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് കിഫ്ബി മുഖേന 160 കോടി രൂപ അനുവദിച്ചത്.
മത്സ്യബന്ധനം പ്രധാന വരുമാന മാർഗമായ ഇവിടെ മേഖലയിലെ മത്സ്യബന്ധന തൊഴിലാളികൾക്ക് തടസം ഉണ്ടാക്കാത്ത നിലയിലാണ് പാലത്തിന്റെ നിർമ്മാണം. പുഴയുടെ നടുവിലെ ഭാഗത്ത് വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് കടന്നുപോകുന്നതിന് വേണ്ട ഉയരം ഉറപ്പാക്കി കൊണ്ടാണ് പാലം ഒരുങ്ങുന്നത്. അഴിക്കോട് ഭാഗത്ത് 12 തൂണുകളും മുനമ്പം ഭാഗത്ത് 11 തൂണുകളുമാണ് പാലത്തിന് ഉണ്ടാവുക.
എറണാകുളം-തൃശൂർ യാത്ര എളുപ്പമാവും
തൃശൂർ ജില്ലയുടെ തീരദേശത്തുള്ളവർക്ക് മുനമ്പം ഹാർബറിലേക്ക് വേഗത്തിൽ എത്താനാവും എന്നതാണ് പാലത്തിന്റെ ഏറ്റവും പ്രധാന ഗുണം. തീരദേശ ജില്ലകളിൽനിന്ന് കൊച്ചി നഗരത്തിലേക്ക് എത്തിച്ചേരാനുള്ള പ്രധാന മാർഗമായും പാലം മാറുമെന്നതാണ് മറ്റൊരു സവിശേഷത. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് രണ്ട് ജില്ലകളിലെയും ആളുകൾ പദ്ധതിയെ നോക്കി കാണുന്നത്. ഈ വർഷം അവസാനത്തോടെ പണി പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കാനാണ് നീക്കം.












Click it and Unblock the Notifications